ആദ്യകാല കമ്മ്യൂണിസ്റ്റുകാരനും തൊഴിലാളിനേതാവും കേരളത്തിലെ ആദ്യനിയമസഭയിലെ അംഗവുമായിരുന്നു[1][2] ആർ. പ്രകാശം.1954 ലെ തിരു-കൊച്ചി നിയമസഭയിലും അംഗമായിരുന്നു.
ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ഈഴവ സമുദായത്തിൽ നിന്നും തിരുവിതാംകൂർ സർവീസിൽ നിയമിതനായ ആദ്യ ഗസറ്റഡ് ഓഫീസറും [3]എസ്.എൻ.ഡി.പി. യോഗം ദേവസ്വം സെക്രട്ടറിയും ആറ്റിങ്ങൽ നഗരസഭയുടെ പ്രഥമ അധ്യക്ഷനുമായിരുന്ന പി.എം. രാമന്റെയും (രാമൻ രജിസ്ട്രാർ) ഭാരതിയുടെയും മക്കളിൽ ഒരാൾ ആയ പ്രകാശം തിരുവനന്തപുരത്ത് ആറ്റിങ്ങൽ ആണ് ജനിച്ചത്. [4] കാർഷിക രംഗം ആധുനികവത്കരിക്കാനും ലോകമെമ്പാടുമുള്ള കാർഷിക ഗവേഷണ ഫലങ്ങൾ കർഷകരിൽ എത്തിക്കാനും അക്ഷീണം യത്നിച്ച മുൻ കൃഷിവകുപ്പ് ഡയറക്ടർ ആർ. ഹേലി അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ആയിരുന്നു. നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ. ആർ. പ്രസന്നൻ, പത്മം, ഡെപ്യൂട്ടി ചീഫ് എൻജിനീയറായിരുന്ന ഹർഷൻ തുടങ്ങിയ[5]പ്രഗത്ഭരായ സഹോദരങ്ങളുടെ കൂടെയാണ് പ്രകാശം വളർന്നത്.
മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഇക്കണോമിക്സിൽ എം.എ. ബിരുദം നേടിയ ശേഷം തിരുവിതാംകൂറിൽ തിരിച്ചെത്തി കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെട്ടു. ചിറയിൻകീഴ് താലൂക്കിനെ കമ്യൂണിസ്റ്റ് ആശയത്തിലേക്ക് നയിക്കുന്നതിൽ ഇദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം, തൊഴിലാളി സമരങ്ങൾ സംഘടിപ്പിക്കുക എന്നിവ കാരണം പലതവണ ജയിൽ വാസം അനുഭവിച്ചു.[6]
1953ൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർമാനായി[7] ആറ്റിങ്ങൽ നഗരസഭയിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ 1954ൽ തിരു-കൊച്ചി നിയമസഭയിലേക്കും 1957ൽ കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പ്രഗല്ഭനായ പാർലമെന്റേറിയൻ എന്ന് പേരെടുത്ത അദ്ദേഹം 1960ൽ വീണ്ടും ആറ്റിങ്ങൽ നിയമസഭാ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ആറ്റിങ്ങൽ ജൂനിയർ ടെക്നിക്കൽ സ്കൂൾ, സർക്കാർ ആശുപത്രി, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡ്, ടൗൺഹാൾ, സ്റ്റേഡിയം, കൊല്ലമ്പുഴ പാലം എന്നിവ അദ്ദേഹത്തിന്റെ സേവനഫലങ്ങളായി രൂപം കൊണ്ടവയാണ്.[8]
ശബരിമല തീവയ്പ്പിനെക്കുറിച്ചുള്ള കേശവമേനോൻ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചത് ആർ പ്രകാശത്തിന്റെ ഒരു ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു. [8]കേരള യൂണിവേഴ്സിറ്റി സെനറ്റ്, മുനിസിപ്പൽ നിയമ ഏകീകരണ കമ്മിറ്റി എന്നിവയിൽ അദ്ദേഹം അംഗമായിരുന്നു. ആർ. പ്രകാശത്തിന്റെ നയതന്ത്രപരമായ സമ്മർദ്ദത്തിലാണ് കേരളത്തിലെ നഗരസഭകൾക്ക് ഒരു ഏകീകൃതപ്രവർത്തനത്തിന്റെ ശൈലി ഉണ്ടായത്.[8] മുനിസിപ്പൽ ആക്റ്റ്, മുനിസിപ്പൽ മാസ്റ്റർ പ്ലാൻ തുടങ്ങിയ അടിസ്ഥാനപരമായ സംരംഭങ്ങൾക്ക് കാരണമായ സർക്കാർ കമ്മീഷനിലെ ഏക അനൗദ്യോഗിക അംഗമായിരുന്നു അദ്ദേഹം.[8]
നിരവധി ട്രേഡ് യൂണിയനുകളുടെ നേതൃത്വം വഹിച്ചിരുന്ന ആർ. പ്രകാശം കേരളത്തിലെ ആദ്യകാല ട്രേഡ് യൂണിയൻ നേതാക്കളിൽ ഒരാളാണ്. കേരള ട്രേഡ് യൂണിയൻ ചരിത്രം എന്നൊരു ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്. [9]കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റിന്റെ സ്ഥാപക പ്രസിഡന്റും അദ്ദേഹമായിരുന്നു. കമ്യൂണിസ്റ്റ് ദിനപത്രമായ ജനയുഗത്തിന്റെ സഹപത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.[8]
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു് അറുപതുകളിൽ ഉണ്ടായ പിളർപ്പിൽ നിരാശനായി അദ്ദേഹം പ്രസ്ഥാനത്തോട് നിശ്ശബ്ദമായി വിടപറഞ്ഞു. അതിനുശേഷം അദ്ദേഹം കായിക്കര ആശാൻ മെമ്മോറിയൽ അസ്സോസ്സിയേഷന്റെ നേതൃത്വം ഏറ്റെടുത്തു. കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരയിൽ വിശ്വകാവ്യകേന്ദ്രം, ആശാൻ മ്യൂസിയം, ഭാരതീയ കവിതകളുടെ കൾച്ചറൽ സിന്തസ്സിസ് സ്കീം, ആശാൻ ടൗൺഷിപ്പ് എന്നീ സംരംഭങ്ങൾ സ്ഥാപിച്ചു. ആശാൻ വേൾഡ് പ്രൈസ് ഏർപ്പെടുത്തിയത് അദ്ദേഹമായിരുന്നു. ഒരു ഭാരതീയ കവിയുടെ പേരിൽ സ്ഥാപിക്കപ്പെടുന്ന പ്രഥമ സാർവ്വദേശിക പുരസ്കാരമാണ് ആശാൻ വേൾഡ് പ്രൈസ്.[10]
ദീർഘകാലത്തെ രാഷ്ട്രീയ നിശ്ശബ്ദതയ്ക്ക് ശേഷം എസ്.ആർ.പി. എന്ന രാഷ്ട്രീയകക്ഷിയുടെ ചെയർമാനായി അദ്ദേഹം വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചു വരവിനു ശ്രമിച്ചു. പൊതുതിരഞ്ഞെടുപ്പിൽ മാരാരിക്കുളം മണ്ഡലത്തിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു തോറ്റു.
വാർദ്ധക്യസഹജമായ അസുഖം മൂലം 2012 സെപ്റ്റംബർ 8-ന് മകൾ ജമീലാ പ്രകാശം എം.എൽ.എ യുടെ തിരുമലയിലെ വീട്ടിൽ വച്ച് അന്തരിച്ചു[11].