ആൽബർട്ട് തടാകം, ഉഗാണ്ടയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ്. യഥാർത്ഥത്തിൽ എംവിറ്റാൻസിഗ് തടാകം എന്നും താൽക്കാലികമായി മൊബുട്ടു സെസെ സെക്കോ തടാകം എന്നും ഇത് അറിയപ്പെടുന്നു. ആഫ്രിക്കയിലെ ഏഴാമത്തെ വലിയ തടാകവും ഉഗാണ്ടയിലെ മഹാ തടാകങ്ങളിൽ രണ്ടാമത്തെ വലിയ തടാകവുമാണിത്.
ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മധ്യഭാഗത്തായി ഉഗാണ്ടയുടെയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെയും അതിർത്തിയിലാണ് ആൽബർട്ട് തടാകം സ്ഥിതി ചെയ്യുന്നത്. ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റിൻറെ പടിഞ്ഞാറൻ ശാഖയായ ആൽബർട്ടൈൻ റിഫ്റ്റിലെ തടാകങ്ങളുടെ ശൃംഖലയുടെ വടക്കേയറ്റത്താണ് ഇതിൻറെ സ്ഥാനം. ഏകദേശം 160 കിലോമീറ്റർ (99 മൈൽ) നീളവും 30 കിലോമീറ്റർ (19 മൈൽ) വീതിയും 51 മീറ്റർ (167 അടി) പരമാവധി ആഴവുമുള്ള ഇതിന് സമുദ്രനിരപ്പിൽ നിന്ന് 619 മീറ്റർ (2,031 അടി) ഉയരമുണ്ട്.