Share to: share facebook share twitter share wa share telegram print page

ഇന്ദിരാ ഗാന്ധി

ഇന്ദിരാ ഗാന്ധി
ഇന്ത്യയുടെ മൂന്നാമത് പ്രധാനമന്ത്രി
പദവിയിൽ
15 ജനുവരി 1980 – 31 ഒക്ടോബർ 1984
രാഷ്ട്രപതിനീലം സഞ്ജീവ റെഡ്ഡി
ഗ്യാനി സെയിൽ സിംഗ്‌
മുൻഗാമിചരൺ സിംഗ്
പിൻഗാമിരാജീവ് ഗാന്ധി
പദവിയിൽ
19 ജനുവരി 1966 – 24 മാർച്ച് 1977
രാഷ്ട്രപതിഎസ്. രാധാകൃഷ്ണൻ, സാക്കിർ ഹുസൈൻ, വി.വി. ഗിരി, മുഹമ്മദ് ഹിദായത്തുള്ള, വി.വി. ഗിരി, ഫക്രുദ്ദീൻ അലി അഹമ്മദ്‌
മുൻഗാമിഗുൽസാരിലാൽ നന്ദ
പിൻഗാമിമൊറാർജി ദേശായി
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി
പദവിയിൽ
9 മാർച്ച് 1984 – 31 ഒക്ടോബർ 1984
മുൻഗാമിപി വി നരസിംഹ റാവു
പിൻഗാമിരാജീവ് ഗാന്ധി
പദവിയിൽ
21 ഓഗസ്റ്റ് 1967 – 14 മാർച്ച് 1969
മുൻഗാമിമുഹമ്മദാലി കരിം ചഗ്ല
പിൻഗാമിദിനേശ് സിങ്
ഇന്ത്യയുടെ ധനകാര്യ മന്ത്രി
പദവിയിൽ
26 ജൂൺ 1970 – 29 ഏപ്രിൽ 1971
മുൻഗാമിമൊറാർജി ദേശായി
പിൻഗാമിവൈ. ചവാൻ
വ്യക്തിഗത വിവരങ്ങൾ
ജനനം(1917-11-19)19 നവംബർ 1917
അലഹബാദ്, യുണൈറ്റഡ് പ്രൊവിൻസസ്, ബ്രിട്ടിഷ് ഇന്ത്യ
മരണംഒക്ടോബർ 31, 1984(1984-10-31) (66 വയസ്സ്)
ന്യൂഡെൽഹി, ഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
പങ്കാളിഫിറോസ് ഗാന്ധി
കുട്ടികൾരാജീവ് ഗാന്ധി , സഞ്ജയ് ഗാന്ധി

ഇന്ദിരാ ഗാന്ധി (1917 നവംബർ 19 - 1984 ഒക്ടോബർ 31) (യഥാർത്ഥ പേര്: ഇന്ദിരാ പ്രിയദർശിനി നെഹ്രു) ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു.[1] ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവർ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ മകളായിരുന്നു.1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇവർ തന്റെ പിതാവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ്.

ജവഹർലാൽ നെഹ്രുവിന്റെ ഒരേയൊരു മകളായിരുന്ന ഇന്ദിര 1947 മുതൽ 1964 വരെ അനൗദ്യോഗികമായി പിതാവിന്റെ ഉപദേശകസംഘത്തിന്റെ മുഖ്യചുമതല വഹിച്ചിരുന്നു. ഭരണത്തിൽ അവരുടെ സ്വാധീനം വളരെ പ്രകടമായിരുന്നു. 1959 ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നെഹ്റുവിന്റെ മരണ ശേഷം ലാൽബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽ ഒരു കേന്ദ്രമന്ത്രിയായി ഇന്ദിര ചുമതലയേറ്റു.[2][3] തന്റെ പിതാവിന്റെ സഹോദരിയായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റ് മന്ത്രിയാകുന്നതിനെ തടയാനായിട്ടായിരുന്നു ഇന്ദിര നെഹ്രുവിന്റെ മരണമടഞ്ഞയുടനെതന്നെ മന്ത്രിസഭയിൽ ചേരുവാൻ താൽപര്യം പ്രകടിപ്പിച്ചത് എന്നു പറയപ്പെടുന്നു.[4] 1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാപ്രധാനമന്ത്രിയുമായി ഇവർ സ്ഥാനമേറ്റെടുത്തു.[5] ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അധികാരകേന്ദ്രീകരണത്തിന്റേയും, കർക്കശമായ പെരുമാറ്റത്തിന്റേയും ഒരു പ്രതീകമായിരുന്നു ഇന്ദിര. കിഴക്കൻ പാകിസ്താന്റെ സ്വാതന്ത്ര്യസമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാകിസ്താനുമായി യുദ്ധത്തിലേർപ്പെട്ട ഇന്ദിര, യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതോടെ ബംഗ്ലാദേശ് രൂപീകരണത്തിന് കാരണമായി. ഇന്ദിരയുടെ ഭരണകാലത്ത് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി വളർന്നു. ഇന്ത്യ സാമ്പത്തികവും, രാഷ്ട്രീയവും, സൈനികവുമായി അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുകയുണ്ടായി. 1975 മുതൽ 1977 വരെ ഇന്ദിര ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥകാലത്ത് ഇവർ ഒരു തികഞ്ഞ ഏകാധിപതിയായിട്ടാണ് രാജ്യം ഭരിച്ചത്. ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന നടപടിയുടെ പരിണതഫലമായി, സിഖ് വംശജരുടെ അപ്രീതിക്കു പാത്രമായിത്തീർന്ന അവർ 31 ഒക്ടോബർ 1984 ന് സിഖ് വംശജരായ തന്റെ തന്നെ സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൃതിയടഞ്ഞു.[6][7] ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു.ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളിയാണ് ഇന്ദിര ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്.[8]

ജീവിത രേഖ

ബാല്യവും യൗവനവും

ബാല്യകാല ചിത്രം

ഇന്ത്യയിലെ സ്വാതന്ത്ര്യ സമര രംഗം ശക്തിപ്രാപിച്ച നാളുകളിലായിരുന്നു ഇന്ദിര പ്രിയദർശിനിയുടെ ജനനം. സ്വാതന്ത്ര്യ സമരരംഗത്ത്‌ മുൻപന്തിയിലായിരുന്ന ജവഹർലാൽ നെഹ്രുവിന്റെയും കമല നെഹ്രുവിന്റേയും മകളായി 1917 നവംബർ 19നാണ്‌ ഇന്ദിര പ്രിയദർശിനി ജനിച്ചത്‌. സ്വാതന്ത്ര്യ സമരവുമായി ഇഴുകിച്ചേർന്ന കുടുംബമായിരുന്നതിനാൽ അച്ഛൻ ജവഹറിന്റെയോ മുത്തച്ഛൻ മോത്തിലാൽ നെഹ്രുവിന്റേയോ സാമീപ്യം ബാല്യകാലത്ത്‌ ഇന്ദിര അനുഭവിച്ചിട്ടില്ല. ഒട്ടേറെ രോഗങ്ങൾ അലട്ടിയിരുന്ന അമ്മ കമലയോടൊപ്പം തികച്ചും ഏകാന്തവാസമായിരുന്നു ഇന്ദിരയുടേത് എന്നുപറയാം. ഇന്ത്യയിൽ കിട്ടാവുന്നതിൽവച്ച് ഏറ്റവും നല്ല വിദ്യാഭ്യാസം കൊച്ചുമകൾക്ക് നൽകണം എന്നതായിരുന്നു മോത്തിലാൽ നെഹ്രുവിന്റെ ആഗ്രഹം, അതിനായി ബ്രിട്ടീഷ് നേതൃത്വത്തിൽ നടക്കുന്ന സെന്റ്.സിസിലിയ എന്ന സ്കൂളിലാണ് ഇന്ദിരയെ അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർത്തത്.[9]. എന്നാൽ കോൺഗ്രസ്സ് അനുഭാവികളുടെ മക്കൾ ബ്രിട്ടീഷ് രാജിനു കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ചേരാൻ പാടില്ല എന്നുള്ള കോൺഗ്രസ്സ് ഭരണഘടനാ നിയമം കാരണം ഇന്ദിരക്ക് അവിടെ വിദ്യാഭ്യാസം തുടരാൻ സാധിച്ചില്ല.[10]. 1933 ൽ പൂനെയിലെ പ്യൂപ്പിൾസ് ഓൺ സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും, ഇന്ദിര പലസ്ഥലങ്ങളിലായി ഒന്നിലധികം സ്കൂളുകളിൽ പഠിച്ചു കഴിഞ്ഞിരുന്നു. ഈ സമയത്താണ് ഫിറോസ്‌ ഗാന്ധി ആദ്യമായി ഇന്ദിരയോട് വിവാഹാഭ്യർത്ഥന നടത്തുന്നത്. എന്നാൽ ഇന്ദിരയും അമ്മ കമലയും ഇന്ദിരക്ക് പ്രായം കുറവാണെന്ന കാരണത്താൽ ഈ നിർദ്ദേശം തള്ളിക്കളയുകയായിരുന്നു.[11]

1936 ൽ ഇന്ദിര, ഓക്സ്ഫഡ് സർവ്വകലാശാലയിൽ ബിരുദപഠനത്തിനായി ചേർന്നു. ആയിടക്ക് കമലാ നെഹ്രുവിന്റെ രോഗാവസ്ഥ ഗുരുതരമായി. രക്ഷിക്കാൻ ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും ആ വർഷം ഫെബ്രുവരി 28ന് അവർ മരണത്തിനു കീഴടങ്ങി. അമ്മയുടെ മരണം ഇന്ദിരക്ക് ഒരു തിരിച്ചടിയായിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ പരീക്ഷകളിൽ ഇന്ദിര തുടർച്ചയായി പരാജയപ്പെട്ടു. അവരുടെ സ്വഭാവരൂപവത്കരണത്തിൽപ്പോലും ഈ കാലയളവിലെ അരക്ഷിതാവസ്ഥ വലിയ പങ്കുവഹിച്ചു. ഇത്തരം തിരിച്ചടികൾ നേരിട്ടുവെങ്കിലും, സർവ്വകലാശാലാ വിദ്യാഭ്യാസം തുടരാൻ ഇന്ദിര തീരുമാനിച്ചു.[11]

നെഹ്രു കുടുംബം

യൂറോപ്പിലെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ഇന്ദിര രോഗങ്ങളാൽ പീഡകൾ അനുഭവിച്ചിരുന്നു. ചികിത്സക്കായി തുടർച്ചയായി സ്വിറ്റ്സർലണ്ടിലേക്ക് യാത്രചെയ്യേണ്ടിയുമിരുന്നു. യൂറോപ്പിലാകമാനം നാസി ആക്രമണം ഉണ്ടായപ്പോൾ ഇന്ദിര ഇംഗ്ലണ്ടിലേക്കും, അവിടെ നിന്ന് ഇന്ത്യയിലേക്കും തിരികെ പോന്നു. അവരുടെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയാണുണ്ടായത്. ചരിത്രത്തിലും, സാമ്പത്തികശാസ്ത്രത്തിലും വളരെ മിടുക്കിയായിരുന്നു ഇന്ദിര. എന്നാൽ ലാറ്റിൻ ഭാഷ വഴങ്ങാത്തതുമൂലം പരീക്ഷകളിൽ തുടർച്ചയായി പരാജയപ്പെടുകയാണുണ്ടായത്.[12] ഓക്സഫഡിലെ പഠനം പൂർത്തിയാക്കാൻ ഇന്ദിരക്കു കഴിഞ്ഞില്ല. പരീക്ഷകളിലുള്ള തുടർച്ചയായ പരാജയം കാരണം സർവ്വകലാശാല അധികൃതർ ഇന്ദിരയോട് പഠനം നിർത്തി പോകാൻ ആവശ്യപ്പെടുകയായിരുന്നു എന്നും പറയപ്പെടുന്നു.[13] പിന്നീട് ഓക്സ്ഫഡ് സർവ്വകലാശാല ഇന്ദിരയോടുള്ള ബഹുമാനപൂർവ്വം ഓണററി ബിരുദം സമ്മാനിക്കുകയുണ്ടായി.

ഇന്ദിര ചെറുപ്പകാലത്ത്

യൂറോപ്പിലെ പഠന നാളുകളിൽ ഇന്ദിര ഫിറോസ്‌ ഗാന്ധിയുമായി വീണ്ടും കണ്ടുമുട്ടാൻ തുടങ്ങി. ഫിറോസ് അക്കാലത്ത് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ വിദ്യാർത്ഥിയായിരുന്നു. യുവ കോൺഗ്രസ്‌ പ്രവർത്തകൻ കൂടിയായിരുന്ന ഫിറോസിനെ 1942-ൽ ക്വിറ്റ്‌ ഇന്ത്യാ സമരത്തിനു തൊട്ടുമുൻപായി ഇന്ദിര വിവാഹം ചെയ്തു.[14] പാർസി യുവാവായ ഫിറോസുമായുള്ള ഇന്ദിരയുടെ വിവാഹം ജവഹർലാലിന് താൽപര്യമില്ലായിരുന്നെങ്കിലും, മകളുടെ ആഗ്രഹത്തിന് അദ്ദേഹം എതിരുനിന്നില്ല. ക്വിറ്റ്‌ ഇന്ത്യാ സമരത്തിൽ പങ്കെടുത്ത ഫിറോസും ഇന്ദിരയും താമസിയാതെ തടവിലായി.[15] 1944-ൽ രാജീവ്‌ ഗാന്ധിക്കും 1946-ൽ സഞ്ജയ്‌ ഗാന്ധിക്കും ജന്മംനൽകി.

മോഹൻ ദാസ് കരംചന്ദ് ഗാന്ധിയുടെ സത്യാഗ്രഹവേദിയിൽ

ഇന്ദിരക്ക് കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കാനുള്ള ആഗ്രഹം പ്രായക്കുറവിന്റെ കാരണത്താൽ അടക്കിവെക്കേണ്ടിവന്നു. എന്നാൽ സ്വാതന്ത്ര്യസമരത്തെ തന്നെക്കൊണ്ടാവുന്ന പോലെ സഹായിക്കാൻ അവർ ഉറച്ചു. ഇതിന്റെ ഭാഗമായി സമീപത്തുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് തന്റെ മനസ്സിലുള്ള കുട്ടികളുടെ ഒരു സംഘം എന്ന പദ്ധതി ഇന്ദിര അവതരിപ്പിച്ചു.[16]. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്‌ ചെറുസഹായങ്ങൾ ചെയ്യുകയായിരുന്നു വാനരസേന എന്നറിയപ്പെട്ട ഈ സേനയുടെ ലക്ഷ്യം. ബ്രിട്ടീഷുകാരുടെ കണ്ണുവെട്ടിച്ച്‌ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള രഹസ്യ സന്ദേശങ്ങളെത്തിച്ചിരുന്നതും ഈ സേനയായിരുന്നു[16]. കുട്ടികളിലൂടെയുള്ള പ്രവർത്തനം ബ്രിട്ടീഷുകാർക്കു സംശയമുണ്ടാക്കില്ലെന്നും, ഇത് ഒരു നല്ല മാർഗ്ഗമാണെന്നും അറിയാവുന്ന കോൺഗ്രസ്സിന്റെ തന്നെ ആശയമായിരുന്നു ഈ വാനരസേന എന്നും പറയപ്പെടുന്നു.[17]. പതാകകൾ തുന്നുക, പരുക്കേറ്റ സ്വാതന്ത്ര്യസമരസേനാനികളെ ശുശ്രൂഷിക്കുക എന്ന ചില ജോലികൾകൂടി ഈ വാനരസേനയിലെ അംഗങ്ങൾ ചെയ്തിരുന്നു

അധികാര രാഷ്ട്രീയത്തിലേക്ക്‌

1959-60-ൽ നെഹ്രുവിന്റെ പരോക്ഷ പിന്തുണയോടെ ഇന്ദിര ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.[18] ഇതോടെ ഇന്ദിരയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് പലരും ധരിച്ചു. എന്നാൽ ബന്ധുത്വരാഷ്ട്രീയത്തിന്‌ എതിരായിരുന്ന നെഹ്രു ഇന്ദിരയെ തന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല. നെഹ്രുവിന്റെ ഏറ്റവുമടുത്ത സഹായിയായി നിന്ന് ഭരണത്തിന്റെ സർവമേഖലകളും വശത്താക്കാൻ ഇന്ദിര ഈ അവസരം വിനിയോഗിച്ചു.

1964-ൽ നെഹ്രു അന്തരിച്ചു. ഇന്ദിര രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു, തുടർന്ന് പ്രധാനമന്ത്രിയായ ലാൽ ബഹാദൂർ ശാസ്ത്രി തന്റെ മന്ത്രിസഭയിൽ ഇന്ദിരയെ വാർത്താവിതരണ, പ്രക്ഷേപണ മന്ത്രിയായി നിയമിച്ചു.[19] ലാൽ ബഹാദൂർ ശാസ്ത്രി മന്ത്രി സഭയിലെ നാലാമത്തെ സുപ്രധാന സ്ഥാനമായിരുന്നു ഇത്. ഭരണരംഗത്ത്‌ ഇന്ദിര തികഞ്ഞ പാടവം പ്രകടിപ്പിച്ചു. ഹിന്ദി ഔദ്യോഗിക ഭാഷയാക്കിയതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി വിരുദ്ധ കലാപം ശക്തിപ്രാപിച്ചപ്പോൾ അനുരഞ്ജന ദൌത്യവുമായി ഇന്ദിരയെത്തി.[20] കൂടൂതലും നിരക്ഷരരായ ജനങ്ങളുള്ള ഇന്ത്യയിൽ സാധാരണ ജനങ്ങളിലേക്ക് വാർത്തകൾ എത്തി ചേരുന്നത് റേഡിയോയിലൂടെയും ടെലിവിഷനുകളിലൂടെയുമാണെന്ന് മനസ്സിലാക്കിയ ഇന്ദിര ചെലവു കുറഞ്ഞ റേഡിയോ നിർമ്മിച്ച് ജനങ്ങളിലേക്കെത്തിക്കാനുള്ള പദ്ധതിക്കു രൂപം കൊടുത്തു.[21] ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധപിടിച്ചു പറ്റുന്ന കാര്യങ്ങൾ ഏതൊക്കെയാണെന്ന് ഇന്ദിരയ്ക്കു കൃത്യമായി അറിയാമായിരുന്നു.

1965-ൽ ഇന്ത്യ-പാകിസ്താൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇന്ദിര ശ്രീനഗറിൽ അവധിക്കാലം ചെലവഴിക്കുകയായിരുന്നു. സുരക്ഷാ സേനയുടെ മുന്നറിയിപ്പുകൾ അവഗണിച്ചും അവർ അവിടെത്തന്നെ തങ്ങി. ഈ സംഭവത്തെത്തുടർന്ന് ഇന്ദിരയൊഴികെ മറ്റുള്ള മന്ത്രിസഭാംഗങ്ങളെല്ലാം പെണ്ണാണെന്ന് തമാശരൂപേണ പറയപ്പെട്ടിരുന്നു. ഇത്തരം ചെറുസംഭവങ്ങളിലൂടെ താൻ രാജ്യത്തെ നയിക്കാൻ പ്രാപ്തയാണെന്ന സന്ദേശം നൽകുകയായിരുന്നു അവർ. ഇന്ത്യാ-പാക്‌ സമാധാന ശ്രമങ്ങൾക്കിടയിൽ ലാൽ ബഹാദൂർ ശാസ്ത്രി സോവ്യറ്റ്‌ യൂണിയനിലെ താഷ്ക്കൻറിൽ വച്ച്‌ മരണമടഞ്ഞു. ഇന്ദിരയെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യത്തിന്‌ അതോടെ ശക്തിയേറി.

കോൺഗ്രസിനുള്ളിലെ ഇടതു-വലതു ചേരികളുടെ സമവായ സ്ഥാനാർത്ഥി എന്ന നിലയിലാണ്‌ ശാസ്ത്രി പ്രധാനമന്ത്രിയായത്‌. അദ്ദേഹത്തിന്റെ മരണത്തോടെ ഈ ചേരിതിരിവ്‌ രൂക്ഷമായിരുന്നു. നെഹ്രുവിന്റെ ഇടതുപക്ഷാനുകൂല നിലപാടുകളെ പിന്തുണച്ചിരുന്ന ഒരു വലിയ വിഭാഗമാണ്‌ ഇന്ദിരയെ പിന്തുണച്ചത്‌. എതിരാളി ആയിരുന്ന മൊറാർജി ദേശായിക്ക് മത്സരരംഗത്തു നിന്നും പിന്മാറാനായി വലുതായ സമ്മർദ്ദം ഉണ്ടായിരുന്നു. എന്നിരിക്കിലും അദ്ദേഹം അത്തരം സമ്മർദ്ദങ്ങളെ അതിജീവിച്ച് ഇന്ദിരക്കെതിരേ മത്സരിക്കാൻ തീരുമാനിച്ചു. നൂറിൽ താഴെ വോട്ടുകൾ മാത്രം പ്രതീക്ഷിച്ചിരുന്ന ദേശായിക്ക് തിരഞ്ഞെടുപ്പിൽ 169 വോട്ടുകൾ ലഭിക്കുകയുണ്ടായി. ഇന്ദിരാഗാന്ധി 355 വോട്ടുകൾ നേടി ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു, ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ആയിതീർന്നു.[22]

പ്രധാനമന്ത്രിപദത്തിൽ

ഇന്ദിര ലിൻഡൻ.ബി.ജോൺസിനോടൊപ്പം ഓവൽ ഓഫീസ്സിൽ - 1966

പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ നെഹ്രുകുടുംബത്തെ ശരണം പ്രാപിക്കുകയെന്ന കോൺഗ്രസ്‌ നേതാക്കന്മാരുടെ കീഴ്‌വഴക്കമാണ്‌ ഇന്ദിരയെ പ്രധാനമന്ത്രിപദത്തിലെത്തിച്ചത്[അവലംബം ആവശ്യമാണ്]‌. മുതിർന്ന നേതാക്കളിൽ പലർക്കും ഇന്ദിര മികച്ച ഒരു പ്രധാനമന്ത്രിയാകുമെന്ന വിശ്വാസമില്ലായിരുന്നു. എന്നാൽ അധികാരത്തിലെത്തിയ ശേഷം മറ്റുള്ളവരെ അമ്പരിപ്പിച്ച ഒട്ടേറെ നടപടികൾ അവർ സ്വീകരിച്ചു. ദേശവ്യാപകമായ ദാരിദ്ര്യവും ഭക്ഷ്യക്ഷാമവുമായിരുന്നു ഭരണരംഗത്ത് ഇന്ദിരയെക്കാത്തിരുന്ന ആദ്യ വെല്ലുവിളി. 1966 ലെ വിളവെടുപ്പ് മുൻവർഷത്തേതിനേക്കാൾ 12 ദശലക്ഷത്തോളം കുറഞ്ഞു.[23] വികസിത രാജ്യങ്ങളിൽ നിന്നും സഹായം ലഭ്യമാകാതെ നിലനിൽക്കാൻ കഴിയില്ല എന്ന സ്ഥിതിയായിരുന്നു അത്. 1965ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തെ തുടർന്ന് അമേരിക്ക ഇന്ത്യക്കു നൽകിയിരുന്ന ധനസഹായം നിറുത്തിയിരുന്നു. ലാൽ ബഹാദൂർ ശാസ്ത്രിയുടെ കാലത്ത് വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കക്കെതിരേ നിലപാടെടുത്തതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തിന് ഉലച്ചിൽ തട്ടിയിരുന്നു.[24] എന്നാൽ ഇന്ദിരക്ക് അമേരിക്ക വളരെ സൗഹൃദത്തോടെയുള്ള സ്വാഗതമോതുകയുണ്ടായി. അമേരിക്കയിൽ നിന്നും ഭക്ഷ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാനും സാമ്പത്തിക സഹായം നേടുവാനും ലിൻഡൻ ബി ജോൺസണുമായി ഇന്ദിര ധാരണയിലെത്തി. 3.5ദശലക്ഷം ടൺ ധാന്യവും, 900 ദശലക്ഷം അമേരിക്കൻ ഡോളർവരുന്ന ധനസഹായവും ലിൻഡൻ ഇന്ത്യക്കു വാഗ്ദാനം ചെയ്തു.[25] എന്നാൽ ഈ ധാരണ പ്രാവർത്തികമാകും മുൻപേ പൊളിഞ്ഞു. വിയറ്റ്‌നാം യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാൻ ഇന്ദിര തയ്യാറാകാതിരുന്നതാണ്‌ പ്രശ്നമായത്‌.[26] അനേകകോടി ജനങ്ങളെ പട്ടിണിയിലേക്ക്‌ തള്ളിവിട്ടുവെന്ന പഴി ഇന്ദിരയ്ക്കു കേൾക്കേണ്ടിവന്നു. ഇതേത്തുടർന്ന് അധികാരത്തിന്റെ കാര്യത്തിലും അവർക്ക്‌ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. പാർട്ടിയുടെ നിർദ്ദേശത്തിനു വഴങ്ങി മൊറാർജി ദേശായിയെ ഉപപ്രധാനമന്ത്രിയായി നിയമിക്കാൻ അവർ നിർബന്ധിതയായി. എന്നാൽ സുപ്രധാനമായ ആഭ്യന്തര വകുപ്പ്‌ മൊറാർജിക്കു നൽകാതിരിക്കാൻ അവർ ശ്രദ്ധിച്ചു.

രൂപയുടെ മൂല്യശോഷണം

വിദേശവ്യാപാരം ഉത്തേജിപ്പിക്കാനായി, 1960കളുടെ അവസാനത്തിൽ അമേരിക്കൻ ഡോളറുമായുളള വിനിമയത്തിൽ ഏതാണ്ട് 40% ശോഷണം വരുത്തി. 1950 നും 1960 നും ഇടക്ക് രൂപയുടെ മൂല്യശോഷണത്തിന്റെ ശതമാനം ഏതാണ്ട് 7ശതമാനത്തിനു താഴെയായിരുന്നു [27]. 1970 കൾക്കു ശേഷം ഇത് കുതിച്ചുയർന്നു. 1973-74 ൽ ഈ ശതമാന നിരക്ക് 20 എന്ന നിലയിലെത്തി. ആഗോളവ്യാപകമായി നിലനിന്ന എണ്ണ പ്രതിസന്ധിയാണ്[28] ഇത്തരമൊരു പ്രതിസന്ധിയിലേക്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൊണ്ടെത്തിച്ചത്. മൂല്ല്യശോഷണം പിടിച്ചു നിർത്താനുള്ള നടപടികൾ ഇന്ദിരാ സർക്കാർ കൊണ്ടുവന്നു. ഇത്തരം നീക്കങ്ങൾ ഫലം കണ്ടു തുടങ്ങി. 1974 ൽ 25ശതമാനം ആയിരുന്നത് 1975-1976 ഓടു കൂടി -1.1% എന്ന മാന്ത്രിക സംഖ്യയിലേക്കു വന്നു.[29][30] ഇന്ദിരാ ഗാന്ധി അധികാരത്തിലേക്ക് തിരിച്ചെത്തിയ രണ്ടാം ഘട്ടവും ഒട്ടും ആശ്യാസ്യമല്ലായിരുന്നു ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ. 1979 ലെ രണ്ടാം എണ്ണ പ്രതിസന്ധിയും, കൃഷിയിലുണ്ടായ നാശവും സമ്പദ് വ്യവസ്ഥയിൽ തിരിച്ചടികൾ ഉണ്ടാക്കി.[31] എണ്ണപ്രതിസന്ധി ആഗോള കാരണങ്ങൾ കൊണ്ടായിരുന്നെങ്കിൽ കാർഷികവിളകൾക്കേറ്റ നാശം തികച്ചും ആഭ്യന്തര പ്രശ്നമായിരുന്നു. 1971 മുതൽ 1980 വരെ തൊഴിലില്ലായ്മ നിരക്ക് 9ശതമാനമായി തന്നെ തുടർന്നു. പിന്നീട് ഇത് 1983 ൽ 8.3ശതമാനത്തിലേക്ക് താഴുകയും ഉണ്ടായി.[32]

ബാങ്കുകളുടെ ദേശസാൽക്കരണം

ഇന്ദിരാ ഗാന്ധിയുടെ ഭരണപരിഷ്കാരങ്ങളിൽ വളരെ പ്രധാനപ്പെട്ടതെന്ന് എടുത്തു പറയാവുന്ന ഒന്നാണ് വാണിജ്യബാങ്കുകളുടെ ദേശസാൽക്കരണം.[33] സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലായിരുന്നു ഇന്ത്യയിലെ ബാങ്കിംഗ് മേഖല അതുവരെ. മുൻഗണന കിട്ടേണ്ട പല മേഖലകളെയും അവഗണിച്ച് സ്വകാര്യ നിക്ഷേപങ്ങൾക്കാണ് ഉടമകൾ താൽപര്യം കാണിച്ചിരുന്നത്. ഇതു മൂലം, സാധാരണജനങ്ങൾക്ക് ബാങ്കിംഗ് എന്നത് ഒരു സ്വപ്നമായെങ്കിലും അവശേഷിച്ചു.[34] ഇന്ദിര ബാങ്കുകൾ ദേശസാൽക്കരിക്കുന്നതിനുള്ള ഒരു പദ്ധതി അവതരിപ്പിച്ചു.[35] സ്വകാര്യ ബാങ്കുകളുടെ ചൂഷണത്തിനു വിധേയരായിരുന്ന സാധാരണ ജനങ്ങൾ ഈ നടപടി സ്വാഗതം ചെയ്തു. പതിനാല് വാണിജ്യ ബാങ്കുൾ ഇന്ദിരാ സർക്കാർ ദേശസാൽക്കരിച്ചു.[36] ദേശസാൽക്കരണ പ്രക്രിയ ബാംങ്കിംഗ് രംഗത്ത് അഭൂതപൂർവ്വമായ മാറ്റമാണ് വരുത്തിയത്, നിക്ഷേപം 800 ശതമാനത്തോളം വർദ്ധിച്ചു, വായ്പാശതമാനം 11,000 ശതമാനത്തോളം എത്തി.[36] ബാങ്കുൾ ഗ്രാമീണ മേഖലകളിലും ശാഖകൾ തുറന്നു. ബാങ്കിംഗ് എന്നാൽ സാധാരണക്കാർക്കും പ്രാപ്യമായിത്തീർന്നു. ജനങ്ങളുടെ സമ്പാദ്യശീലം വർദ്ധിക്കുക എന്നതിലുപരി വിവിധമേഖലകളിൽ നടന്ന നിക്ഷേപം ഗണ്യമായി വർദ്ധിക്കുകയുണ്ടായി. പ്രതിപക്ഷനേതാവായിരുന്ന ജയപ്രകാശ് നാരായണൻ പോലും ഈ ദേശസാൽക്കരണ നടപടിയിൽ ഇന്ദിരയെ പുകഴ്ത്തുകയുണ്ടായി. എന്നാൽ ധനകാര്യ മന്ത്രി മൊറാർജിയുൾപ്പടെയുള്ള നേതാക്കൾ ഇക്കാര്യത്തിൽ ഇന്ദിരയുമായി ഇടഞ്ഞു.[37] ബാങ്കിംഗ് മേഖല അപ്രാപ്യമായിരുന്ന സാധാരണജനങ്ങൾക്ക് ഈ ദേശസാൽക്കരണം ഗുണകരമായി എന്നതിൽ സംശയമൊന്നുമില്ല. 1971 ൽ ഇന്ദിര രണ്ടാവട്ടം അധികാരത്തിലെത്തിയപ്പോൾ ഈ ദേശസാൽക്കരണ നയം വ്യാവസായിക മേഖലകളിലേക്കും വ്യാപിപ്പിച്ചു.[38] ഇരുമ്പ്, കൽക്കരി, ഖനി, പരുത്തി തുടങ്ങിയ വ്യവസായമേഖലകളെല്ലാം ഇന്ദിരാ സർക്കാർ ദേശസാൽക്കരിക്കുകയുണ്ടായി. തൊഴിൽ ഉറപ്പുവരുത്താനാണ് ഈ നടപടികൊണ്ട് ഇന്ദിര ഉദ്ദേശിച്ചിരുന്നതെന്നു പറയപ്പെടുന്നു. ബാക്കിയുള്ള സ്വകാര്യമേഖലാ വ്യവസായങ്ങൾ വളരെ കർശനമായ നിരീക്ഷണങ്ങൾക്കു വിധേയമാക്കുകയും ചെയ്തു.[38]

ഇന്ദിരയുടെ പല നടപടികളും പാർട്ടി നേതൃത്വത്തിന്റെ അനിഷ്ടം വിളിച്ചുവരുത്തി. 1969-ൽ രാഷ്ട്രപതി സാക്കിർ ഹുസൈന്റെ മരണത്തോടെ ഈ വിയോജിപ്പ്‌ മൂർധന്യത്തിലെത്തി. കോൺഗ്രസ്‌ നേതൃത്വം നീലം സഞ്ജീവ റെഡ്ഡിയെ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയപ്പോൾ ഇന്ദിര ഉപരാഷ്ട്രപതിയും, ഇടതു ചിന്താഗതിക്കാരനുമായ വി വി ഗിരിക്ക് പിന്തുണ നൽകി.[39] വി.വി. ഗിരി സ്വതന്ത്രനായിട്ടായിരുന്നു നാമനിർദ്ദേശ പത്രിക നൽകിയിരുന്നത്. ഇന്ദിരയെ അധികാരത്തിൽ നിന്നും പുറന്തള്ളാൻ ഔദ്യോഗിക നേതൃത്വം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏതായാലും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഇന്ദിരയുടെ മനസാക്ഷിവോട്ട്‌ ആഹ്വാനം ലക്ഷ്യംകണ്ടു. വി വി ഗിരി രാഷ്ട്രപതിയായി. ഇതോടെ കോൺഗ്രസ്‌ ഔദ്യോഗികമായി പിളർന്നു[39]. പാർട്ടിയിലെ പ്രതിസന്ധി മറികടക്കാനും, തിരഞ്ഞെടുപ്പിൽ വിജയം നിലനിർത്താനും ഇന്ദിര ഗരീബി ഹഠാവോ(ദാരിദ്ര്യത്തെ ചെറുക്കുക) എന്ന പ്രസിദ്ധമായ മുദ്രാവാക്യം പുറത്തിറക്കി. ഈ മുദ്രാവാക്യവുമായി 1971ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട അവർ വൻഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി. മത്സരിച്ച 441 മണ്ഡലങ്ങളിൽ 352 എണ്ണത്തിലും വിജയിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഭരണത്തിലെത്തി .[40]

ബംഗ്ലാദേശ്‌ വിമോചന യുദ്ധം

1971ലെ ബംഗ്ലാദേശ്‌ വിമോചന യുദ്ധമായിരുന്നു ഇന്ദിരയുടെ കീർത്തിയുയർത്തിയ മറ്റൊരു സംഭവം.[41] [42] കിഴക്കൻ പാകിസ്താനിലെ ഹിന്ദുക്കളെ ഇന്ത്യയിലേക്ക്‌ പറഞ്ഞുവിട്ട പാക്‌ സൈന്യമാണ്‌ സംഘർഷത്തിനു തുടക്കം കുറിച്ചത്‌. പാകിസ്താന്റെ നടപടിയെ രാജ്യാന്തര വേദികളിൽ ചോദ്യം ചെയ്ത ശേഷം ഇന്ത്യ, ബംഗ്ലാദേശ്‌ വിമോചന യുദ്ധം ആരംഭിച്ചു.[43] ഒരുലക്ഷത്തോളം പാക്‌ സൈനികരെ തടവിലാക്കിയ ഇന്ത്യ ബംഗ്ലാദേശിനെ പാകിസ്താനിൽ നിന്നും വേർപെടുത്തി. ബംഗ്ലാദേശ്‌ വിമോചന യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയം പൊതുജനങ്ങൾക്കിടയിൽ ഇന്ദിരയുടെ സ്വാധീനം അരക്കിട്ടുറപ്പിച്ചു. ഇന്ദിരയുടെ കൈകളിൽ ഇന്ത്യ സുരക്ഷിതയാണെന്നു സാധാരണക്കാരെക്കൊണ്ടു ചിന്തിപ്പിക്കുന്നതിൽ അവർ വിജയിച്ചു. ഈ യുദ്ധവിജയത്തിനുശേഷം, അന്നത്തെ പ്രതിപക്ഷനേതാവ് അടൽ ബിഹാരി വാജ്പേയി ഇന്ദിരയെ ദുർഗ്ഗാദേവിയോടാണ് ഉപമിച്ചത്.[44][45]

ഷിംലാ കരാർ

യുദ്ധത്തിൽ പരാജയപ്പെട്ട പാകിസ്താന്റെ ഒരുലക്ഷത്തോളം ഭടന്മാരെ മോചിപ്പിക്കുന്നതിനു പകരമായി പാക് അധീന കാശ്മീർ തിരിച്ചു ചോദിക്കാത്തതെന്ത് എന്നു രാജ്യമൊട്ടാകെ വിമർശനമുയർന്നു. എങ്കിലും ഇന്ദിര അത്തരം ഒരു ആവശ്യത്തിൽനിന്നു മാറി നിന്നത് പാകിസ്താനുമായുള്ള ആജീവനാന്ത ശത്രുതയും ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകളും അന്താരാഷ്ട്ര പ്രതിഷേധവും ഒഴിവാക്കി. പാക് പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയെ ഇന്ദിര സിംലയിലേക്ക് ഒരു ആഴ്ച നീണ്ട ചർച്ചയ്ക്കു ക്ഷണിച്ചു. ഏകദേശം പരാജയപ്പെടുമെന്ന് ഉറപ്പായ ഈ ചർച്ചയുടെ ഒടുവിൽ ഇന്ദിരയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ഉടമ്പടി ഒപ്പുവെച്ചു.കാശ്മീർ പ്രശ്നം ഉഭയകക്ഷി ചർച്ചകളിൽ കൂടെ മാത്രമേ പരിഹരിക്കാൻ പറ്റൂ എന്ന് സിംലാ കരാർ നിഷ്കർഷിച്ചു[46][47] പാകിസ്താനു വേണ്ടി പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയും, ഇന്ത്യക്കു വേണ്ടി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമാണ് സിംലാ കരാറിൽ ഒപ്പു വെച്ചത്. ഇന്ത്യയുടെ തടവിലുണ്ടായിരുന്ന 90,368 പാകിസ്താൻ പട്ടാളക്കാരേയും ഇന്ത്യ വിട്ടയച്ചു.

പൊക്രാനിലെ അണുബോംബ് പരീക്ഷണം

ആണവപദ്ധതിയിൽ ജവഹർലാൽ നെഹ്രുവിന്റെ പാത പിന്തുടരുകയാണ് ഇന്ദിര ചെയ്തത്. ചൈന ആണവപരീക്ഷണം നടത്തിയതിനു തൊട്ടുപിന്നാലെ ഇന്ദിര ഇന്ത്യയുടെ ആണവപദ്ധതിക്ക് അനുമതി നൽകുകയായിരുന്നു. ആണവശക്തി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ എത്തിക്കുക വഴി രാജ്യത്തിന്റെ സുരക്ഷയേയും, സ്ഥിരതതേയും കാത്തു സൂക്ഷിക്കുക എന്നതായിരുന്നു ഇന്ദിരയുടെ ലക്ഷ്യം. 1974 ൽ ഇന്ത്യ ആണവപരീക്ഷണം നടത്താൻ സജ്ജമായി എന്ന് ഡോക്ടർ.രാജാരാമണ്ണ ഇന്ദിരയെ അറിയിച്ചു. രാജസ്ഥാനിലെ പൊക്രാൻ മരുഭൂമിയിൽ ഇന്ത്യ വിജയകരമായ ആണവ പരീക്ഷണം നടത്തി.[48]ബുദ്ധൻ ചിരിക്കുന്നു’ എന്നു രഹസ്യ പേരിട്ട ഈ പരീക്ഷണം ലോകരാജ്യങ്ങളിൽ കാര്യമായ പ്രതികരണം ഉളവാക്കിയില്ല. എന്നാൽ അയൽ രാജ്യമായ പാകിസ്താൻ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പാകിസ്താൻ പ്രധാനമന്ത്രി, സുൾഫിക്കർ അലിക്കെഴുതിയ ഒരു കത്തിൽ ഇത് സമാധാന ലക്ഷ്യങ്ങൾക്കുള്ള ആണവപരീക്ഷണമായിരുന്നു എന്നാണ് ഇന്ദിര വിശേഷിപ്പിച്ചത്

ഹരിതവിപ്ലവവും ധവള വിപ്ലവവും

1960-ൽ തുടക്കം കുറിച്ച കാർഷിക മേഖലയിലെ പ്രത്യേക പരിഷ്കാരങ്ങളും ഗവേഷണങ്ങളും ഇന്ത്യയിലെ കടുത്ത ഭക്ഷ്യ ദുർലഭതയെ മാറ്റി ഇന്ത്യയെ മിച്ചധാന്യം ഉല്പാദിപ്പിക്കുന്ന ഒരു രാജ്യമാക്കി മാറ്റി. രാജ്യത്തിന്റെ ആവശ്യങ്ങൾ കഴിഞ്ഞു വരുന്ന അധിക ധാന്യങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തുതുടങ്ങി. ഹരിതവിപ്ലവം എന്നറിയപ്പെട്ട ഈ നീക്കങ്ങളുടെ ഫലമായി കാർഷിക വിളകളുടെ വൈവിധ്യവൽകരണവും ഈ കാലയളവിൽ നടന്നു.[49] 1978/79 കാലഘട്ടത്തിൽ 131 ദശലക്ഷണം ടൺ വിളയാണ് ഇന്ത്യ ഉൽപാദിപ്പിച്ചത്.[50][51] ഹരിതവിപ്ലവം കാർഷികമേഖലയിൽ മാത്രമല്ല, കാർഷിക മേഖലക്കായുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന മേഖലകളിലും തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളാണ് കൂടുതൽ ഉൽപ്പാദനക്ഷമത കാണിച്ചത്[50] കാർഷികമേഖലകളിൽ ഉപയോഗിച്ച ചില രാസവളങ്ങളുടെ ഉപയോഗം ചുറ്റുപാടും ഉള്ള ജീവജാലങ്ങൾക്ക് ഹാനികരമായിത്തീർന്നു എന്ന ചില ദോഷവശങ്ങളും ഹരിതവിപ്ലവം കൊണ്ടുണ്ടായി.[50][52]

ഇതേ സമയം നടന്ന ധവളവിപ്ലവം രാജ്യത്തിന്റെ പാലുൽപാദനം ഗണ്യമായി വർദ്ധിപ്പിച്ചു. രാജ്യത്തെ കുട്ടികളിലെ പോഷകാഹാരക്കുറവ് ഒരു വലിയ അളവു വരെ കുറക്കുന്നതിന് ധവളവിപ്ലവം കൊണ്ടു സാധിച്ചു. നാഷണൽ ഡെയറി ഡെവലപ്പ്മെന്റ് ബോർഡിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഈ പദ്ധതി പാലുൽപ്പാദനരംഗത്ത് വൻ കുതിച്ചു ചാട്ടം തന്നെ കൊണ്ടുവന്നു. ഒന്നാം ഘട്ടത്തിൽ ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ 18 പാലുൽപ്പാദനകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് മദർഡെയറികൾ രൂപവത്കരിച്ചു. 1975 ൽ പൂർത്തിയാക്കുവിധം വിഭാവനം ചെയ്തതായിരുന്നു ഈ പദ്ധതിയെങ്കിലും, 1979 ലാണ് ആദ്യഘട്ടം പൂർണ്ണമായത്. ആകെ പദ്ധതി ചെലവ് 116 കോടിരൂപയായിരുന്നു. 1971-1972 കാലഘട്ടത്തിൽ ആഭ്യന്തരപാലുൽപ്പാദനം 22.50ദശലക്ഷം മെട്രിക് ടൺ ആയിരുന്നത് ധവളവിപ്ലവത്തിന്റെ ഒന്നാം ഘട്ടം അവസാനിക്കാറായപ്പോഴേക്കും 28.40 ദശലക്ഷം മെട്രിക് ടൺ ആയി മാറി.[53]

ഭാഷാ നയം

ഇന്ത്യൻ ഭരണഘടന പ്രകാരം, ഹിന്ദി ഭാഷയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിരുന്നു. എന്നാൽ ഹിന്ദി സംസാരിക്കാത്ത ചില സംസ്ഥാനങ്ങൾ പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇത് അംഗീകരിക്കാൻ ഒരുക്കമായിരുന്നില്ല. ഇംഗ്ലീഷ് ആയിരിക്കണം ഔദ്യോഗിക ഭാഷ എന്നവർ ആവശ്യപ്പെട്ടു. ഇത് കടുത്ത ഒരു ഭരണഘടനാ പ്രതിസന്ധിക്കിടയാക്കി. 1967 ൽ ഇന്ദിരയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഒരു ഭരണഘടനാ ഭേദഗതിയിലൂടെ, ഇംഗ്ലീഷും ഹിന്ദിയും ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചു..[54] വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഇന്ദിരക്കു കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നുവെങ്കിലും, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അവർക്ക് പൂർണ്ണ പിന്തുണ നൽകിയിരുന്നു.

അടിയന്തരാവസ്ഥ

പ്രധാന ലേഖനം: അടിയന്തരാവസ്ഥ

1971-ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയോട് പരാജയപ്പെട്ട രാജ്നാരായണൻ തിരഞ്ഞെടുപ്പ് കൃത്രിമം, സർക്കാർ വസ്തുവകകൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് ഇന്ദിരയ്ക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ കേസുകൊടുത്തു.[55] അലഹബാദ് ഹൈക്കോടതി വിധിയിൽ ജസ്റ്റിസ് ജഗ്‌മോഹൻലാൽ സിൻ‌ഹ ഇന്ദിരയെ കുറ്റക്കാരിയായി വിധിക്കുകയും ലോകസഭാ സീറ്റ് റദ്ദുചെയ്യുകയും 6 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കുകയും ചെയ്തു. രാജ്യമൊട്ടാകെ ഇന്ദിര രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ ശക്തമായി. ജയപ്രകാശ് നാരായണിന്റെയും മൊറാർജി ദേശായിയുടെയും നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾ ഡെൽഹിയിൽ നിയമസഭ, പ്രധാനമന്ത്രിയുടെ വസതി, എന്നിവയോടു ചേർന്നുള്ള നിരത്തുകൾ ജനങ്ങളെ കൊണ്ടു നിറച്ചു.

രാജ്യത്ത് സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്ന് കാണിച്ച് ഇന്ദിര രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ്‌ വഴി ഇന്ത്യൻ ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു . ഇന്ദിരയ്ക്ക് ഉത്തരവുകൾ (ഡിക്രീകൾ) പുറപ്പെടുവിച്ച് ഭരിക്കുവാനും തിരഞ്ഞെടുപ്പുകൾ റദ്ദാക്കുവാനും പൗരാവകാശങ്ങൾ റദ്ദാക്കുവാനും പരിമിതപ്പെടുത്തുവാനും ഉള്ള അധികാരം ഇത് നൽകി. 1975 മുതൽ 1977 വരെ ആയിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം. 24 മണിക്കൂറുകൾ കൊണ്ട് ജയപ്രകാശ് നാരായണും മൊറാർജി ദേശായിയുമടക്കം രാജ്യത്തെ മിക്കവാറും എല്ലാ പ്രധാന പ്രതിപക്ഷ നേതാക്കളെയും ജയിലിലടച്ചു.[55] ലാൽ കൃഷ്ണ അദ്വാനി, അടൽ ബിഹാരി വാജ്‌പേയി, അശോക് മേത്ത കൂടാതെ കേരളത്തിലെ പ്രമുഖ ഇടതുപക്ഷ നേതാക്കളായ പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ തുടങ്ങിയവർ അന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരു മാസം തികയുമ്പോഴേക്കും ഏതാണ്ട് 50,000 ഓളം വരുന്ന ആളുകൾ ജയിലിലടക്കപ്പെട്ടു.[56]

ഭരണഘടന അനുവദിച്ചു തരുന്ന പ്രധാന പൗരാവകാശങ്ങളെല്ലാം അടിയന്തരാവസ്ഥക്കാലത്ത് ലംഘിക്കപ്പെട്ടു. കുറ്റവാളികളെയും രാഷ്ടീയ എതിരാളികളേയും അമർച്ച ചെയ്യാൻ പോലീസിന് വ്യാപകമായ അധികാരങ്ങൾ കൊടുത്ത ഇന്ദിര പത്രസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും നിഷേധിച്ചു. ആർ.എസ്.എസ്, ജമാ-അത്-എ-ഇസ്ലാമി തുടങ്ങിയ സംഘടനകളെ നിരോധിച്ചു. ജനങ്ങൾക്ക് പണിമുടക്കാനും സമരം ചെയ്യുവാനുമുള്ള അവകാശം നിഷേധിക്കപ്പെട്ടു. കസ്റ്റഡി മരണങ്ങളും വ്യക്തികളുടെ തിരോധാനങ്ങളും സാധാരണ സംഭവങ്ങളായി. ആദ്യമാദ്യം പുതിയ നിയമങ്ങൾ ലോകസഭയിൽ കോൺഗ്രസ് ഭൂരിപക്ഷമുപയോഗിച്ച് പാസാക്കിയിരുന്നെങ്കിലും ഇതിനു വേഗത പോരാ എന്ന കാരണംപറഞ്ഞ് പാർലമെന്റിനെ മറികടന്ന് ഇന്ദിര പ്രസിഡന്റിന്റെ ഒപ്പോടുകൂടി നേരിട്ട് നിയമങ്ങൾ പാസാക്കിത്തുടങ്ങി. ഇന്ദിരയുടെ ഇളയമകൻ സഞ്ജയ് ഗാന്ധി നിർബന്ധിത വന്ധ്യവൽക്കരണവും ചേരികൾ ഒഴിപ്പിക്കലും നടപ്പിലാക്കി.[57][58]

വിനോബാ ഭാവേ, മദർ തെരേസ, ജെ.ആർ.ഡി. ടാറ്റ, ഖുശ്‌വന്ത് സിങ് എന്നീ പ്രമുഖർ അടിയന്തരാവസ്ഥയെ പിന്തുണച്ചിരുന്നു.[59][60] 1971 ലെ യുദ്ധത്തിനുശേഷം ഒരു സാമ്പത്തികസുരക്ഷ കൈവരിക്കുന്നതിന് ഇത്തരം നടപടികൾ ആവശ്യമാണെന്ന് ഇവർ അഭിപ്രായപ്പെട്ടിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര രാജ്യത്തിന്റെ വികസനത്തിനായി 20 ഇന പരിപാടികൾ കൊണ്ടുവന്ന് നടപ്പിലാക്കി. രാജ്യത്തിന്റെ വ്യാവസായിക പുരോഗതിയും സമ്പദ് വ്യവസ്ഥയും ജനങ്ങളുടെ ഉല്പാദനക്ഷമതയും അടിയന്തരാവസ്ഥക്കാലത്ത് വൻ‌തോതിൽ വർദ്ധിച്ചു.[61] 1971-ലെ യുദ്ധത്തിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യം കരകയറുകയും സമ്പദ്‌വ്യവസ്ഥ വൻപിച്ച പുരോഗതി കൈവരിക്കുകയും ചെയ്തു.

19 മാസത്തിനുശേഷം 1977-ൽ ഇന്ദിര അടിയന്തരാവസ്ഥ പിൻ‌വലിച്ച് രാജ്യത്ത് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടും എന്ന ഇന്ദിരയുടെ ഉപദേശകരിൽ നിന്ന് കിട്ടിയ നിർദ്ദേശമായിരുന്നു ഇന്ദിരയെ രാജിവെയ്ക്കാൻ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.

അധികാരത്തിൽ നിന്ന് പുറത്താവൽ, അറസ്റ്റ്, തിരിച്ചു വരവ്

ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ പൊതുതെരഞ്ഞെടുപ്പു നടത്താൻ ഇന്ദിര നിർബന്ധിതയായി. തുടർന്നു നടന്ന 1977-ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു, ഇന്ദിരാഗാന്ധി റായ്ബറേലി മണ്ഡലത്തിൽ ജനതാപർട്ടി സ്ഥാനാർത്ഥിയായ രാജ്നാരായണനോട് പരാജയപ്പെട്ടു.[62] തുടർന്ന് ജനതാപാർട്ടിയിലെ മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്തരിച്ച ഫക്രുദ്ദീൻ അലി അഹമ്മദിന്റെ പിൻഗാമിയായി നീലം സഞ്ജീവ റെഡ്ഡി രാഷ്ട്രപതി സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ദിരാഗാന്ധിക്ക് ജോലിയോ വരുമാനമോ ഭവനമോ ഇല്ലാത്ത അവസ്ഥയായി. കോൺഗ്രസ് പാർട്ടി പിളരുകയും ജഗ്ജീവൻ റാമിനെപ്പോലെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ ജനതാ പാർട്ടിയിലേക്ക് ചേക്കേറുകയും ചെയ്തു. പാർലമെന്റ് അംഗങ്ങളുടെ എണ്ണത്തിൽ വളരെ കുറവു വന്നെങ്കിലും കോൺഗ്രസ് പ്രധാന പ്രതിപക്ഷ കക്ഷിയായി തുടർന്നു.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ദിര വെറുതെയിരിക്കുകയായിരുന്നില്ല. അവർ ജനതാപാർട്ടിയുടെ നയങ്ങൾ ജനവിരുദ്ധനയങ്ങളാണെന്ന് ആരോപിച്ച് സാധാരണജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയായിരുന്നു.[63] ഇന്ദിരയുടെ വർദ്ധിച്ചു വരുന്ന പിന്തുണയും, ഇന്ദിര പങ്കെടുക്കുന്ന യോഗങ്ങളിലെ വൻ ആൾക്കൂട്ടവും ജനതാ പാർട്ടിയെ ഭയത്തിലാഴ്ത്തി.[64] ജനതാപാർട്ടിയിലെ മുൻനിര നേതാക്കളായിരുന്ന മൊറാർജി ദേശായിയും, ചരൺസിങും തമ്മിൽ ഇന്ദിരയെ അറസ്റ്റു ചെയ്യുന്നതിനെച്ചൊല്ലി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇന്ദിരയെ അറസ്റ്റു ചെയ്ത് തിഹാർ ജയിലിലടക്കണം എന്ന് ചരൺസിങ് ആവശ്യപ്പെട്ടപ്പോൾ, പ്രതികാരം ജനതാപാർട്ടിയുടെ നയമല്ല എന്നു പറഞ്ഞ് ദേശായി ഈ നീക്കത്തെ എതിർക്കുകയായിരുന്നു.[64] എന്നാൽ സി.ബി.ഐ ആഭ്യന്ത്രമന്ത്രാലയത്തിന്റെ കീഴിലായിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന ചൌധരി ചരൺസിംഗ് ഇന്ദിരാ ഗാന്ധിയെയും സഞ്ജയ് ഗാന്ധിയേയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു.[65] നാല് വ്യത്യസ്ത എഫ്.ഐ.ആർ ആണ് സി.ബി.ഐ ഇന്ദിരക്കെതിരേ തയ്യാറാക്കിയത്. ജനങ്ങളുടെ ഇടയിൽ ഇന്ദിരയുടെ അറസ്റ്റും കൈയാമം വെച്ച് കോടതിയിലേക്ക് കൊണ്ടുപോകുന്ന ഇന്ദിരയുടെ ചിത്രവും അബലയും നിരാലംബയുമായ ഒരു വനിതയെ ഭരണകൂടം വേട്ടയാടുന്നു എന്നു പ്രചാരണത്തിന് വഴിവച്ചു. ഇത് ഇന്ദിരയുടെ രാഷ്ട്രീയ പുനർജ്ജനനത്തിന് വഴിതെളിച്ചു.

ജനതാ കൂട്ടുകക്ഷി ഭരണം ഇന്ദിരയോടുള്ള എതിർപ്പിൽനിന്നും ഉടലെടുത്തതായിരുന്നു. അടിയന്തരാവസ്ഥയിൽനിന്ന് സ്വാതന്ത്ര്യം തിരിച്ചുവന്നെങ്കിലും കക്ഷികൾ തമ്മിലുള്ള പടലപിണക്കങ്ങൾ കാരണം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ ജനതാ ഗവർണ്മെന്റിനു കഴിഞ്ഞില്ല. ഈ സ്ഥിതിവിശേഷം രാഷ്ട്രീയമായി മുതലെടുത്ത ഇന്ദിര വീണ്ടും ജനങ്ങളുടെ ഇടയിലേക്കിറങ്ങി. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾക്കു മാപ്പുപറഞ്ഞ ഇന്ദിര ആചാര്യ വിനോബാ ഭാവേ തുടങ്ങിയ രാഷ്ട്രീയ ഭീഷ്മാചാര്യന്മാരുടെ സമ്മതി നേടിയെടുത്തു. ജൂൺ 1979 ഇൽ മൊറാർജി ദേശായി രാജിവയ്ക്കുകയും ചരൺസിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറുകയും ചെയ്തു.

ലോകസഭയിൽ ഭൂരിപക്ഷമില്ലാതിരുന്ന ചരൺസിംഗ് മന്ത്രിസഭ കോൺഗ്രസ് പിന്തുണയ്ക്കായി ഇന്ദിരയുമായി ധാരണയുണ്ടാക്കി. തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയുമായി അധികാരത്തിനുവേണ്ടി ഉണ്ടാക്കിയ ഈ കൂട്ടുകെട്ട് രാജ്യമൊട്ടാ‍കെ രാഷ്ട്രീയ കോലാഹലങ്ങൾ സൃഷ്ടിച്ചു. ഒരു ചെറിയ ഇടവേളക്കുശേഷം ഇന്ദിര ചരൺസിംഗ് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻ‌വലിക്കുകയും രാഷ്ട്രപതി നീലം സഞ്ജീവറെഡ്ഡി മന്ത്രിസഭ പിരിച്ചുവിട്ട് 1980-ൽ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പിൽ ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ വൻപിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു.

തിരഞ്ഞെടുപ്പുകൾ

  • 1980 - ലെ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലും ആന്ദ്രയിലെ (ഇപ്പോൾ തെലങ്കാനയിൽ) മേഡക്കിലും വിജയിച്ചു. മേഡക്ക് ഉപേക്ഷിച്ചു.
  • 1978 - ൽ കർണ്ണാടകയിലെ ചിക്‌മംഗ്ലൂരിൽ ജനതാ പാർട്ടിയിലെ വീരേന്ദ്ര പാട്ടിലിനെ പരാജയപ്പെടുത്തി ലോകസഭാംഗമായി.
  • 1977 - ൽ റായ്‌ബറേലിയിൽ ജനതാപാർട്ടിയിലെ രാജ് നാരായണൻ പരാജയപ്പെടുത്തി.
  • 1971 - ൽ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഓപ്പറേഷൻ ബ്ലൂസ്റ്റാർ

പഞ്ചാബിലെ ഖാലിസ്ഥാൻ പ്രക്ഷോഭവും അതിന്റെ അടിച്ചമർത്തലുകളും ഇന്ദിരയുടെ അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള ഭരണത്തിന്റെ പ്രധാന നാഴികക്കല്ലുകളായിരുന്നു. അകാലിദളിനു ബദലായി കോൺഗ്രസ് വളർത്തിക്കൊണ്ടു വന്ന ജർണയിൽസിങ് ഭിന്ദ്രൻവാല എന്ന യുവാവ് അക്രമത്തിന്റെ പാത തിരഞ്ഞെടുക്കുകയും പാർട്ടിയിൽ നിന്നു പുറത്താവുകയും ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട ബിന്ദ്രൻവാല 25 ദിവസത്തിനുശേഷം തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കപ്പെട്ടു. ബിന്ദ്രൻ‌വാല തന്റെ പ്രവർത്തന കേന്ദ്രം മെഹ്കാ ചൌക്കിൽ നിന്ന് സുവർണക്ഷേത്ര സമുച്ചയത്തിനുള്ളിലെ ഗുരുനാനാക്ക് നിവാസിലേക്ക് മാറ്റി.

പഞ്ചാബിലെ കലാപങ്ങളെ അടിച്ചമർത്താൻ ഇന്ദിര സൈന്യത്തോട് സുവർണക്ഷേത്രത്തിനുള്ളിൽ കടന്ന് കലാപകാരികളെ അമർച്ചചെയ്യാൻ ഉത്തരവിട്ടു. സിഖ് മതവിശ്വാസികൾ പരിപാവനമായി കരുതുന്ന സുവർണക്ഷേത്രത്തിൽ സൈന്യം കടക്കുകയും ക്ഷേത്രത്തിന്റെ ചില ഭാഗങ്ങൾ തകർക്കുകയും ചെയ്തു. ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന് അറിയപ്പെട്ട ഈ സൈനിക നീക്കത്തിലും അതിന്റെ പരിണതഫലമായി ഉണ്ടായ സിഖ് പ്രക്ഷോഭങ്ങളിലും 20,000 ത്തോളം നിരപരാധികളായ സിഖ് പൗരന്മാർ കൊല്ലപ്പെട്ടു.

വിദേശ നയം

ദക്ഷിണേഷ്യൻരാജ്യങ്ങളുമായി

1971 ൽ പാകിസ്താനിലെ ആഭ്യന്തരയുദ്ധത്തിൽ ഇന്ത്യ ഇടപെടുകയുണ്ടായി. ബംഗ്ലാദേശിന്റെ മോചനം സാധ്യമായ ഈ യുദ്ധത്തിൽ അന്തിമ വിജയം ഇന്ത്യക്കായിരുന്നു.[66]. പാകിസ്താന് പിന്തുണ നൽകിയത് അമേരിക്കയായിരുന്നുവെങ്കിൽ ഇന്ത്യക്കുള്ള പിന്തുണ സോവിയറ്റ് യൂണിയനിൽ നിന്നായിരുന്നു. ഇന്ദിരയുടെ ഈ ധൈര്യം അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സന് തീരെ ഇഷ്ടമായിരുന്നില്ല. തന്റെ സെക്രട്ടറിയുമായുള്ള ഒരു സ്വകാര്യസംഭാഷണത്തിൽ ഇന്ദിരയെ മന്ത്രവാദിനി എന്നു വിശേഷിപ്പിക്കാനും നിക്സൻ മടിച്ചില്ല.[67] ഹിമാലയൻപ്രദേശം ഇന്ത്യയുടെ വരുതിയിലാക്കിത്തീർത്തത് ഇന്ദിരയുടെ ഭരണകാലത്താണ്.[68] നേപ്പാളും,ഭൂട്ടാനുമായുള്ള ബന്ധം ദൃഢമാക്കി. സിക്കിമിനെ ഇന്ത്യയുടെ ഭാഗമാക്കി[69]. പാകിസ്താനിൽ നിന്നും ബംഗ്ലാദേശിനെ മോചിപ്പിക്കുക വഴി നല്ല ബന്ധം പുലർത്തുന്ന മറ്റൊരു അയൽരാജ്യത്തെക്കൂടി ഇന്ത്യക്കു ലഭിച്ചു. ബംഗ്ലാദേശ് പ്രസിഡന്റായിരുന്ന മുജീബുർ റഹ്മാൻ ഇന്ദിരയോട് വളരെയധികം ആദരവ് നിലനിർത്തിയ ഒരു നേതാവായിരുന്നു. ഈ ബഹുമാനം, ബംഗ്ലാദേശിനെ ഇന്ത്യയുടെ മറ്റൊരു സംസ്ഥാനമാക്കി മാറ്റുമോ എന്നു പോലും പലരും സംശയിച്ചു.[70][71] മുജിബുർ റഹ്മാൻ കൊല്ലപ്പെടതിനുശേഷം ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ബന്ധം അത്ര രസകരമല്ലായിരുന്നു. പിന്നീട് ബംഗ്ലാദേശ് സർക്കാർ തങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സഹായിച്ച ഇന്ദിരയ്ക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി നൽകി ആദരിക്കുകയുണ്ടായി.[72]

ജാക്വിലിൻ കെന്നഡിയോടൊപ്പം ദെൽഹിയിൽ, 1962

ഇന്ത്യയുടെ മറ്റൊരു അയൽരാജ്യമായ ശ്രീലങ്കയുമായി തുടക്കകാലത്ത് നല്ല ബന്ധം ഇന്ദിര കാത്തു സൂക്ഷിച്ചിരുന്നു എങ്കിലും പിൽക്കാലത്ത് ഈ ബന്ധം തീരെ വഷളാവുകയായിരുന്നു. ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന സിരിമാവോ ഭണ്ഡാരനായകയെ സഹായിക്കാനായി ഇന്ദിര കച്ചത്തീവ് എന്ന ചെറു ദ്വീപ് ശ്രീലങ്കക്കായി വിട്ടുകൊടുക്കാൻ പോലും തയ്യാറായി. എന്നാൽ സിരിമാവോക്കു ശേഷം ജൂനിയസ് ജയവർദ്ധനെയുടെ കാലത്ത് ഇന്ത്യയുമായുള്ള ബന്ധം ഉലയാൻ തുടങ്ങി[73]. ജയവർദ്ധനക്കെതിരേയുള്ള സമ്മർദ്ദ തന്ത്രം എന്ന രീതിയിൽ തമിഴ് തീവ്രവാദിസംഘടനയായ എൽ.ടി.ടി.ഇയെ ഇന്ത്യാ സർക്കാർ സഹായിക്കാൻ തുടങ്ങി.[74] തമിഴ് സമൂഹത്തിനു നേരെയുള്ള യാതൊരു കൈയ്യേറ്റവും കൈയും കെട്ടി നോക്കിയിരിക്കാനാവില്ല എന്ന് ഇന്ദിര ഉറക്കെ പ്രഖ്യാപിച്ചു.[75] എന്നിരിക്കിലും, 1983 ൽ തമിഴ് ന്യൂനപക്ഷത്തിനെതിരേ നടന്ന കലാപമായ ബ്ലാക്ക് ജൂലൈക്കുശേഷവും, ശ്രീലങ്കൻ വിഷയത്തിൽ ഇടപെടാൻ ഇന്ദിര തയ്യാറായിരുന്നില്ല.[76]

സിംല കരാറോടുകൂടി ശാന്തതയിലെത്തിയിരുന്ന ഇന്ത്യാ പാകിസ്താൻ ബന്ധം 1974 ലെ ഇന്ത്യയുടെ ആണവായുധ പരീക്ഷണത്തോടെ വീണ്ടും വഷളായി. പാകിസ്താനെതിരെയുള്ള ഭീഷണിയായി �