അമേരിക്കൻ ഐക്യനാടുകളിലെ താങ്ക്സ്ഗിവിങ് ദിനത്തിന്റെ പിറ്റേ വെള്ളിയാഴ്ച്ചയ്ക്കു പറയുന്ന പേരാണ് ബ്ലായ്ക്ക് ഫ്രൈഡേ അഥവാ കറുത്ത വെള്ളിയാഴ്ച. പരമ്പരാഗതമായി ക്രിസ്തുമസ് ഷോപ്പിങ് സീസണിന്റെ തുടക്കം കുറിയ്ക്കുന്ന ദിവസമാണ് ഇത്. ഈ ദിവസം മിക്ക കടകളും അർദ്ധരാത്രി 12മണിയ്ക്കോ അതിനു മുമ്പോ തുറക്കുകയും ഏറെ വിലകുറച്ച് പല സാധനങ്ങളും വിൽക്കുകയും ചെയ്യും. കോമൺവെൽത്ത് രാജ്യങ്ങളിൽ പൊതുവേ ബോക്സിങ് ഡേയ്ക്കു സമാനമാണ് ഇത്. ബ്ലായ്ക്ക് ഫ്രൈഡേ ഒരു ഔദ്യോഗിക അവധി ദിവസമല്ല, എന്നാൽ മിക്ക സ്ഥാപനങ്ങളും ഈ ദിവസം താങ്ക്സ്‌ഗിവിങിനൊപ്പം അവധി നൽകാറാണ് പതിവ്. ഇതുമൂലം വെള്ളിയാഴ്ച സാധനം വാങ്ങാനെത്തുന്നവർ ഏറെയാണ്. 2005നു ശേഷം വർഷത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് ദിവസമാണ് ഇത്. [1] എന്നാൽ പത്രവാർത്തകൾ പൊതുവേ [2] ഈ ദിവസത്തെ ഏറെവർഷങ്ങളായി വർഷത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് ദിവസമായാണ് വിശേഷിപ്പിക്കാറുണ്ടായിരുന്നത്.[3]
പ്ലേനോയിലെ ടാർഗറ്റ് സ്റ്റോറിനുമുമ്പിൽ ബ്ലായ്ക്ക് ഫ്രൈഡേ കച്ചവടത്തിനു കടതുറക്കുമ്പോൾ ആദ്യം കയറാൻ തണുപ്പത്ത് നീണ്ട ക്യൂയിൽ കാത്തുനിൽക്കുന്ന ആളുകൾ
ബ്ലായ്ക്ക് ഫ്രൈഡേ എന്ന പദത്തിന്റെ ഉദ്ഭവം ഫിലഡെല്ഫിയയിലാണ്. താങ്ക്സ്‌ഗിവിങിന്റെ പിറ്റേദിവസം വാഹന ഗതാഗതവും മനുഷ്യരുടെ വഴിനടപ്പും താറുമാറാവുന്ന ദിവസമായതിനാലാണ് ഇങ്ങനെ പേരുവന്നത്. [4][5] 1961നു മുമ്പ് ഉപയോഗത്തിൽവന്ന ഈ പദം ഫിലഡെല്ഫിയയ്ക്കു പുറത്തു പ്രചാരത്തിലായത് ഏതാണ്ട് 1975നു ശേഷമാണ്. പിന്നീട് ഈ പദത്തിന് മറ്റൊരു നിർവചനം നൽകിത്തുടങ്ങി. ഈ ദിവസമാണ് പല കച്ചവടക്കാരുടെയും വാർഷിക വരവുചെലവ് കണക്ക് നഷ്ടത്തിൽനിന്ന് (ചുവപ്പ്) ലാഭത്തിലേയ്ക്ക് (കറുപ്പ്) കടക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു ഇത്. [4][6]
സാധാരണ ദിവസങ്ങളിൽ ഒൻപതു മണിയ്ക്കും പത്തുമണിയ്ക്കുമൊക്കെ തുറക്കുന്ന കടകൾ വർഷങ്ങളായി കറുത്ത വെള്ളിയാഴ്ച പൊതുവേ വെളുപ്പിനെ ആറുമണിയ്ക്കായിരുന്നു തുറന്നിരുന്നത്. 2000ത്തോടെ ഇത് വെളുപ്പിനെ നാല് അഞ്ച് മണിയൊക്കെ വരെ നേരത്തെയായി. 2011ൽ ആദ്യമായി പല കടകളും അർദ്ധരാത്രിയ്ക്കുതന്നെ തുറന്നു. 2012ൽ വാൾമാർട്ട് ആദ്യമായി കട തലേദിവസം രാത്രി എട്ടുമണിയ്ക്കു തന്നെ തുറക്കാൻ തീരുമാനമെടുത്തു. [7] ഇതു ജോലിക്കാരുടെ വ്യപകമായ പ്രതിഷേധത്തിനും ജോലിദിന ബഹിഷ്കരണത്തിനുള്ള ആഹ്വാനത്തിനും വഴിതെളിച്ചു. [8]
↑E.g., Albert R. Karr, "Downtown Firms Aid Transit Systems To Promote Sales and Build Good Will," Wall St. J., p. 6 (November 26, 1982); Associated Press, "Holiday Shoppers Jam U.S. Stores," The New York Times, p. 30 (November 28, 1981).