എമ്മ ഗിഫോർഡ്
എമ്മ ലവീനിയ ഗിഫോർഡ് (ജീവിതകാലം: 24 നവംബർ 1840 - 1912 നവംബർ 27) ഇംഗ്ലീഷ് നോവലിസ്റ്റും കവിയുമായിരുന്ന തോമസ് ഹാർഡിയുടെ ആദ്യപത്നിയായിരുന്നു.[1] ആദ്യകാലജീവിതം1840 നവംബർ 24 ന്[2] ഡെവോണിലെ പ്ലിമൗത്തിലാണ് എമ്മ ഗിഫോർഡ് ജനിച്ചത്. മാതാപിതാക്കളുടെ അഞ്ച് മക്കളിൽ രണ്ടാമത്തെ ഇളയകുട്ടിയായ അവളുടെ പിതാവ് നിയമജ്ഞനായ ജോൺ അറ്റെർസോൾ ഗിഫോർഡും മാതാവ് എമ്മ ഫർമാൻ ഗിഫോർഡുമായിരുന്നു. മാതാവിന്റെ പേരാണ് അവൾക്കു നൽകപ്പെട്ടത്. എമ്മയുടെ പിതാവ് ജോലിയിൽനിന്ന് നേരത്തെ വിരമിക്കുകയും കുടുബം പുലർത്തുന്നതിന് അദ്ദേഹം തൻറെ മാതാവിന്റെ സ്വകാര്യ വരുമാനത്തെ ആശ്രയിക്കുകയും ചെയ്തതിനാൽ 1860 ൽ മുത്തശ്ശി മരിച്ചപ്പോൾ, കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയും കോൺവാളിലെ ബോഡ്‌മിനിൽ വിലകുറഞ്ഞതും വാടകയ്‌ക്കെടുത്തതുമായ ഒരു ഭവനത്തിലേയ്ക്ക് മാറേണ്ടിവരുകയും ചെയ്തു.[3] എമ്മയ്ക്കും മൂത്ത സഹോദരി ഹെലനും ഗൃഹാദ്ധ്യാപികമാരായി അക്കാലത്ത് ജോലി ചെയ്യേണ്ട സാഹചര്യം സംജാതമായി. ഹെലൻ ഒരു സ്ത്രീയുടെ ശമ്പളമില്ലാത്ത സഹായിയായിത്തീരുകയും ആ വീട്ടിൽനിന്ന് തന്റെ ഭാവി ഭർത്താവ് റെവറന്റ് കാഡെൽ ഹോൾഡറെ കണ്ടുമുട്ടുകയും ചെയ്തു. വീട്ടുജോലിയിലും ഇടവക നടത്തുന്നതിനും സഹായിക്കുന്നതിനായി 1868-ൽ എമ്മയും സഹോദരിയോടൊപ്പം ചേർന്നു.[4] വിവാഹംഎമ്മ ഗിഫോർഡ് 1870 ൽ എഴുത്തുകാരനായ തോമസ് ഹാർഡിയെ അദ്ദേഹം ഒരു വാസ്തുശില്പിയായി ജോലിചെയ്യുമ്പോൾ കണ്ടുമുട്ടി. കോൺവാളിലെ ബോസ്‌കാസിലിനടുത്തുള്ള സെന്റ് ജൂലിയറ്റിന്റെ ഇടവക ദേവാലയമായ സെന്റ് ജൂലിറ്റായുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കാൻ ഹാർഡി അക്കാലത്ത് നിയുക്തനായിരുന്നു. അവരുടെ പ്രണയബന്ധം തോമസ് ഹാർഡിയുടെ മൂന്നാമത്തെ നോവലായ എ പെയർ ഓഫ് ബ്ലൂ ഐസിന് പ്രചോദനമായിത്തീർന്നു.[5] നാലുവർഷത്തിനുശേഷം 1874 സെപ്റ്റംബർ 17 ന് ലണ്ടനിലെ പാഡിംഗ്ടണിലെ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ വച്ച് അവർ വിവാഹിതരായി. വോർസെസ്റ്റർ കത്തീഡ്രലിലെ വികാരിയും പിന്നീട് ലണ്ടനിലെ ആർച്ച്‌ബിഷപ്പുമായിരുന്ന എമ്മയുടെ അമ്മാവൻ എഡ്വിൻ ഹാമിൽട്ടൺ ഗിഫോർഡാണ് വിവാഹച്ചടങ്ങുകൾ നടത്തിയത്. റൌയെനിലും പാരീസിലും ഹാർഡി ദമ്പതികൾ മധുവിധു ആഘോഷിച്ചു.[6] അവലംബം
|