അല്ലെഗെനി ദേശീയ വനം
അല്ലെഗെനി ദേശീയ വനം പിറ്റ്സ്ബർഗിൽ നിന്ന് ഏകദേശം 100 മൈൽ വടക്കുകിഴക്കായി പെൻസിൽവാനിയയുടെ, വടക്കുപടിഞ്ഞാറൻ മേഖലയിലെ ഒരു ദേശീയ വനമാണ്. ഈ ദേശീയ വനം 513,175 ഏക്കർ (801.8 ചതുരശ്ര മൈൽ; 2,076.7 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. ദേശീയ വനാതിർത്തിക്കുള്ളിലായി സ്ഥിതിചെയ്യുന്ന കിൻസുവ അണക്കെട്ട്, അല്ലെഗെനി നദിയുടെ ഒഴുക്കിനെ തടഞ്ഞുകൊണ്ട് അല്ലെഗെനി റിസർവോയർ രൂപീകരിക്കുന്നു. അല്ലെഗെനി ദേശീയ വനത്തിൻറെ ഭരണകേന്ദ്രം വാറൻ നഗരത്തിലാണുള്ളത്. രണ്ട് റേഞ്ചർ സ്റ്റേഷനുകളുള്ള അല്ലെഗെനി ദേശീയ വനത്തിലെ ഒരു സ്റ്റേഷൻ ഫോറസ്റ്റ് കൗണ്ടിയിലെ മാരിയൻവില്ലിലും മറ്റൊന്ന് മക്കീൻ കൗണ്ടിയിലെ ബ്രാഡ്‌ഫോർഡിലുമാണുള്ളത്. പെൻസിൽവാനിയയിലെ എണ്ണ-പ്രകൃതിവാതക മേഖലയുടെ ഹൃദയഭാഗത്താണ് അല്ലെഗെനി ദേശീയ വനത്തിൻറെ സ്ഥാനം. പെൻസിൽവാനിയയിലെ ടൈറ്റസ്‌വില്ലിൽ അമേരിക്കൻ ഐക്യനാടുകളിലെ ആദ്യ വാണിജ്യ എണ്ണക്കിണർ സ്ഥാപിച്ച സ്ഥലത്തു നിന്ന് ഏകദേശം 40 മൈൽ (64 കിലോമീറ്റർ) മാത്രം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. 1981-ൽ, സംസ്ഥാനത്തിന്റെ അസംസ്‌കൃത എണ്ണയുൽപ്പാദനത്തിന്റെ 17 ശതമാനവും വനാതിർത്തിക്കുള്ളിലെ സ്വകാര്യ വ്യക്തികൾ നേടിയ ധാതു ഖനനാവകാശങ്ങളിൽ നിന്നായിരുന്നു. അവലംബം
|