Share to: share facebook share twitter share wa share telegram print page

എൻ.കെ. ദാമോദരൻ

എൻ. കെ. ദാമോദരൻ
എൻ. കെ. ദാമോദരൻ
ജനനം1909 ആഗസ്റ്റ് 3
ആറന്മുള
മരണം1996 ജൂലൈ 25
തിരുവനന്തപുരം
ഭാഷമലയാളം
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംബി.എ. (മലയാളം), ബി.എൽ.
Genreവിവർത്തനം, കവിത, ഉപന്യാസം
അവാർഡുകൾകേരള സാഹിത്യ അക്കാദമി പുരസ്കാരം, കല്യാണീകൃഷ്ണമേനോൻ പ്രൈസ്, സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ്

എൻ.കെ. ദാമോദരൻ ഒരു പ്രമുഖ മലയാള സാഹിത്യകാരനായിരുന്നു. പത്തനംതിട്ടയിലെ ആറന്മുള പഞ്ചായത്തിലെ ളാകയിൽ നെടുംപുറത്തു വീട്ടിൽ 1909 ആഗസ്റ്റ് 3-ന് ജനിച്ചു. 1996 ജൂലൈ 25-ന് തിരുവനന്തപുരത്ത് അന്തരിച്ചു[1][2]. നെടുംപുറത്ത് കേശവൻ ദാമോദരൻ എന്നാണ് പൂർണമായ പേര്.

കുടുംബം

പിതാവ് കഥകളി നടനായ മെഴുവേലി പാപ്പാര ശങ്കരൻ; മാതാവ് സംഗീതവിദുഷിയായ കുഞ്ഞിപ്പെണ്ണമ്മ. വളരെ ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട ദാമോദരൻ മാതാമഹന്റെ സംരക്ഷണയിലാണു വളർന്നത്.

വിദ്യാഭ്യാസവും ഔദ്യോഗികജീവിതവും

ഇടയാറന്മുള പ്രൈമറി സ്കൂൾ, കോഴഞ്ചേരി ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചങ്ങനാശ്ശേരി എസ്.ബി. കോളജിൽനിന്ന് ഇന്റർമീഡിയറ്റ് പാസ്സായി. തിരുവനന്തപുരത്തുനിന്ന് ബി.എ. (മലയാളം), ബി.എൽ. ബിരുദങ്ങൾ നേടി. ശൂരനാട് കുഞ്ഞൻപിള്ള, കുട്ടനാട് രാമകൃഷ്ണപിള്ള, വി.എം. കുട്ടിക്കൃഷ്ണമേനോൻ എന്നിവർ സതീർഥ്യരായിരുന്നു. മൂലൂർ എസ്. പദ്മനാഭപ്പണിക്കർ, മഹാകവി കെ.വി. സൈമൺ എന്നിവരുമായുള്ള സഹവാസം സാഹിത്യാഭിരുചി വർധിപ്പിച്ചു.

മെഴുവേലി, പെരുനാട് എന്നിവിടങ്ങളിൽ സ്കൂൾ അധ്യാപകനായും ഇൻഷ്വുറൻസ് കമ്പനിയിൽ പ്രസിഡന്റായും പ്രവർത്തിച്ചു. 1938-ൽ സർക്കാർ സർവീസിൽ പ്രവേശിച്ച ഇദ്ദേഹം ധനകാര്യവകുപ്പിൽ അക്കൗണ്ട്സ് ഓഫീസറായി 1964-ൽ വിരമിച്ചു. അതിനുശേഷം വക്കീലായി എൻറോൾ ചെയ്തെങ്കിലും പ്രാക്റ്റീസ് ചെയ്തില്ല. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൽ റീഡറായും സർവവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും കലാകൗമുദി വാരികയിൽ പത്രാധിപസമിതി അംഗമായും പ്രവർത്തിച്ചു. നല്ലൊരു സംഘാടകൻകൂടി ആയിരുന്നു എൻ.കെ. ദാമോദരൻ. തോന്നയ്ക്കൽ ആശാൻ സ്മാരക സമിതി അധ്യക്ഷൻ, ആശാൻ അക്കാദമിയുടെ സെക്രട്ടറി, എസ്.എൻ. കൾച്ചറൽ സൊസൈറ്റി ഉപദേശകസമിതി അംഗം, 1969-ൽ നടന്ന മൂലൂർ ജന്മശതാബ്ദി ആഘോഷപരിപാടിയുടെ സൂത്രധാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

കൃതികൾ

കവിത, ഉപന്യാസം, വിവർത്തനം, എഡിറ്റിങ് എന്നീ വിവിധ മേഖലകളിലായി നിരവധി സംഭാവനകൾ ഇദ്ദേഹത്തിന്റേതായുണ്ട്. കേരളസാഹിത്യമാണ് ആദ്യ കൃതി. എന്നാൽ വിവർത്തനത്തിലാണ് എൻ.കെ. തന്റെ പ്രാഗല്ഭ്യം തെളിയിച്ചത്. കവിതയിലൂടെയാണ് സാഹിത്യരംഗത്തു പ്രവേശിച്ചതെങ്കിലും കുസുമാർച്ചന (1944) എന്നൊരു പദ്യകൃതി മാത്രമേ പ്രസിദ്ധീകരിച്ചുള്ളൂ. ഇടപ്പള്ളി പ്രസ്ഥാനത്തിന്റെ ചില സവിശേഷതകൾ ഇദ്ദേഹത്തിന്റെ കവിതകളിൽ കാണാൻ കഴിയും. ഗ്രന്ഥങ്ങൾ, സ്മരണികകൾ, സുവനീറുകൾ, പത്രമാസികകൾ എന്നിവ എഡിറ്റ് ചെയ്യുന്നതിൽ എൻ.കെ. ദാമോദരൻ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്നു. സർവവിജ്ഞാനകോശം, വിശ്വസാഹിത്യവിജ്ഞാനകോശം എന്നിവയ്ക്കുവേണ്ടിയും ലേഖനങ്ങൾ എഴുതി.

വിവർത്തനഗ്രന്ഥങ്ങൾ

  • മാക്സിം ഗോർക്കിയുടെ ദ് ലോവർ ഡെപ്ത്സ് എന്ന നാടകം - അടിത്തട്ടുകൾ (1951)
  • ടോൾസ്റ്റോയിയുടെ പവർ ഒഫ് ഡാർക്നെസ് - തമഃശക്തി
  • ദി ഇൻസൾട്ടഡ് ആൻഡ് ദി ഇൻജുവേഡ് എന്ന നോവൽ (ദസ്തയേവ്സ്കി) - നിന്ദിതരും പീഡിതരും (1958)
  • ബ്രദേഴ്സ് കാരമസോവ് എന്ന കൃതി (ദസ്തയേവ്സ്കി) - കാരമസോവ് സഹോദരന്മാർ
  • ആൻ അൺപ്ലസന്റ് പ്രെഡിക്കമെന്റ് (ദസ്തയേവ്സ്കി) - വല്ലാത്ത പൊല്ലാപ്പ്
  • ദ് ഹൗസ് ഒഫ് ദ് ഡെത്ത് (ദസ്തയേവ്സ്കി) - മരിച്ച വീട്
  • എ ഫ്രണ്ട് ഒഫ് ദ് ഫാമിലി (ദസ്തയേവ്സ്കി) - കുടുംബസുഹൃത്ത്
  • ഡീമൊൺസ് (ദസ്തയേവ്സ്കി) - ഭൂതാവിഷ്ടർ
  • വിചാരണയും മരണവും
  • ബുഡൻബ്രുക്സ്
  • സ്വാമി വിവേകാനന്ദൻ
  • വീരേശലിംഗം
  • ഗാന്ധിയൻ അർഥശാസ്ത്രം

ഉപന്യാസ സമാഹാരങ്ങൾ

  • പ്രതിഭാഞ്ജലി
  • ആലോകവൈഖരി

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി പുരസ്കാരം, കല്യാണീകൃഷ്ണമേനോൻ പ്രൈസ്, സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ് എന്നിവ എൻ.കെ. ദാമോദരനു ലഭിച്ചു. ഇദ്ദേഹത്തിന്റെ ഭൂതാവിഷ്ടർ എന്ന കൃതിക്ക് 1992-ൽ വിവർത്തനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [3].

References

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദാമോദരൻ, എൻ.കെ. (1909 - 96) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya