ആർ. സുഗതൻ
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിൽ ആദ്യകാല ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച നേതാക്കളിൽ ഒരാളുമാണ് സുഗതൻ സാർ എന്നറിയപ്പെട്ടിരുന്ന ആർ. സുഗതൻ (ജ: 23 ഡിസംബർ 1901 മ: 14 ഫെബ്രുവരി 1970).[1] ഇദ്ദേഹം രണ്ട് തവണ വീതം തിരുക്കൊച്ചി നിയമസഭയിലും കേരള നിയമസഭയിലും അംഗമായിട്ടുണ്ട്. ആലപ്പുഴ ബോട്ട് ജെട്ടിയിൽ ചുമട്ടുകാരനായാണ് തൊഴിലാളി ജീവിതം ആരംഭിച്ചത്. മലയാളം ഹയർ പരീക്ഷ ജയിച്ചതിനുശേഷം കുറേക്കാലം അധ്യാപകനായി ജോലി നോക്കി. അയിത്തോച്ചാടന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. അതിനുശേഷം എസ്.എൻ.ഡി.പി. പ്രവർത്തകനായി. തിരുവിതാംകൂർ ലേബർ അസ്സോസ്സിയേഷനിലൂടെ തൊഴിലാളി പ്രസ്ഥാനത്തിലെത്തി. മെയ്ദിനം എന്ന കവിത എഴുതിയതിന്റെ പേരിൽ ആദ്യമായി ജയിലിലടക്കപ്പെട്ടു. 1957 ലെ ഒന്നാം കേരളനിയമസഭയിൽ കാർത്തികപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. സുഗതന്റെ കവിതകളുടെ സമാഹാരം പ്രോലിറ്റേറിയൻ കവിതകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2] 1970 ഫെബ്രുവരി 14 ന് 68ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ജീവിത രേഖ
ആലപ്പുഴ പട്ടണത്തിൽ ലജനത്ത് വാർഡിൽ, വെള്ളിപ്പറമ്പ് എന്ന ദരിദ്ര കുടുംബത്തിൽ വേലുവിന്റെയും കല്യാണിയുടെയും മൂത്തമകനായി 1901 ഡിസംബർ 25 ന് ജനിച്ച ആർ. അദ്ദേഹത്തിന്റെ പൂർവ്വികന്മാർ കൊല്ലത്തുനിന്നും മരപ്പണിക്കാരായി ആലപ്പുഴയിൽ കുടിയേറി പാർത്തവരായിരുന്നു. സുഗതന്റെ യഥാർത്ഥ നാമം ശ്രീധരൻ എന്നായിരുന്നു. അദ്ദേഹത്തിനു പ്രായപൂർത്തിയാവുന്നതിനു മുമ്പു തന്നെ മാതാപിതാക്കൾ അന്തരിച്ചു. ആലപ്പുഴ മുഹമ്മദൻസ് സ്കൂളിൽ അദ്ദേഹത്തെ പഠനത്തിനായി ചേർത്തത് അമ്മാവൻ രാമൻകുട്ടിയായിരുന്നതിനാൽ രാമൻകുട്ടി ശ്രീധരൻ എന്ന് പേരു ചേർക്കുകയും പിൽക്കാലത്ത് എസ്.എൻ.ഡി.പി യോഗത്തിന്റെയും ബുദ്ധമതത്തിന്റെയും പ്രചാരകനായി മാറിയപ്പോൾ അദ്ദേഹം തന്നെ സുഗതൻ എന്ന നാമം സ്വീകരിക്കുകയും അങ്ങനെ ആർ. സുഗതൻ എന്ന് അറിയപ്പെടുകയും ചെയ്തു.[3] ആലപ്പുഴ ബോട്ട് ജെട്ടിയിൽ യാത്രക്കാരുടെ സാധനങ്ങൾ ചുമന്നു ഒരു തൊഴിലാളിയായി ജോലി ചെയ്യേണ്ടി വന്നു. ഉപജീവനത്തിന് മറ്റു മാർഗ്ഗങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. സുഗതൻ അക്കാലത്തെ എഴാംക്ലാസ്സ് പബ്ലിക്ക് പരീക്ഷ പാസ്സാകുകവഴി സംസ്കൃതത്തിലും ഇംഗ്ലീഷിലും പ്രാവീണ്യം നേടുകയും അദ്ധ്യാപക നിയമനത്തിനായുള്ള യോഗ്യത നേടുകയും ചെയ്തു. പട്ടിണിയെത്തുടർന്ന് വിദ്യാഭ്യാസം തുടരാനാവാതെ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള വോൾക്കട്ട് എന്ന കയർ കമ്പനിയിൽ തൊഴിലാളിയായി ചേർന്നു. തുടർന്ന് പ്രൈമറി സ്കൂൾ അദ്ധ്യാപകനായി ജോലി ലഭിച്ചു. ആലപ്പുഴയിലെ കാഞ്ഞിരംചിറ എന്ന സ്ഥലത്തെ ഒരു കുടുംബസ്കൂളിൽ അധ്യാപകനായി 15 വർഷം ജോലി ചെയ്തു. നന്നായി വായിക്കുകയും,പഠിക്കുകയും ചെയ്ത സുഗതൻ പെട്ടെന്നു തന്നെ പേരെടുത്ത ഒരു അധ്യാപകനായി മാറി.[4] അവിവാഹിതനായിരുന്ന അദ്ദേഹം 68 ആമത്തെ വയസ്സിൽ അന്തരിച്ചു.[5] സംഘടനാ ജീവിതംസംഘടനാ പ്രവർത്തനത്തിന്റെ ആദ്യ നാളുകളിൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ പ്രവർത്തനത്തിനാകുകയും "ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് " എന്ന സഹോദരനയ്യപ്പന്റെ മുദ്രാവാക്യത്തിൽ ആകൃഷ്ടനായി യുവജനസമാജം എന്ന പേരിൽ ഒരു സഹോദരസംഘം രൂപീകരിക്കുന്നതിന് സുഗതൻ നേതൃത്വം നൽകുകയും ചെയ്തു. തുടർന്ന് ബുദ്ധമത പ്രചാരകനുമായി. യുക്തിവാദി പത്രത്തിലെ എം.സി.ജോസഫ്,സഹോദരൻ അയ്യപ്പൻ തുടങ്ങിയവരുമായുള്ള അടുപ്പം വിപ്ലവകരമായ ചിന്താഗതി അദ്ദേഹത്തിൽ വളത്തി. 1924 ൽ അസ്സോസിയേഷൻ എന്ന പേരിൽ തൊഴിലാളികളുടെ വായനശാലയും തൊഴിലാളികൾക്കായി നിശാപാഠശാലയും ആരംഭിച്ചു. നിവർത്തന പ്രക്ഷോഭത്തിലും സജീവ പങ്കുവഹിച്ചു.[6] അയിത്തോച്ചാടന പ്രവർത്തനങ്ങളിൽ അദ്ദേഹം ഗൗരവമായി ഇടപെട്ടു. സവർണ്ണർക്കുമാത്രമായുള്ള ഭക്ഷ്യശാലകളിലും മറ്റും അവർണ്ണർക്കുകൂടി പ്രവേശനം ലഭിക്കാൻ അദ്ദേഹം സുഹൃത്തുക്കളോടൊപ്പം ഇത്തരം സ്ഥലങ്ങൾ പിക്കറ്റ് ചെയ്തു. രാഷ്ട്രീയ ജീവിതംആലപ്പുഴയിൽ പ്രവർത്തിച്ചിരുന്ന തിരുവിതാംകൂർ ലേബർ അസ്സോസ്സിയേഷനുമായി ബന്ധപ്പെട്ടതോടെയാണ് സുഗതന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അസ്സോസ്സിയേഷൻ നടത്തിയിരുന്ന നിശാപാഠശാലയിൽ ക്ലാസ്സെടുക്കാൻ സുഗതൻ സാറിനെ ഭാരവാഹികൾ ക്ഷണിച്ചു. 1930 ലേബേഴ്സ് പരസ്പര സഹായസഹകരണസംഘങ്ങളുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1935 ൽ കോഴിക്കോട് പി.കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നടന്ന ഒന്നാം അഖിലകേരള തൊഴിലാളി യൂണിയൻ സമ്മേളനത്തിൽ തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ പ്രതിനിധിയായി പങ്കെടുത്തു. 1936 ൽ ലേബർ അസ്സോസ്സിയേഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം നടന്ന കയർഫാക്ടറി തൊഴിലാളി പണിമുടക്കുമായി ബന്ധപ്പെട്ട് ആദ്യമായി അറസ്റ്റിലായി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് നിലവിൽ വന്നപ്പോൾ അതിൽ അംഗമായി. അതോടെ കയർഫാക്ടറിതൊഴിലാളികളുടെ പണിമുടക്ക്, നാവികതൊഴിലാളി പണിമുടക്ക്, ഉത്തരവാദസമരത്തിനുവേണ്ടിയുള്ള പ്രക്ഷോഭം എന്നിങ്ങനെ സമരപരമ്പരകൾക്കു നേതൃത്വം നൽകി.[7] രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് വിലക്കയറ്റവും ക്ഷാമവും രൂക്ഷമായപ്പോൾ, കരിഞ്ചന്തക്കും പൂഴ്ത്തിവെയ്പിനുമെതിരേ സുഗതന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. പ്രക്ഷോഭം അധികാരികൾക്ക് തലവേദനയായപ്പോൾ സുഗതനെ സമരരംഗത്ത് നിന്നും ഒഴിവാക്കാനായി അധികാരികൾ അദ്ദേഹമെഴുതിയ മെയ്ദിനം എന്ന കവിതയുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചാർത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മൂന്നുവർഷത്തേക്കായിരുന്നു തടവുശിക്ഷ.[8] ആലപ്പുഴ, കൊല്ലം ജില്ലകളിലെ കയർ ഫാക്ടറിത്തൊഴിലാളികളെ സംഘടിപ്പിക്കുകയും സമരങ്ങൾ നയിക്കുകയും സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും ചെയ്തതിന്റെ പേരിൽ നാലരക്കൊല്ലക്കാലം ജയിലിലും ലോക്കപ്പിലുമായി അദ്ദേഹത്തിന് തടവിൽ കിടക്കേണ്ടിവന്നു. 1938 ജൂലൈയിൽ തിരുവിതാംകൂർ ട്രേഡ് യൂണിയൻ നിയമം നടപ്പിലായപ്പോൾ ഒന്നാം നമ്പർ യൂണിയനായി രജിസ്റ്റർ ചെയ്തത് സുഗതൻ സാർ നേതൃത്വം നൽകിയിരുന്ന തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയനായിരുന്നു. ഓൾ ട്രാവൻകൂർ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി; അഖില കേരള ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 1938-ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനാരംഭിച്ചു. 1939-ൽ ആർ. സുഗതൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലംഗമായി. ജന്മാവകാശമായി ലഭിച്ച സ്വത്തുവകകൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇദ്ദേഹം നൽകുകയുണ്ടായി.[5][9] മരണം വരെ സി.പി.ഐ സംസ്ഥാന കൗൺസിലിൽ അംഗമായിരുന്നു. നിയമസഭാംഗം1952 ലും 1954 ലും തിരു - കൊച്ചി നിയമ സഭയിലേക്കും 1957 ലും 1960 ലും കേരള നിയമസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1952-ൽ ആലപ്പുഴയിൽ നിന്നും 1954-ൽ മാരാരിക്കുളത്തു നിന്നുമാണ് ഇദ്ദേഹം തിരുക്കൊച്ചി നിയമസഭയിലേക്കെത്തിയത്. ഒന്നും രണ്ടും കേരളനിയമസഭകളിൽ കാർത്തികപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.[10] അവലംബം
|