ഇബ്നു റുഷ്ദ്
അന്തലുസിയനായ മുസ്‌ലിം ബഹുശാസ്ത്ര പണ്ഡിതനായിരുന്നു ഇബ്നു റുഷ്ദ് (അറബി: ابن رشد) (1126 ഏപ്രിൽ 14 –1198 ഡിസംബർ 10). പൂർണ്ണമായ നാമം അബുൽ വാഹിദ് മുഹമ്മദ് ഇബ്നു അഹ്മദ് ഇബ്നു റുഷ്ദ് (അറബി: أبو الوليد محمد بن احمد بن رشد). യൂറോപ്യൻ ലോകത്ത് അവിറോസ് (Averroes, ഉച്ചാരണം /əˈvɛroʊ.iːz/) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇസ്‌ലാമിക തത്ത്വശാസ്ത്രം, ദൈവശാസ്ത്രം, കർമ്മശാസ്ത്രം എന്നിവയിലും മനഃശാസ്ത്രം, രാഷ്ട്രമീമാംസ, അറേബ്യൻ സംഗീത സിദ്ധാന്തം, വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, ഗണിതം, ഭൗതികശാസ്ത്രം, ഖഗോള യാന്ത്രികത (celestial mechanics) എന്നീ മേഖലകളിലുമെല്ലാം പണ്ഡിതനുമാണ് ഇദ്ദേഹം. അൽ-അന്തലുസിലെ (ആധുനിക സ്പെയിൻ) കൊർദോബയിൽ ജനിച്ച് മൊറോക്കോയിലെ മുറാകുഷിൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ സംഭാവനകൾ അവിറോയിസം എന്ന പേരിലാണ് അറിയപ്പെടുന്നത്. പശ്ചിമ യൂറോപ്പിലെ മതനിരപേക്ഷതയുടെ സ്ഥാപകനായും[2] യൂറോപ്പിന്റെ ആത്മീയ പിതാക്കളിലൊരാളായും കണക്കാക്കപ്പെടുന്നു.[3] ജീവിതപശ്ചാത്തലംഇസ്ലാമിക നിയമ പണ്ഡിത പാരമ്പര്യമുള്ള കുടുംബത്തിലാണ് ഇബ്നു റുഷ്ദ് ജനിച്ചത്. അദ്ദേഹത്തിന്റെ മുത്തച്ഛനായ അബു അൽ-വാഹിദ് മുഹമ്മദ് (മരണപ്പെട്ടത് 1126) അൽ-മുറാബിത്തൂൻ സാമ്രാജ്യത്തിലെ പ്രധാന ന്യായാധിപനായിരുന്നു. 1146 ൽ മേഖലയുടെ ഭരണം അൽ-മുവാഹിദൂൻ സാമ്രജ്യത്തിന്റെ കീഴിലാകുന്നതുവരെ അദ്ദേഹത്തിന്റെ പിതാവായ അബു അൽ-ഖാസിം അഹ്മദും ഇതേ സ്ഥാനത്ത് പ്രവർത്തിച്ചു.[4] അൽ-മുവാഹിദൂന്റെ അമീറായിരുന്ന അബൂ യാഖൂബ് യൂസുഫിന്റെ വസീറും പ്രശസ്തമായ ഹയ്യ് ഇബ്ൻ യഖ്ദൻ എന്ന കാവ്യത്തിന്റെ രചയിതാവുമായ ഇബ്നു തുഫൈലിന്റെ കീഴിലായിരുന്നു ഇബ്നു റുഷ്ദ് തന്റെ പ്രവർത്തനം ആരംഭിച്ചത്. ഇബ്നു തുഫൈലായിരുന്നു ഇബ്നു റുഷ്ദിനെ വലിയ മുസ്‌ലിം പണ്ഡിതനായ ഇബ്നു സുഹ്റിന് പരിചയപ്പെടുത്തിയത്, ശേഷം ഇബ്നു സുഹ്ർ ഇബ്നു റുഷ്ദിന്റെ ഗുരുവും സുഹൃത്തുമായിത്തീരുകയുണ്ടായി.[5] അരിസ്റ്റോട്ടിലിയൻ തത്ത്വശാസ്ത്രത്തിന്റെ വിശകലനങ്ങൾ തയ്യാറാക്കുവാൻ ഇബ്നു തുഫൈൽ പ്രചോദനമായതിനെപ്പറ്റി ഇബ്നു റുഷ്ദ് വിവരിച്ചിട്ടുണ്ട്. മറ്റൊരു പ്രസിദ്ധ ഇസ്‌ലാമിക തത്ത്വചിന്തകനായിരുന്ന ഇബ്നു ബാജ (പാശ്ചാത്യ ലോകത്ത് "അവെംപേസ്" എന്നാണ് അറിയപ്പെട്ടിരുന്നത്) ഇബ്നു റുഷ്ദിന്റെ ഗുരുവായിരുന്നു. ഇബ്നു ബാജയും ഇബ്നു റുഷ്ദിന്റെ ചിന്തകളെ കാര്യമായി സ്വാധീനിച്ചിരുന്നു. ഇബ്നു റുഷ്ദ്, ഇബ്നു തുഫൈൽ, ഇബ്നു ബാജ എന്നീ മൂന്നുപേരേയും ഏറ്റവും വലിയ അന്തളോസിയൻ തത്ത്വചിന്തകരായി കണക്കാക്കുന്നു.[4] 1160 ൽ ഇബ്നു റുഷ്ദ് സെർവില്ലെയിലെ (Seville) ഖാളിയായി (ന്യായാധിപനായി) നിയമിക്കപ്പെടുകയും തുടർന്ന് അദ്ദേഹത്തിന്റെ പ്രവർത്തനകാലത്ത് സെർവില്ലെ, കൊർദോബ (Cordoba), മൊറോക്കോ എന്നിവടങ്ങളിലെ വ്യത്യസ്ത കോടതികളിൽ പ്രവർത്തിക്കുകയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അന്തലുസ് അൽ-മുവാഹിദൂൻ ഭരണത്തിന് കീഴിലായിത്തീർന്നതോടെ പൊതുജീവിതം അവസാനിക്കുകയായിരുന്നു. അൽ-മുവാഹിദൂൻ അമീറായിരുന്ന അബൂ യൂസുഫ് യാഖൂബ് അൽ-മൻസൂർ ആദ്യം ഇദ്ദേഹത്തെ സ്വകാര്യം വൈദ്യനായി നിയമിച്ചെങ്കിലും ഇബ്നു റുഷ്ദിന്റെ കടുത്ത പുരോഗമനവാദം യഥസ്ഥിതികനായ അമീറിന്റെ ഇഷ്ട്കേടിന് പാത്രമാകുന്നതിലേക്കും തുടർന്ന് സ്ഥനത്തുനിന്നും നിഷ്കാസിതനാകുന്നതിലേക്കും നയിച്ചു. മരണത്തിന് കുറച്ചു കാലം മുൻപ് മാത്രമേ തിരികെ ജോലിയിൽ തുടരാൻ അദ്ദേഹത്തെ അനുവദിച്ചിരുന്നുള്ളൂ. ജീവിതത്തിന്റെ അവശേഷിക്കുന്ന ഭാഗം താത്വശാസ്ത്രപരമായ കൃതികൾ രചിക്കുന്നതിനായാണ് അദ്ദേഹം നീക്കിവെച്ചത്. സൃഷ്ടികൾ![]() വിവിധ വിഷയങ്ങളിലായി ഇബ്നു റുഷ്ദ് രചിച്ച കൃതികൾ ഏതാണ്ട് 20,000 താളുകൾ വരും ഇതിൽ ആദ്യകാലത്തെ ഇസ്‌ലാമിക തത്ത്വശാസ്ത്രം, തത്ത്വശാസ്ത്രത്തിലെ പ്രമാണികത, അറബ്യൻ ഗണിതം, അറേബ്യൻ ജ്യോതിശാസ്ത്രം, അറബി വ്യാകരണം, ഇസ്‌ലാമിക ദൈവശാസ്ത്രം, ഇസ്‌ലാമിക നിയമസംഹിത (ശരീഅത്ത്), ഇസ്‌ലാമിക കർമ്മശാസ്ത്രം (ഫിഖ്ഹ്) എന്നിവയെല്ലാം ഉൾപ്പെടുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടവ ഇസ്‌ലാമിക തത്ത്വശാസ്ത്രം, വൈദ്യം, കർമ്മശാസ്ത്രം എന്നിവ കൈകാര്യം ചെയ്യുന്നവയാണ്. കുറഞ്ഞത് 67 സ്വതന്ത്രമായി രചിച്ച കൃതികളെങ്കിലും അദ്ദേഹത്തിന്റേതായുണ്ട്, അരിസ്റ്റോട്ടിലിയൻ കൃതികൾ പ്ലാറ്റോയുടെ ദി റിപബ്ലിക്ക് എന്നിവയുടെ വിശകലനങ്ങൾ കൂടാതെ ഇതിൽ 28 കൃതികൾ തത്ത്വശാസ്ത്രവും, 20 എണ്ണം വൈദ്യവും, 8 എണ്ണം നിയമവും, 5 ദൈവശാസ്ത്രവും, 4 എണ്ണം വ്യാകരണവും കൈകാര്യം ചെയ്യുന്നു.[4] അക്കാലത്ത് നിലനിന്നിരുന്ന അരിസ്റ്റോട്ടിലിന്റെ കൃതികൾക്കെല്ലാം അദ്ദേഹം വിശകലനങ്ങൾ രചിച്ചിട്ടുണ്ട്. ഇവയുടെ രചന യഥാർത്ഥ അരിസ്റ്റോട്ടിലിയൻ കൃതികളെ അടിസ്ഥാനമാക്കിയായിരുന്നില്ല മറിച്ച് അവയുടെ അറബിയിലുള്ള വിവർത്തനങ്ങളെ അവലംബിച്ചായിരുന്നു നടത്തിയിരുന്നത്. അദ്ദേഹത്തിന് ഗ്രീക്ക് ഭാഷ വശമുണ്ടായിരുന്നോ എന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല. ഈ കൃതികളിലെ വിശകലനങ്ങൾ മൂന്നു തലങ്ങളിൽ ഉള്ളവയാണ്: ജാമി, തൽഖിസ്, തഫ്സീർ ഇവയ യഥാക്രമം ലളിതമായ അവലോകനം, ഇടത്തരമായ നിരൂപണം, മുസ്‌ലിം വീക്ഷണകോണിലൂടെയുടേ അരിസ്റ്റോട്ടിലിയൻ കൃതികളുടെ വിശദമായ പഠനം എന്നിവയാണ്. യഥാർത്ഥത്തിൽ ഈ വാക്കുകൾ ഖുർആനിന്റെ വ്യത്യസ്തതലങ്ങളിലെ വിശകലനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന വാക്കുകളാണ്. അരിസ്റ്റോട്ടിലിന്റെ ലഭ്യമായിരുന്ന ഒരോ കൃതിക്കും ഈ പറഞ്ഞ മൂന്നു വിധത്തിലുള്ള വിശകലങ്ങളും അദ്ദേഹം രചിച്ചിരുന്നോ എന്നതും വ്യക്തമല്ല. ഒരോ കൃതിയുടേയും ഒന്നോ രണ്ടോ തലത്തിൽ മാത്രമുള്ള വിശകലനങ്ങൾ മാത്രമേ അവശേഷിക്കുന്നതായുള്ളൂ. അരിസ്റ്റോട്ടിലിന്റെ പൊളിറ്റിക്സ് (Politics) എന്ന കൃതിയുടെ പകർപ്പ് അദ്ദേഹത്തിന് ലഭ്യമായിരുന്നില്ല. പകരം അദ്ദേഹം പ്ലാറ്റോയുടെ ദി റിപബ്ലിക്ക് (The Republic) എന്ന കൃതിയുടെ വിശകലനമാണ് രചിച്ചത്. അതിൽ പറയപ്പെടുന്ന മാതൃകാ ഭരണരീതി അറേബ്യയിൽ ഉടലെടുത്ത ഖലീഫ ഭരണത്തിനും[4] ഇബ്നു തൂമർത്തിന്റെ കാലത്തെ അൽ-മുവാഹിദൂന്റെ ഭരണവംശത്തിന്റെ ഭരണത്തിനും സാമ്യമുള്ളതാണെന്ന് അദ്ദേഹം വാദിക്കുന്നു. അവലംബം
![]() |