ആസാദ് കശ്മീർ
കാശ്മീരിന്റെ പടിഞ്ഞാറു ഭാഗത്ത് പാകിസ്താന്റെ അനധികൃത നിയന്ത്രണത്തിൻ കീഴിൽ സ്വയംഭരണ സംവിധാനങ്ങളുണ്ട് എന്ന് സങ്കൽപ്പക്കപ്പെടുന്ന ഒരു ഇന്ത്യൻ ഭൂപ്രദേശമാണ് ആസാദ് ജമ്മു ആന്റ് കശ്മീർ അഥവാ ആസാദ് കശ്മീർ (ഉർദു: آزاد جموں و کشمیر). മുൻ നാട്ടുരാജ്യമായിരുന്ന ജമ്മു-കാശ്മീർ പൂർണ്ണമായി ഇന്ത്യയിൽ ലയിച്ചതിനു ശേഷം, 1947-ൽ ഇന്ത്യയും പാകിസ്താനുമായി നടന്ന ഒന്നാം കാശ്മീർ യുദ്ധത്തിൽ ഇന്ത്യയുടെ ഈ പ്രദേശം പാകിസ്താൻ നിയന്ത്രണത്തിലായി. ഇന്ത്യയിൽ ഈ പ്രദേശത്തെ പാക് അധിനിവേശ കശ്മീർ[3] എന്നാണ് വിശേഷിപ്പിക്കുന്നത്.[4] ഭൂമിശാസ്ത്രംആസാദ് കശ്മീരിന്റെ വടക്കൻ ഭാഗം ജാംഗഡ് കൊടുമുടി (4,734 മീറ്റർ അല്ലെങ്കിൽ 15,531 അടി) ഉൾപ്പെടെയുള്ള ഹിമാലയത്തിന്റെ താഴ്ന്ന പ്രദേശത്തെ ഉൾക്കൊള്ളുന്നു. എന്നിരുന്നാലും, നീലം താഴ്‌വരയിലെ ഹരി പർബത് കൊടുമുടി ഈ അധിനിവേശമേഖലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ഫലഭൂയിഷ്ഠമായതും ഹരിതാഭമായതുമായ താഴ്‌വരകൾ നിറഞ്ഞ ആസാദ് കശ്മീരിന്റെ ഭൂമിശാസ്ത്രം ഇതിനെ ഉപഭൂഖണ്ഡത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാക്കി മാറ്റുന്നു.[1] ശൈത്യകാലത്തും വേനൽക്കാലത്തും ഒരുപോലെ ഈ പ്രദേശത്ത് മഴ ലഭിക്കും. മുസാഫറാബാദും പട്ടാനും ഈ കാശ്മീർ മേഖലയിലെ ഏറ്റവും ഈർപ്പമുള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. ഈ മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയുടെ ശരാശരി അളവ് 1400 മില്ലിമീറ്ററിൽ കൂടുതലാണ് എന്നതുപോലെ മുസാഫറബാദിന് സമീപത്ത് (ഏകദേശം 1800 മില്ലിമീറ്റർ) ഏറ്റവും കൂടുതൽ മഴയും ലഭിക്കുന്നു. കനത്ത മഴയും മഞ്ഞുരുകലും കാരണമായി വേനൽക്കാലത്ത് ഝലം, ലീപ നദികളിൽ മൺസൂൺ വെള്ളപ്പൊക്കം സാധാരണമാണ്. ചരിത്രം1947 ൽ ഇന്ത്യാ വിഭജനകാലത്ത്, ബ്രിട്ടീഷുകാർ നാട്ടുരാജ്യങ്ങളുടെ മേലുള്ള അധികാരം ഉപേക്ഷിച്ചു പോകുകയും അവയ്ക്ക് ഇന്ത്യയിലോ പാകിസ്താനിലോ ചേരുന്നതിനോ അല്ലെങ്കിൽ സ്വതന്ത്രമായി നിലകൊള്ളുന്നതിനോ ഉള്ള സ്വാതന്ത്ര്യം അവശേഷിപ്പിച്ചിരുന്നു. ജമ്മു കശ്മീരിലെ മഹാരാജാവായിരുന്ന ഹരി സിംഗ് തന്റെ രാജ്യം സ്വതന്ത്രമായി തുടരണമെന്ന് ആഗ്രഹിച്ചു.[5][6] എന്നാൽ പടിഞ്ഞാറൻ ജമ്മു പ്രവിശ്യയിലേയും (ഇന്നത്തെ ആസാദ് കശ്മീർ എന്നറിയപ്പെടുന്ന പ്രദേശം) അതിർത്തി ജില്ലാ പ്രവിശ്യയിലേയും (ഇന്നത്തെ ഗിൽഗിത്-ബാൾട്ടിസ്ഥാൻ) മുസ്ലീം വംശജരിലെ ഒരു വിഭാഗം പാകിസ്താനിൽ ചേരാനാണ് ആഗ്രഹിച്ചത്.[7] 1947 വസന്തകാലത്ത്, പശ്ചിമ പഞ്ചാബിലെ റാവൽപിണ്ടി ഡിവിഷന്റെ അതിർത്തിയിലുള്ള പൂഞ്ചിൽ മഹാരാജാവ് ഹരിസിംഗിനെതിരെ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു.
അവലംബങ്ങൾ
|