ചൈനയിലെസിചുവാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ് എമെയ് പർവ്വതം അഥവാ എമെയ്ഷാൻ(ചൈനീസ്:峨嵋山 ; ഇംഗ്ലീഷ്:Mount Emei). മതപരമായും, സാംസ്കാരികപരമായും, പാരിസ്ഥിതികമായും വളരെയേറെ പ്രാധാന്യമുള്ള ഒരു പർവ്വതമാണ് ഇത്. പർവ്വതശാസ്ത്രപരമായി സിചുവാൻ സമതലത്തിന്റെ തെക്കെ അറ്റത്താണ് എമെയ്ഷാനിന്റെ സ്ഥാനം. ചൈനയിലെ ബുദ്ധമതക്കാരുടെ നാല് വിശുദ്ധപർവ്വതങ്ങളിൽ വെച്ച് ഏറ്റവും ഉയരമുള്ളത് ഈ ശൃംഗത്തിനാണ്. 3,099 മീറ്ററാണ്(10,167അടി) ഇതിന്റെ ഉയരം. 1996-ൽ ഈ പർവ്വതപ്രദേശത്തെ യുനെസ്കോലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.[1]
16-17 നൂറ്റാണ്ടുകളിൽ ഇവിടത്തെ മഠങ്ങളിൽ ചൈനീസ് ആയോധനകലകളുടെ പ്രകടനങ്ങളും അഭ്യാസങ്ങളും നടന്നിരുന്നതായി പറയപ്പെടുന്നു. [2]
കാലാവസ്ഥ
എമെയ്ഷാൻ നിരകളിൽ ആല്പൈൻ ഉപ-ആർൿടിക് കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ദൈർഘ്യമേറിയ ശൈത്യകാലവും ഹ്രസ്വമായ വേനൽക്കാലവും ഇവിടത്തെ പ്രത്യേഗതയാണ്. ശൈത്യം ദൈർഘ്യമേറിയതാണെങ്കിലും അതികഠിനം ആകാറില്ല. അതുപോലെ കഠിനമായ ഉഷ്ണവും ഇവിടെ ഉണ്ടാകാറില്ല. −5.7 °C (21.7 °F)(ജനുവരിയിൽ) മുതൽ 11.6 °C (52.9 °F) വരെയാണ് ഇവിടെ അനുഭവപ്പെടുന്ന താപനില. 3.07 °C ആണ് ഇവിടത്തെ വാർഷിക ശരാശരി അന്തരീക്ഷ താപനില.
മഴ ഇവിടെ ഏതാണ്ട് വർഷം മുഴുവൻ സാധാരണമാണ്. കൊല്ലത്തിൽ 250ലധികം ദിവസങ്ങളിൽ ഇവിടെ വർഷപാതം ഉണ്ടാകാറുണ്ട്. ജൂൺ-സെപ്റ്റംബർ മാസങ്ങളിലാണ് വർഷപാതത്തിന്റെ 70%ത്തോളം ലഭ്യമാകുന്നത്