ജവർലാൽ നെഹ്റുവിന്റെ സ്പെഷ്യൽ അസിസ്റ്റന്റ് ആയിരുന്നു എം.ഒ. മത്തായി (1909–1981). യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമിയുടെ ഇന്ത്യ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അദ്ദേഹം 1946 ൽ നെഹ്റുവുമൊത്ത് പ്രവർത്തിക്കാനാരംഭിച്ചു. 1959 ൽ അഴിമതി ആരോപണത്തെത്തുടർന്ന് രാജി വെച്ചു.
ചെങ്ങന്നൂരെ അങ്ങാടിക്കൽ ഇ.എ.എൽ.പി.സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി.[1] മദ്രാസ് സർവകലാശാലയിൽ ബിരുദത്തിന് പഠിച്ച അദ്ദേഹം പിന്നീട് മുൻ എം .പി. യായ സി.പി. മാത്യുവിന്റെ കീഴിൽ ടൈപ്പിസ്റ്റായി. യുദ്ധകാലത്ത് രാജ്യത്തു പ്രവർത്തനമാരംഭിച്ച ഒരു അമേരിക്കൻ ഗവൺമെൻറ് സംഘടനയായ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമിയിൽ ജോലി ചെയ്തു. 1946 ൽ നെഹ്റുവിന്റെ സ്റ്റാഫിൽ സ്റ്റെനോ ടൈപ്പിസ്റ്റായി. പിന്നീട് പ്രധാനമന്ത്രിയുടെ സ്പെഷ്യൽ അസിസ്റ്റൻറായി. അഴിമതി ആരോപണത്തെത്തുടർന്ന് 1959 ൽ പ്രധാന മന്ത്രിയുടെ സ്റ്റാഫിൽ നിന്നും രാജി വെച്ചു.