ഇന്ദ്രപ്രസ്ഥം
ഇന്ദ്രപ്രസ്ഥത്തിന്റെ നിർമ്മാണംധൃതരാഷ്ട്രരുടെ അഭിപ്രായപ്രകാരം അർദ്ധരാജ്യാവകാശിയായ ധർമ്മപുത്രർ അനുജൻമാരോടുകൂടി ഖാണ്ഡവപ്രസ്ഥം എന്ന വനത്തിലേക്കുപോയി . ശ്രീകൃഷ്ണൻ അവർക്കു സഹായിയായി നിന്നു . വ്യാസനും മറ്റു മഹാമുനിമാരും അവരെ സന്ദർശിച്ചുകൊണ്ടിരുന്നു . ഇവരുടെയൊക്കെ സഹായത്തോടെ പാണ്ഡവർ അവിടെ ഇന്ദ്രപ്രസ്ഥം എന്ന ഒരു നഗരം നിർമ്മിച്ചു . ആ നഗരം ഇന്ദ്രലോകം പോലെ സുന്ദരമായിരുന്നു . [ മഹാഭാരതം , സഭാപർവ്വം , അദ്ധ്യായങ്ങൾ 1 ,2 ,3 ]. ഇന്ദ്രപ്രസ്ഥത്തിലെ സഭാനിർമ്മാണംഒരിക്കൽ അഗ്നി ഖാണ്ഡവവനം ദഹിപ്പിച്ചു. ആ വനത്തിൽ കുടിപ്പാർത്തിരുന്ന അസുരശില്പിയായ മയനേയും വേറെ അഞ്ചുപേരെയും അർജ്ജുനൻ രക്ഷിച്ചു. തന്നെ അഗ്നിയിൽ നിന്നും രക്ഷിച്ച അർജ്ജുനന് പ്രത്യുപകാരം ചെയ്യുന്നതിനായി മയൻ ഖാണ്ഡവപ്രസ്ഥത്തിൽ വരികയുണ്ടായി. അസുരശില്പിയായ മയൻ കൃഷ്ണന്റെ നിർദ്ദേശപ്രകാരം ധർമ്മപുത്രർക്കുവേണ്ടി വലിയൊരു കൊട്ടാരം നിർമ്മിച്ചു . അതിനായി ആദ്യം മയൻ ഒരു വലിയ ബ്രാഹ്മണഭോജനം നടത്തി. അതിനു ശേഷം പതിനായിരം "കിഷ്ക്കം" ചുറ്റളവിലായി സഭാനിർമ്മാണത്തിനായി കുറ്റിയടിച്ചു . [ കിഷ്ക്കം = മുഴം("കിഷ്ക്കൂർ ഹസ്തേ" എന്ന് അമരകോശം പറയുന്നു )] അതിനുശേഷം മയൻ കൈലാസത്തിനു വടക്കുള്ള മൈനാകപർവ്വതത്തിൽ ചെല്ലുകയും അവിടെ പണ്ട് അസുരന്മാർ യജ്ഞം ചെയ്തപ്പോൾ താൻ സൂക്ഷിച്ചുവച്ച രത്നങ്ങൾ എടുത്തുകൊണ്ടുവരികയും ചെയ്തു . ആ രത്നങ്ങളും ദേവദത്തമെന്ന പേരുള്ള ശംഖവും മറ്റു പദാർത്ഥങ്ങളും മയൻ കൊണ്ടുവന്നിരുന്നു . ദേവദത്തം അർജ്ജുനന് നൽകി . കൂട്ടത്തിലുണ്ടായിരുന്ന ഒരുഗ്രൻ ദിവ്യശക്തിയുള്ള ഗദ ഭീമന് നൽകി . കൈലാസസാനുക്കളിൽ നിന്നും കൊണ്ടുവന്ന വസ്തുക്കളുപയോഗിച്ച് മയൻ അതിസുന്ദരമായ ഒരു സഭ ഇന്ദ്രപ്രസ്ഥത്തിൽ തീർത്തു . അതിനുള്ളിൽ പലമാതിരിയുള്ള പൊയ്കകളും പാർശ്വങ്ങളിൽ സ്ഫടിക സോപാനങ്ങളും നിർമ്മിച്ചു . കാണികൾക്കു സ്ഥലജലവിഭ്രാന്തിയുണ്ടാകത്തക്ക വിധത്തിൽ അവിടം കമനീയമായിരുന്നു . പതിനാലു മാസം കൊണ്ടാണ് മയൻ ഈ പണി പൂർത്തിയാക്കിയത് .[ മഹാഭാരതം , സഭാപർവ്വം , അദ്ധ്യായങ്ങൾ 1 ,2 ,3 ]
ഇന്ദ്രപ്രസ്ഥേ ദദൗ രാജ്യം വജ്രായ പരവീരഹാ [മഹാഭാരതം , മൗസലപർവ്വം , അദ്ധ്യായം 7 , ശ്ളോകം 72 , ആദ്യവരി ] (ഭാഷാ അർത്ഥം) ഇന്ദ്രപ്രസ്ഥം എന്ന രാജ്യം വീരനായ വജ്രനു നൽകപ്പെട്ടു . ഇതനുസരിച്ചു പാണ്ഡവരുടെ കാലശേഷം ഇന്ദ്രപ്രസ്ഥം യാദവരാജകുമാരനും , കൃഷ്ണന്റെ പൗത്ര പുത്രനുമായ വജ്രൻ സ്വന്തമാക്കി .അർജ്ജുനനാണ് വജ്രനെ അവിടെ അവരോധിച്ചത് .
|