ഇവാൻ നാലാമൻ![]()
ബാല്യം![]() റഷ്യയിലെ ഭരണാധികാരിയായിരുന്ന വാസിലി മൂന്നാമൻ ഇവാനോവിച്ചിന് ഏറെക്കാലം കാത്തിരുന്നുണ്ടായ മകനായിരുന്നു ഇവാൻ. വന്ധ്യയെന്നു കരുതിയ ആദ്യഭാര്യയെ മന്ത്രവാദക്കുറ്റം ആരോപിച്ച് ഒരു കന്യാസ്ത്രീമഠത്തിൽ ശിഷ്ടജീവിതം കഴിക്കാൻ ഉപേക്ഷിച്ചശേഷമാണ് 1525-ലാണ് വാസിലി ഇവാന്റെ അമ്മ എലീന ഗ്ലിൻസ്കായയെ വിവാഹം കഴിച്ചത്. ഇവാന് മൂന്നു വയസ്സുമാത്രമുള്ളപ്പോൾ വാസിലി പരുവും കാലിൻ നീരും മൂത്തുണ്ടായ രക്തദൂഷ്യത്തിൽ മരിച്ചു. വാസിലിയുടെ ആഗ്രഹമനുസരിച്ച് ഇവാനെ അനന്തരാവകാശിയായി പ്രഖ്യാപിച്ചു. ആദ്യകാലങ്ങളിൽ ഇവാന്റെ സ്ഥാനത്ത് ഭരണത്തിനു മേൽനോട്ടം വഹിച്ചത് അമ്മയായിരുന്നു. എന്നാൽ അദ്ദേഹത്തിന് എട്ടുവയസ്സുള്ളപ്പോൾ അമ്മയും മരിച്ചു. അവരെ വിഷം കൊടുത്തു കൊല്ലുകയായിരുന്നുവെന്ന് ആരോപണമുണ്ട്.[8] തുടർന്ന്, ഇവാൻ സ്വയം ഭരണം ഏറ്റെടുക്കുന്നതുവരെ, അധികാരത്തിന്റെ കടിഞ്ഞാൺ "ബോയാർമാർ" എന്നറിയപ്പെടുന്ന പ്രഭുക്കന്മാരുടെ കയ്യിലായി. ഇവാന്റെ തന്നെ കത്തുകളനുസരിച്ച് ഷൂയിസ്കി, ബെസൽസ്കി കുടുംബങ്ങളിൽ പെട്ട ബോയാർമാരുടെ കീഴിൽ ഇവാനും ഇളയ സഹോദരൻ യൂറി വാസിലേവിച്ചും അവഗണനയും അപമാനവും സഹിച്ച് അനാഥരെപ്പോലെയാണ് വളർന്നുവന്നത്. തന്റെ കിടക്കയിൽ ആന്ദ്രേ ഷൂയിഷ്കി സ്വന്തം ചെരുപ്പ് വച്ചെന്ന് ഒരു കത്തിൽ ഇവാൻ പരാതിപ്പെടുന്നുണ്ട്. ഇക്കാലത്തെ അനുഭവങ്ങൾ ഇവാന്റെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതിൽ കാര്യമായ പങ്കുവഹിച്ചിരിക്കാം എന്ന് കരുതപ്പെടുന്നു. 'സാർ' പദവിയിലേയ്ക്ക്1544-ൽ ബോയാർമാരുടെ നേതാവായിരുന്ന അന്ദ്രേ ഷൂയിസ്കിയിയെ തന്റെ നായ്ക്കളെ നിറച്ച ഒരു മുറിയിൽ അടച്ചിട്ട് അവയുടെ കടിയേല്പിച്ച് കൊന്നശേഷം, പതിമൂന്നു വയസ്സുണ്ടായിരുന്ന ഇവാൻ അധികാരം സ്വയം ഏറ്റെടുത്തു. മൂന്നു വർഷം കഴിഞ്ഞ് മോസ്കോയിലെ മെത്രാപ്പോലിത്ത ഇവാനെ മുഴുവൻ റഷ്യയുടേയും സാർ(സീസർ) ആയി അഭിക്ഷേകം ചെയ്തു. തുടർന്ന് തന്റെ ഭരണസീമയിൽ പെട്ട പ്രഭുകന്യകമാരുടെ ഒരു കൂട്ടത്തെ മോസ്കോയിൽ വരുത്തിയ ഇവാൻ, അവർക്കിടയിൽ നിന്ന് അനാസ്താസിയ റൊമാനോവ്നയെ ഭാര്യയായി തെരഞ്ഞെടുത്തു.[ഖ] 1550-ൽ ദേശീയസഭ വിളിച്ചുകൂട്ടിയ ഇവാൻ അതിനു മുൻപാകെ തന്റെ കൗമാരത്തിലെ തെറ്റുകൾ ഏറ്റുപറയുകയും, ഭാവിയിൽ നീതിയും ദയയുമുള്ള ഭരണം ഉറപ്പുപറയുകയും ചെയ്തു.[9] യുദ്ധങ്ങൾ![]() ബാൾട്ടിക്ക് മുതൽ കാസ്പിയൻ കടൽ വരെയെത്തുന്ന ഒരു ശക്തിയായി റഷ്യയെ വളർത്താൻ ആഗ്രഹിച്ച ഇവാൻ, റഷ്യൻ ഭൂവിഭാഗത്തിന്മേൽ ഏറെക്കാലം ആധിപത്യം പുലർത്തിയ മങ്കോളിയൻ ശക്തിയുടെ പിന്തുടർച്ചക്കാരായിരുന്ന ടാട്ടർമാരെ അതിനു തടസ്സമായി കണ്ടു. 1552-ൽ, വോൾഗാ നദിയുടെ തീരത്തുള്ള ടാട്ടർ നഗരമായിരുന്ന കസാൻ ഒന്നരലക്ഷം വരുന്ന സൈന്യവുമായി അദ്ദേഹം ആക്രമിച്ചു. അൻപതുദിവസം നീണ്ട ഉപരോധത്തിനൊടുവിൽ[ഗ] കസാൻ കീഴടങ്ങിയത് ഇവാന് വലിയ വിജയമായി. കാസാനിലെ ജനങ്ങൾ ഒന്നടങ്കം കൊല്ലപ്പെടുകയോ അടിമകളായി വിൽക്കപ്പെടുകയോ ചെയ്തു.[ഘ] 1554, വോൾഗാനദി കാസ്പിയൻ കടലുമായി ചേരുന്ന സ്ഥാനത്തുള്ള അഷ്ട്രാഖാൻ എന്ന ടാട്ടർ നഗരം കൂടി പിടിച്ചെടുത്തതോടെ വോൾഗാ പ്രദേശം പൂർണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായി. മോസ്കോ നഗരത്തിന്റെ കേന്ദ്രസ്ഥാനമായി ഇന്നും നിലനിൽക്കുന്ന വിശുദ്ധ ബാസിലിന്റെ ഭദ്രാസനപ്പള്ളി, ഈ വിജയങ്ങളുടെ സ്മരണക്കായി ഇവാൻ പണിയിച്ചതാണ്.
സ്ഥാനത്യാഗം, തിരിച്ചുവരവ്![]() ലിവോണിയക്കെതിരെ നടന്ന നീണ്ട് യുദ്ധത്തിലെ തിരിച്ചടികളും മറ്റും ഇവാൻ ആശ്രയിച്ചിരുന്ന സൈനിക-ഫ്യൂഡൽ വൃന്ദത്തിനിടയിൽ അസംതൃപ്തിയുണ്ടാക്കി. 1953-ൽ രോഗിയായി മരണത്തോടടുത്തപ്പോൾ, തന്റെ മകൻ ഡിമിട്രിയോട് വിശ്വസ്തതരായിരിക്കുമെന്ന് പ്രതിജ്ഞയെടുക്കാനുള്ള ഇവാന്റെ ആവശ്യം ബോയാർ പ്രഭുക്കളായ ഉപദേഷ്ടാക്കൾ നിരസിച്ചതും ഇവാനെ അവരിൽ നിന്നകറ്റി. ഇവാന്റെ സഹോദരനെയാണ് പിൻഗാമിയായി അവർ മനസ്സിൽ കണ്ടിരുന്നത്. രോഗവിമുക്തനായ ഇവാൻ തൽക്കാലം അവർക്കെതിരെ തിരിഞ്ഞില്ലെങ്കിലും ഏഴുവർഷം കഴിഞ്ഞ് 1560-ൽ സിൽവെസ്റ്റൻ, അഡാഷെഫ് എന്നിവരെ സ്ഥാനഭ്രഷ്ടരാക്കി. സിൽവെസ്റ്റർ ഒരു സന്യാസാശ്രമത്തിലും അഡാഷെഫ് ലിവോനിയയിലെ യുദ്ധമുന്നണിയിലും മരിച്ചു.[10] ഇതോടെ ഇവാനെ ഭയന്ന ബോയാർമാരിൽ പലരും ശത്രുരാജ്യമായ പോളണ്ടിലേയ്ക്കും മറ്റും പലായനം ചെയ്തു. 1560-ൽ നടന്ന ആദ്യഭാര്യ അനസ്താസിയയുടെ മരണവും ഇവാനെ മാനസികമായി തളർത്തി. ബോയാർമാർ അവളെ വിഷം കൊടുത്തു കൊന്നതാണെന്ന് ഇവാൻ കരുതി.
'ഒപ്രീച്ച്നിക്കി'മോസ്കോയിൽ മടങ്ങിയെത്തിയ ഇവാൻ പുരോഹിതന്മാരും ബോയാർപ്രഭുക്കന്മാരും അടങ്ങുന്ന ദേശീയസഭ വിളിച്ചുകൂട്ടി. തന്നെ എതിർത്തവരുടെ നേതാക്കൾക്ക് വധശിക്ഷ നൽകാനും അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനുമുള്ള തീരുമാനം അദ്ദേഹം സഭയെ അറിയിച്ചു. ഇനിമേൽ സഭയുടെ ഇംഗിതം ആരായാതെ സ്വന്തം ഇച്ഛയനുസരിച്ച് ഭരിക്കുമെന്നും എതിർക്കുന്നവരെ നാടുകടത്തുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഇവാൻ രാജ്യത്തെ രണ്ടു വിഭാഗങ്ങളായി തിരിച്ചു: പ്രവിശ്യകളുടെ കൂട്ടായ്മയായ സെംസ്റ്റ്ഛീന-യുടെ മേൽനോട്ടം, സൈനിക-വിദേശകാര്യങ്ങളിലൊഴിച്ച്, ബോയാർ പ്രഭുക്കന്മാർക്ക് വിട്ടുകൊടുത്തു. പ്രഭു വർഗത്തിനു ബദലായി സൃഷ്ടിച്ച ഒപ്രീച്ച്നിക്കി എന്ന കിങ്കരസേനയ്ക്ക് വിട്ടുകൊടുത്ത പ്രദേശങ്ങൾ ചേർന്ന ഒപ്രീച്ച്നീന, ഇവാന്റെ നേരിട്ടുള്ള ഭരണത്തിലായി. പരമ്പാരാഗതമായുണ്ടായിരുന്ന പ്രഭുഗണത്തിനു ബദലായി ഒരു പുതിയ വർഗ്ഗത്തെ രാഷ്ടീയാധികാരത്തിലേക്കുയർത്തിയ വിപ്ലവകരമായിരുന്നു ഒപ്രീച്ച്നിക്കി എന്ന കിങ്കരസേനയുടെ സൃഷ്ടി. കലാപമുണ്ടാക്കിയ ബോയാർമാരിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയും മറ്റുമാണ് ഒപ്രീച്ച്നീനയിൽ ഉൾപ്പെട്ടിരുന്നത്. ഇവാന്റെ ഭരണത്തിന്റെ അവസാനമായപ്പോൾ, ഒപ്രീച്ച്നീനയിൽ, മോസ്കോയും, പ്രധാനവ്യാപാരമാർഗ്ഗങ്ങളും അടക്കം, റഷ്യയുടെ പകുതിയോളം ഉൾപ്പെട്ടിരുന്നു. അതിക്രമങ്ങൾ![]() ബോയാർമാർമാരുടെ കലാപവും, ലിവോണിയയുടെ പേരിലുള്ള യുദ്ധത്തിന്റെ പരാജയവും എല്ലാം ചേർന്ന് ഇവാന്റെ മാനസികസന്തുലനം തകർത്തിരുന്നു. അലക്സാൻഡ്രോവിസ്കിലെ വേനൽക്കാലവസതി ഇവാൻ പതിവു താമസസ്ഥലമാക്കി. അദ്ദേഹം അതിനെ ഒരു കോട്ടയായി രൂപപ്പെടുത്തി. കാവൽക്കാരെ സന്യാസിവേഷം ധരിപ്പിച്ച് സ്വയം ആ സന്യാസിമാരുടെ ശ്രേഷ്ഠനെന്ന് വിശേഷിപ്പിച്ചു. ദിവസവും ദേവാലയത്തിലെ ആരാധനയിൽ സജീവമായി പങ്കെടുത്ത ഇവാൻ, ഗായകസഘത്തോടു ചേർന്നു പാടി. അതേസമയം, ഇവാന്റെ ഭരണത്തിന്റെ അവശേഷിച്ച കാലം ഒപ്രീച്ച്നിക്കി ക്രൂരതയ്ക്കും അധികാരദുർവിനിയോഗത്തിനും പേരെടുത്തു. തന്റെ ക്രോധത്തിന് ഇരയായവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥിക്കാൻ അവരുടെ പട്ടിക സന്യാസാലയങ്ങൾക്ക് ഇവാൻ അയച്ചുകൊടുക്കാറുണ്ടായിരുന്നു. 1568-ലെ ഒരു ഞായറാഴ്ച മോസ്കോയിലെ സ്വർഗ്ഗാരോഹണത്തിന്റെ ഭദ്രാസനപ്പള്ളിയിൽ ആരാധനക്കെത്തിയ ഇവാൻ, ഫിലിപ്പ് മെത്രാപ്പോലീത്തയോട് ആശീർവാദം ചോദിച്ചു. ആശീർവദിക്കുന്നതിനു പകരം ഇവാന്റെ ക്രൂരതകളും അസന്മാർഗ്ഗികതകളും എണ്ണിപ്പറയുകയാണ് മെത്രാപ്പോലീത്ത ചെയ്തത്. ആശീർവാദം കിട്ടാതെ മടങ്ങിപ്പോയ ഇവാൻ കിങ്കരന്മാരെ അയച്ച് മെത്രാപ്പോലീത്തയെ പിടികൂടി. അദ്ദേഹത്തെ ജീവനോടെ ദഹിപ്പിച്ചതായി പറയപ്പെടുന്നു.ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള ![]() ആദ്യഭാര്യ അനസ്താസിയയുടെ മരണത്തെ തുടർന്ന് വീണ്ടും വിവാഹം കഴിച്ച ഇവാൻ, ഭാര്യമാർ ഓരോരുത്തരായി മരിച്ചതിനാൽ ആകെ ആറുവട്ടം വിവാഹിതനായി. ഈ വിവാഹങ്ങളിൽ അദ്ദേഹത്തിന് നാല് ആൺമക്കൾ ജനിച്ചു. ആദ്യത്തെ മകൻ ബാല്യത്തിൽ തന്നെ മരിച്ചു. മൂന്നാമത്തെയും നാലാമത്തേയും മക്കൾ വൈകല്യങ്ങൾ ഉള്ളവരായിരുന്നു. ഇവാൻ എന്നുതന്നെ പേരുള്ള രണ്ടാമത്തെ മകനെയാണ് അനന്തരാവകാശിയായി ഇവാൻ കരുതിയിരുന്നത്. ഔചിത്യമില്ലാത്ത വസ്ത്രധാരണത്തിന്റെ പേരിൽ ഒരിക്കൽ അവന്റെ ഭാര്യയെ ഇവാൻ തല്ലി. ഇത് അവൾക്ക് ഗർഭഛിദ്രമുണ്ടാക്കിയപ്പോൾ മകൻ അച്ഛനോട് കയർത്തു. രോഷാകുലനായ ഇവാൻ മകനെ ചെങ്കോലു കൊണ്ടടിച്ചു. അത് അവന്റെ മരണത്തിൽ കലാശിച്ചു.ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള മരണംതന്റെ തന്നെ അടിയേറ്റ് അനന്തരാവകാശിയായ മകൻ മരിച്ചത് ഇവാനെ ദുഃഖത്തിലാഴ്ത്തി. പശ്ചാത്താപത്താൽ ഭ്രാന്തിനടുത്ത അവസ്ഥയിലെത്തിയ അദ്ദേഹം, ഓരോ പ്രഭാതത്തിലും സ്ഥാനത്യാഗത്തിനൊരുങ്ങി. എന്നാൽ ജീവിച്ചിരിക്കുന്ന മക്കളേക്കാൾ ഭേദം ഇവാനാണെന്ന് കരുതിയ ബോയാർമാർ സ്ഥാനമൊഴിയാൻ അനുവദിച്ചില്ല. മകന്റെ മരണം കഴിഞ്ഞ് മൂന്നു വർഷം കൂടി ഇവാൻ ജീവിച്ചിരുന്നു. വിചിത്രമായൊരു രോഗം ബാധിച്ച അദ്ദേഹത്തിന്റെ ദേഹത്തു നിന്ന് ദുർഗന്ധം വമിച്ചു. ബോറിസ് ഗോഡുനോവ് എന്ന ബോയാറിനൊപ്പം ചതുരംഗം കളിച്ചുകൊണ്ടിരിക്കെയാണ് 1584 മാർച്ചു മാസം ഇവാൻ മരിച്ചത്. ഗോഡുനോവ് അദ്ദേഹത്തെ വിഷം കൊടുത്തുകൊല്ലുകയായിരുന്നെന്ന് കിംവദന്തി പരന്നു.[11] കുറിപ്പുകൾക. ^ മകന്റെ മരണത്തിൽ ഇവാന്റെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള കഥ വിദേശചരിത്രകാരന്മാരുടേയും അവരെ അവലംബമാക്കിയ റഷ്യൻ ചരിത്രകാരന്മാരുടേയും മാത്രം ഭാഷ്യമാണെന്ന് വാദമുണ്ട്. ഖ. ^ റഷ്യൻ രാജകുടുംബത്തിന് അവസാനം വരെ ഉണ്ടായിരുന്ന "റോമാനോവുമാർ" എന്ന പേര് അനസ്താസിയയുടെ കുടുംബപ്പേരാണ്. ഗ. ^ കാസാന്റെ ഉപരോധത്തിനിടെ തന്റെ സൈനികരുടെ മനോവീര്യം നഷ്ടപ്പെട്ടെന്ന് തോന്നിയപ്പോൾ, അത് തിരികെ കൊണ്ടുവരാൻ ഇവാൻ മോസ്കോയിൽ നിന്ന് അടിയന്തരമായി, "അത്ഭുതശക്തി" ഉള്ളതെന്ന് കരുതപ്പെട്ടിരുന്ന ഒരു കുരിശ് വരുത്തി സൈന്യത്തിനു മുൻപിൽ ദർശനത്തിനു വച്ചു.ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള ഘ. ^ കാസാനിനെ ജനങ്ങൾക്ക് താൻ വരുത്തിയ ദുരിതം കണ്ട് ഇവാൻ സ്വയം കണ്ണീരൊഴുക്കിയതായി പറയപ്പെടുന്നു. "ക്രിസ്ത്യാനികളല്ലെങ്കിലും അവർ മനുഷ്യരല്ലേ" എന്ന് അദ്ദേഹം ചോദിച്ചത്രെ.ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള അവലംബം
|