വീഡിയോ ഗെയിമുകൾ ഓപ്പൺജിഎൽ വഴി ജിപിയുവിലേക്ക് തത്സമയ റെൻഡറിംഗ് കണക്കുകൂട്ടലുകൾ ഔട്ട്സോഴ്സ് ചെയ്യുന്നു. റെൻഡർ ചെയ്‌ത ഫലങ്ങൾ മെയിൻ മെമ്മറിയിലേക്കല്ല, പകരം വീഡിയോ മെമ്മറിയുടെ ഫ്രെയിംബഫറിലേക്കാണ് അയയ്‌ക്കുന്നത്. ഡിസ്പ്ലേ കൺട്രോളർ ഈ ഡാറ്റ ഡിസ്പ്ലേ ഉപകരണത്തിലേക്ക് അയയ്ക്കും.
ദ്വിമാന ത്രിമാന കമ്പ്യൂട്ടർ ഗ്രാഫിക്സുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്നതിനുള്ള പ്രോഗ്രാമിങ്ങ് ഭാഷാ-ഇതര, പ്ലാറ്റ്ഫോം-ഇതര എ.പി.ഐ (ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ്) തയ്യാറാക്കുന്നതിനുള്ള മാനദണ്ഡമാണ് ഓപ്പൺജിഎൽ (OpenGL, OpenGraphics Library).[3] ഇതിൽ 250 ൽ കൂടുതൽ ഫങ്ങ്ഷൻ കാളുകൾ ഉണ്ട്, അവയുടെ സഹായത്താൽ ലളിതമായ പ്രാഥമിക ഘടകങ്ങൾ ഉപയോഗിച്ച് സങ്കീർണ്ണങ്ങളായ ത്രിമാന രംഗങ്ങൾ തയ്യാറാക്കുവാൻ കഴിയും. 1992 ൽ സിലിക്കൺ ഗ്രാഫിക്സ് കമ്പനിയാണ് ഓപ്പൺജിഎൽ വികസിപ്പിച്ചെടുത്തത്, കാഡ് (CAD), വെർച്ച്വൽ റിയാലിറ്റി, ശാസ്ത്രീയമായ ചിത്രീകരണങ്ങൾ, ഫ്ലൈറ്റ് സിമുലേഷൻ തുടങ്ങിയവയിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.[4][5] വീഡിയോ ഗെയുമുകളിലും ഓപ്പൺജിഎൽ ഉപയോഗിക്കുന്നുണ്ട്, മൈക്രോസോഫ്റ്റ് പ്ലാറ്റ്ഫോമുകളിൽ ഇത് ഡിറക്റ്റ്3ഡിയുമായി (Direct3D) മൽസരിക്കുന്നു. ക്രോണോസ് ഗ്രൂപ്പ് എന്ന ലാഭരഹിത സംഘടനയാണ് ഓപ്പൺജിഎല്ലിനെ നിയന്ത്രിക്കുന്നത്.[6]
ഡിസൈൻ
ഗ്രാഫിക്സ് പൈപ്പ്ലൈൻ പ്രക്രിയയുടെ ഒരു ചിത്രം
ഓപ്പൺജിഎൽ സ്പെസിഫിക്കേഷൻ 2ഡി, 3ഡി ഗ്രാഫിക്സ് വരയ്ക്കുന്നതിനുള്ള ഒരു അബ്സ്ട്രാക്ട് എപിഐയെക്കുറിച്ച് വിവരിക്കുന്നു. എപിഐ പൂർണ്ണമായും സോഫ്‌റ്റ്‌വെയറിൽ നടപ്പിലാക്കുന്നത് സാധ്യമാണെങ്കിലും, ഇത് മിക്കവാറും അല്ലെങ്കിൽ പൂർണ്ണമായും ഹാർഡ്‌വെയറിൽ നടപ്പിലാക്കാൻ വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്.