ഐ.സി.പി. നമ്പൂതിരി
വിപ്ലവത്തിന്റെ ഈറ്റില്ലം എന്ന് വി.ടി. ഭട്ടതിരിപ്പാട് വിശേഷിപ്പിച്ച ഇട്ടിയാംപറമ്പ് ഇല്ലത്തിൽ ജനിച്ച ഒരു സാമുദായികപരിഷ്കർത്താവും രാഷ്ട്രീയനേതാവുമായിരുന്നു ഐ.സി.പി.നമ്പൂതിരി എന്ന ഇട്ടിയാംപറമ്പത്ത് ചെറിയ പരമേശ്വരൻ നമ്പൂതിരി. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരേ പൊരുതി, അവർക്കിടയിൽ പരിഷ്കരണത്തിനു നേതൃത്വം നൽകി. യോഗക്ഷേമം എന്ന വാരികയിലൂടെ ഈ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിച്ചു. കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിലംഗമായി. സി.എസ്.പിയുടെ മുഖപത്രമായ പ്രഭാതത്തിന്റെ പത്രാധിപരായിരുന്നു. പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് കമ്മ്യൂണിസ്റ്റായി. മൊറാഴ സംഭവത്തെത്തുടർന്ന് പോലീസിന്റെ പിടിയലകപ്പെടാതിരിക്കാനായി ഒളിവിൽപോയി. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.യിൽ ഉറച്ച് നിന്നു. 2001 മെയ് 27-ന് അന്തരിച്ചു. ആദ്യകാല ജീവിതം3000 പറ നെല്ല് പാട്ടം പിരിയാറുള്ള ഒരു ഇടത്തരം ജന്മി കുടുംബമായിരുന്നു ഇട്ടിയാംപറമ്പ് ഇല്ലം. പിതാവ് വാസുദേവൻ നമ്പൂതിരി കാലാനുസൃതമായ മാറ്റങ്ങളെ സ്വാഗതം ചെയ്യാൻ തക്ക വിശാലമനസ്സുള്ളയാളായിരുന്നു. അതുകൊണ്ട് തന്നെ ഇട്ടിയാംപറമ്പ് ഇല്ലം നമ്പൂതിരി സമുദായത്തിന്റെ പരിഷ്കരണത്തിന് സുപ്രധാനമായ പങ്കു വഹിച്ചു. എന്നിരിക്കിലും അന്ധവിശ്വാസങ്ങളുടേയും,അനാചാരങ്ങളുടേയും നടുവിലാണ് പരമേശ്വരൻ നമ്പൂതിരി ജനിച്ചു വളർന്നത്.[1] പതിനൊന്നാം വയസ്സിൽ സമാവർത്തനം കഴിഞ്ഞു, അതിനുശേഷം താമസം തിരുവനന്തപുരത്തായി. ഇക്കാലയളവിൽ നവോത്ഥാനപ്രസ്ഥാനത്തിന്റെ നേതാക്കളായ ശ്രീനാരായണനെക്കുറിച്ചും, സഹോദരൻ അയ്യപ്പനെക്കുറിച്ചുമൊക്കെ കേട്ടറിഞ്ഞു. മലബാർ കലാപത്തോടെ ദേശീയപ്രസ്ഥാനത്തെക്കുറിച്ചൊക്കെ കൂടുതലറിഞ്ഞു. വേദാധ്യായനം അല്ലാതെ ആധുനിക രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എന്നാൽ അച്ഛന്റെ സുഹൃത്ത് അച്യുതൻനായരിൽ നിന്നും ഇംഗ്ലീഷും, മണിപ്രവാളവുമൊക്കെ പഠിച്ചിരുന്നു, തന്റെ അറിവിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതിൽ അച്യുതൻ നായർക്കുള്ള പങ്കിനെക്കുറിച്ച് പരമേശ്വരൻ നമ്പൂതിരി തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നു. നമ്പൂതിരിമാരുടെ സാമൂഹിക ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന യോഗക്ഷേമസഭയുടെ സഹായത്താൽ എസ്.എസ്.എൽ.സി വരെ പഠിക്കാൻ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും, യാഥാസ്ഥിതികനായ മുത്തച്ഛന്റെ നിർബന്ധത്താൽ ആ ആഗ്രഹം പൂർത്തീകരിക്കപ്പെട്ടില്ല. എന്നാൽ അച്ഛന്റെ സഹായത്താൽ സംസ്കൃതം തുടർന്ന് പഠിക്കാൻ കഴിഞ്ഞു. മലബാർ കലാപത്തിനുശേഷം തിരികെ നാട്ടിൽ വന്നപ്പോൾ യോഗക്ഷേമ സഭയുടെ മുഴുവൻ സമയ പ്രവർത്തകനായി. നമ്പൂതിരിമാർക്ക് വിദ്യാഭ്യാസം എന്ന ലക്ഷ്യം നേടിയെടുക്കാൻ വി.ടി.ഭട്ടതിരിപ്പാടിന്റേയും, പണ്ടം വാസുദേവൻ നമ്പൂതിരിയുടേയും നേതൃത്വത്തിൽ തൃശ്ശൂരിൽ നിന്നും ചന്ദ്രഗിരിപ്പുഴ വരെ ഒരു യാചനായാത്ര സംഘടിപ്പിച്ചു. ഇതിൽ ആദ്യവസാനക്കാരനായി പരമേശ്വരൻ നമ്പൂതിരിയും ഉണ്ടായിരുന്നു. യോഗക്ഷേമം മാസികയായ ഉണ്ണിനമ്പൂതിരിക്കുവേണ്ടി റിപ്പോർട്ടുകൾ തയ്യാറാക്കുക എന്നതായിരുന്നു ചുമതല. ഒരു വൃദ്ധൻ നമ്പൂതിരിക്കു വിവാഹം കഴിച്ചുകൊടുക്കാൻ നിശ്ചയിച്ചിരുന്ന സ്വന്തം സഹോദരിയെ ഈ ദുരന്തത്തിൽ നിന്നും രക്ഷിക്കാൻ വി.ടി.ഭട്ടതിരിപ്പാടിനെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. ഇത് നമ്പൂതിരി സമുദായത്തിന്റെ യാഥാസ്ഥിതികകെട്ടുപാടുകളിൽ നിന്നുമുള്ള മോചനത്തിന്റെ ആഹ്വാനം കൂടിയായിരുന്നു. ഐ.സി.പി.യുടെ ഇളയസഹോദരി ഉമ അന്തർജനത്തെ (നങ്ങേമ) വിവാഹം കഴിച്ചത് എം.ആർ.ഭട്ടതിരിപ്പാടായിരുന്നു. മറ്റൊരു സഹോദരിയായ പ്രിയദത്തയെ വിവാഹം ചെയ്തുകൊടുത്തത് തീയ്യ ജാതിയിൽപ്പെട്ട കല്ലാട്ട് കൃഷ്ണൻ എന്ന രാഷ്ട്രീയ നേതാവിനായിരുന്നു.[2] രാഷ്ട്രീയ ജീവിതംസാമൂഹ്യപരിഷ്കർത്താക്കൾ പലരും രാഷ്ട്രീയത്തിലേക്കു നീങ്ങിത്തുടങ്ങിയപ്പോൾ, ഐ.സി.പിയും അവരെ പിന്തുടർന്ന് കോൺഗ്രസ്സിൽ അംഗമായി. പരമേശ്വരൻ നമ്പൂതിരിയും ഈ പാത തുടർന്ന് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. ഗാന്ധിജിയുടെ കേരള പര്യടനത്തിൽ സജീവമായി പങ്കെടുത്തു. കോൺഗ്രസ്സിൽ ഇടതുപക്ഷചിന്താഗതികൾ സജീവമായപ്പോൾ നമ്പൂതിരിയും അവരുടെ കൂടെ ചേർന്നു. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചിപ്പോൾ അതിലംഗമായി. സി.എസ്.പി.യുടെ മുഖപത്രമായിരുന്ന പ്രഭാതത്തിന്റെ മുഖ്യചുമതലക്കാരൻ പരമേശ്വരൻ നമ്പൂതിരിയായിരുന്നു. എ.കെ.ഗോപാലൻ നടത്തിയ പ്രസിദ്ധമായ പട്ടിണിജാഥയിൽ പി .കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം പങ്കെടുത്തു. 1939 ൽ പിണറായിയിലെ പാറപ്പുറത്തു നടന്ന സി.എസ്.പി.യോഗത്തിൽ ഐ.സി.പി.യും പങ്കെടുത്തു.[3] കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായതിനുശേഷം, പാർട്ടിയുടെ പ്രചാരണത്തിനായി വേണ്ടി പരിശ്രമിച്ചു. രണ്ടാംലോകമഹായുദ്ധത്തിനുശേഷം പാർട്ടിനേതാക്കളെ അറസ്റ്റുചെയ്യുകയുണ്ടായി. മൊറാഴസംഭവത്തെത്തുടർന്ന് ഐ.സി.പി.ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൃഷ്ണപിള്ളയുടെ നിർദ്ദേശാനുസരണം ഒളിവിൽപോയി. 1940 മുതൽ 1942 വരെ ഒളിവിൽ കഴിഞ്ഞു. തനിക്കെതിരേയുള്ള അറസ്റ്റ് വാറണ്ട് പിൻവലിച്ച വിവരം അറിഞ്ഞ് ഒളിവു ജീവിതം അവസാനിപ്പിച്ചു.രണ്ടാം പാർട്ടി കോൺഗ്രസ്സിനെതുടർന്ന് പാർട്ടി നിരോധിച്ചപ്പോൾ, ആശയപ്രചരണത്തിനായി പാർട്ടി തുടങ്ങിയ റിപ്പബ്ലിക്ക് എന്ന പത്രത്തിന്റെ സംഘാടകൻ ഐ.സി.പി.ആയിരുന്നു. ഇതിനെതുടർന്ന് പോലീസിന്റെ പിടിയിൽപ്പെടാതെ ഒളിവിൽ കഴിഞ്ഞുവെങ്കിലും, 1950-ൽ മങ്കരയിൽ വെച്ച് അറസ്റ്റിലായി.[4] 1964-ൽ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.യോടൊപ്പം നിന്ന ഐ.സി.പി. 1967-നുശേഷം ഇരുപാർട്ടികളിലുമായി സഹകരിച്ചു പ്രവർത്തിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് സജീവരാഷ്ട് 2001 മെയ് 27-ന് 92-ആം വയസ്സിൽ അന്തരിച്ചു. അവലംബം
|