എലൻ ബർസ്റ്റിൻ
എലൻ ബർസ്റ്റിൻ (ജനനം, എഡ്ന റേ ഗില്ലൂലി; ഡിസംബർ 7, 1932) ഒരു അമേരിക്കൻ നടിയാണ്. നാടകങ്ങളിലെ സങ്കീർണ്ണ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ പേരുകേട്ട അവർ ഒരു അക്കാദമി അവാർഡ്, ഒരു ടോണി അവാർഡ്, രണ്ട് പ്രൈംടൈം എമ്മി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. "ട്രിപ്പിൾ ക്രൗൺ ഓഫ് ആക്ടിങ്ങ്" നേടിയ ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് അവർ. മിഷിഗണിലെ ഡെട്രോയിറ്റ് നഗരത്തിൽ ജനിച്ച എലൻ ബർസ്റ്റിൻ കലാലയ ജീവിതമുപേക്ഷിച്ച് നർത്തകി, മോഡൽ എന്നീ നിലകളിൽ ജോലി ചെയ്തു. 24-ആം വയസ്സിൽ, 1957-ൽ ബ്രോഡ്‌വേ നാടകവേദിയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അവർ താമസിയാതെ ടെലിവിഷൻ ഷോകളിലെ സ്ഥിര സാന്നിദ്ധ്യമായി.. വർഷങ്ങൾക്ക് ശേഷം ദി ലാസ്റ്റ് പിക്ചർ ഷോയിൽ (1971) നിരൂപക പ്രശംസ നേടിയ ഒരു വേഷത്തിലൂടെ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം നേടി. ദി എക്സോർസിസ്റ്റ് (1973) എന്ന ചിത്രത്തിലെ അടുത്ത പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം നേടി. ജനപ്രിയമായി തുടർന്ന ഈ ചിത്രത്തെ നിരവധി പ്രസിദ്ധീകരണങ്ങൾ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായി കണക്കാക്കുന്നു. തുടർന്ന് മാർട്ടിൻ സ്‌കോർസെസിയുടെ ആലീസ് ഡസ് നോട്ട് ലിവ് ഹിയർ എനിമോർ (1974) എന്ന ചിത്രത്തിലെ ടൈറ്റിൽ റോളിലൂടെ മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നേടി. 1975-ൽ സെയിം ടൈം നെക്സ്റ്റ് ഇയർ എന്ന നാടകത്തിലെ അഭിനയത്തിന് ടോണി അവാർഡ് നേടി. 1978-ലെ ഈ നാടകത്തിൻറെ ചലച്ചിത്രാവിഷ്കാരത്തിലെ അഭിനയത്തിന് അവർക്ക് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചു. നിരവധി ടെലിവിഷൻ സിനിമകളിൽ പ്രത്യക്ഷപ്പെട്ട അവർ റീസറക്ഷൻ (1980), ഹൗ ടു മേക്ക് ആൻ അമേരിക്കൻ ക്വിൽറ്റ് (1995), റിക്വയം ഫോർ എ ഡ്രീം (2000) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ കൂടുതൽ അംഗീകാരം നേടി. റിക്വയം ഫോർ എ ഡ്രീമിലെ മയക്കുമരുന്നിന് അടിമയായ ഏകാന്തയായ ഒരു സ്ത്രീയുടെ വേഷം അവതരിപ്പിച്ചതിന്റെ പേരിൽ, അവർ വീണ്ടും അക്കാദമി അവാർഡിനും സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2010-കളിൽ, രാഷ്ട്രീയ നാടക പരമ്പരകളായ പൊളിറ്റിക്കൽ അനിമൽസ്, ഹൗസ് ഓഫ് കാർഡ്സ് തുടങ്ങിയ ടെലിവിഷൻ പരമ്പരകളിൽ അവർ പ്രത്യക്ഷപ്പെടുകയും ഇവ രണ്ടും എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ നേടുകയും ചെയ്തു. 2000 മുതൽ, ന്യൂയോർക്ക് നഗരത്തിലെ ഒരു നാടക വിദ്യാലയമായ ആക്ടേഴ്സ് സ്റ്റുഡിയോയുടെ സഹപ്രസിഡന്റായിരുന്നു. 2013 ൽ, നാടകരംഗത്തെ പ്രവർത്തനത്തിൻറെ പേരിൽ അമേരിക്കൻ തിയേറ്റർ ഹാൾ ഓഫ് ഫെയിമിൽ അവരെ ഉൾപ്പെടുത്തി. ആദ്യകാലജീവിതംമിഷിഗണിലെ ഡെട്രോയിറ്റിൽ കോറിൻ മേരിയുടെയും (മുമ്പ്, ഹാമെൽ) ജോൺ ഓസ്റ്റിൻ ഗില്ലൂലിയുടെയും മകളായി ബർസ്റ്റിൻ എഡ്ന റേ ഗില്ലൂലി എന്ന പേരിലാണ് അവർ ജനിച്ചത്.[1] "ഐറിഷ്, ഫ്രഞ്ച്, പെൻസിൽവാനിയ ഡച്ച്, ഒരൽപ്പം കനേഡിയൻ ഇന്ത്യൻ" എന്നാണ് അവർ തന്റെ വംശപരമ്പരയെ വിശേഷിപ്പിച്ചത്.[2][3] ബർസ്റ്റിന് ജാക്ക് എന്ന ഒരു ജ്യേഷ്ഠനും സ്റ്റീവ് എന്ന ഒരു ഇളയ സഹോദരനുമുണ്ട്.[4][5] ചെറുപ്പത്തിൽതന്നെ അവളുടെ മാതാപിതാക്കൾ വിവാഹമോചനം നേടിയതിനാൽ, അവളും സഹോദരന്മാരും മാതാവിനും രണ്ടാനച്ഛനുമൊപ്പമാണ് താമസിച്ചിരുന്നത്.[6] ഒരു പ്രത്യേക പഠനമേഖല തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ അനുവദിക്കുന്ന യൂണിവേഴ്സിറ്റി-പ്രിപ്പറേറ്ററി സ്കൂളായ കാസ് ടെക്നിക്കൽ ഹൈസ്കൂളിൽ ബർസ്റ്റിൻ പഠനത്തിൻ ചേർന്നു. അവിടെ ബർസ്റ്റിൻ ഫാഷൻ ഇല്ലുട്രേഷൻ മേഖലയിൽ പ്രാവീണ്യം നേടി.[7] ഹൈസ്കൂൾ പഠനകാല്ത്ത് ഒരു ചിയർ ലീഡർ, സ്റ്റുഡന്റ് കൗൺസിൽ അംഗം, അവളുടെ നാടക ക്ലബ്ബിന്റെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. സീനിയർ വർഷത്തിൽ ക്ലാസുകളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഹൈസ്കൂൾ പഠനം ഉപേക്ഷിച്ചു.[8][9] താമസിയാതെ, ബർസ്റ്റിൻ കെറി ഫ്‌ലിൻ എന്ന പേര് സ്വീകരിച്ചുകൊണ്ട് ഒരു നർത്തകിയായി പ്രവർത്തിച്ചു, തുടർന്ന് 23 വയസ്സ് വരെ മോഡലായി ജോലി ചെയ്തു.[10] പിന്നീട് ഡാളസിലേക്ക് മാറിയി അവർ, അവിടെ മോഡലിംഗ് ജോലി തുടരുകയും ന്യൂയോർക്ക് നഗരത്തിലേയ്ക്ക് മാറുന്നതിന് മുമ്പ് മറ്റ് ഫാഷൻ ജോലികളിലേർപ്പെടുകയും ചെയ്തു.[11] വ്യക്തിജീവിതം1950-ൽ ബിൽ അലക്സാണ്ടറെ വിവാഹം കഴിച്ച ബർസ്റ്റിൻ 1957-ൽ വിവാഹമോചനം നേടി. അടുത്ത വർഷം, പോൾ റോബർട്ട്സിനെ വിവാഹം കഴിച്ച അവർ, 1961-ൽ ജെഫേഴ്സൺ എന്ന മകനെ ദത്തെടുത്തു. അതേ വർഷം തന്നെ ദമ്പതികൾ വിവാഹമോചനം നേടി.[12] 1964-ൽ വിവാഹം കഴിച്ച നടൻ നീൽ നെഫ്യൂ, പിന്നീട് തന്റെ പേര് നീൽ ബർസ്റ്റിൻ എന്നാക്കി മാറ്റി. "സുന്ദരനും തമാശക്കാരനും മിടുക്കനും കഴിവുള്ളവനും എന്നാൽ വിചിത്ര സ്വഭാവിയുമാണെന്ന്" അവർ വിശേഷിപ്പിച്ചിരുന്ന നീൽ ബർസ്റ്റിൻ സ്കീസോഫ്രീനിയ കാരണം അക്രമാസക്തനായിരുന്നു. ഒടുവിൽ അദ്ദേഹം അവളെ ഉപേക്ഷിച്ചു പോയി.[13] അദ്ദേഹം പിന്നീട് അനുരഞ്ജനത്തിന് ശ്രമിച്ചുവെങ്കിലും 1972-ൽ അവർ വിവാഹമോചനം നേടി. ലെസൻസ് ഇൻ ബികമിംഗ് മൈസെൽഫ് എന്ന തന്റെ ആത്മകഥയിൽ, വിവാഹമോചനത്തിന് ശേഷം ആറ് വർഷത്തോളം അയാൾ തന്നെ പിന്തുടർന്നുവെന്നും ഒരിക്കൽ വിവാഹിതയായിരിക്കുമ്പോൾ തന്നെ ഉപദ്രവിച്ചുവെന്നും ബർസ്റ്റിൻ വെളിപ്പെടുത്തി. 1978-ൽ തന്റെ മാൻഹട്ടൻ അപ്പാർട്ട്മെന്റിന്റെ ഒമ്പതാം നിലയിലെ ജനാലയിൽ നിന്ന് ചാടി അദ്ദേഹം ആത്മഹത്യ ചെയ്തു.[14] കത്തോലിക്കാ മതവിശ്വാസിയായി വളർന്ന ബർസ്റ്റിൻ ഇപ്പോൾ എല്ലാ മതവിശ്വാസങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.[15] സൂഫിസത്തിന്റെ ഒരു രൂപം പിന്തുടരുന്ന അവർ, "ഈ മതങ്ങളിലെല്ലാം വസിക്കുന്ന സത്യത്തിലേക്ക് തുറക്കുന്ന ഒരു ആത്മാവാണ് ഞാൻ" എന്ന് വിശദീകരിക്കുന്നു. ഞാൻ എപ്പോഴും ആത്മാവിനോട് പ്രാർത്ഥിക്കുന്നു, പക്ഷേ ചിലപ്പോൾ അത് ദേവിയോടാണ്. ചിലപ്പോൾ, അത് യേശുവിനോടാണ്... ചിലപ്പോൾ, ഒരു തടസ്സം നീക്കണമെങ്കിൽ ഞാൻ ഗണേശനോട് പ്രാർത്ഥിക്കുന്നു.ഗുവാനിൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദേവതകളിൽ ഒന്നാണ്, കാരുണ്യത്തിന്റെ മൂർത്തീഭാവം... അതിനാൽ, ഗുവാനിൻ എപ്പോഴും എന്റെ കൂടെയുണ്ട്."[16] മുപ്പതുകളുടെ അവസാനത്തിൽ, പീർ വിലായത്ത് ഇനായത്ത് ഖാന്റെ നിർദ്ദേശപ്രകാരം അവൾ ആത്മീയതയെക്കുറിച്ച് പഠിക്കാൻ തുടങ്ങുകയും, അദ്ദേഹം അവൾക്ക് അറബിയിൽ "മാർഗനിർദ്ദേശം ലഭിച്ചവൾ" എന്നർത്ഥം വരുന്ന ഹാദിയ എന്ന ആത്മീയ നാമം നൽകുകയും ചെയ്തു.[17] 1970-കളിൽ, കുറ്റവാളിയായിരുന്ന ബോക്സർ റൂബിൻ "ഹറിക്കെയ്ൻ" കാർട്ടറെ ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ള പ്രസ്ഥാനത്തിൽ ബർസ്റ്റിൻ സജീവമായിരുന്നു.[18] ഡെമോക്രാറ്റിക് പാർട്ടിയുടെ ഒരു പിന്തുണക്കാരിയായ അവർ[19] 2009-ൽ പുറത്തിറങ്ങിയ പോളിവുഡ് എന്ന ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെട്ടു. 1982 മുതൽ 1985 വരെ അവർ ആക്ടേഴ്‌സ് ഇക്വിറ്റി അസോസിയേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.[20] പൊതുസേവനത്തിനുള്ള ജെഫേഴ്സൺ അവാർഡുകളുടെ സെലക്ടർമാരുടെ ബോർഡിലും ബർസ്റ്റിൻ അംഗമാണ്.[21] 1997-ൽ, മിഷിഗൺ വനിതാ ഹാൾ ഓഫ് ഫെയിമിൽ അവരെ ഉൾപ്പെടുത്തി.[22] 2000 മുതൽ, അൽ പാസിനോ, അലക് ബാൾഡ്വിൻ എന്നിവരോടൊപ്പം ആക്ടേഴ്‌സ് സ്റ്റുഡിയോയുടെ സഹ-പ്രസിഡന്റാണ് അവർ.[23] 2013-ൽ, നാടകരംഗത്തെ പ്രവർത്തനത്തിന് അമേരിക്കൻ തിയേറ്റർ ഹാൾ ഓഫ് ഫെയിമിൽ അവരെ ഉൾപ്പെടുത്തി.[24] അംഗീകാരങ്ങൾട്രിപ്പിൾ ക്രൗൺ ഓഫ് ആക്ടിംഗ് അവാർഡ് (ഓസ്കാർ, എമ്മി, ടോണി) നേടിയ ജീവിച്ചിരിക്കുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് ബർസ്റ്റിൻ. 1975-ൽ മാർട്ടിൻ സ്കോർസെസിന്റെ ആലീസ് ഡസ് നോട്ട് ലൈവ് ഹിയർ എനിമോർ എന്ന ചിത്രത്തിലെ അഭിനയത്തിന് അവർക്ക് അക്കാദമി അവാർഡ് ലഭിച്ചു. അതേ വർഷം തന്നെ, സെയിം ടൈം നെക്സ്റ്റ് ഈയർ എന്ന നാടകത്തിലെ വേഷത്തിന് ടോണി അവാർഡ് ലഭിച്ചു. (1978-ൽ പുറത്തിറങ്ങിയ ഇതിന്റെ ചലച്ചിത്ര പതിപ്പിൽ അവർ വീണ്ടും പ്രത്യക്ഷപ്പെട്ടു.) ബർസ്റ്റിൻ ട്രിപ്പിൾ ക്രൗൺ പൂർത്തിയാക്കി 30 വർഷത്തിലേറെയായപ്പോൾ ലോ ആൻഡ് ഓർഡർ: എസ്‌വിയു (2009) എന്ന ടെലിവിഷൻ പരമ്പരയിൽ ചെയ്ത അതിഥി വേഷത്തിലൂടെ പ്രൈംടൈം എമ്മി അവാർഡ് നേടി. അവലംബം
|