ഈജിപ്തിലെ അവസാനത്തെ തുർക്കി വൈസ്രോയിരുന്നു അബ്ബാസ് ഹിൽമി II. 1874 ജൂലൈ 14-ന് മുഹമ്മദ്തൗറഫീഖ്പാഷയുടെ പുത്രനായി ജനിച്ചു. പിതാവിന്റെ മരണസമയത്ത് വിയന്നയിൽ ഒരു വിദ്യാർഥിയായിരുന്ന അബ്ബാസ് ഹിൽമി, 18-ആമത്തെ വയസ്സിൽ ഈജിപ്തിന്റെ ഭരണാധികാരിയായി. ബ്രിട്ടിഷ് വിരുദ്ധമനോഭാവം ഈജിപ്തിൽ ശക്തി പ്രാപിച്ചുകൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. അബ്ബാസ് ഹിൽമി പാഷ ദേശീയചിന്താഗതിയെ അനുകൂലിച്ചിരുന്നു. തത്ഫലമായി ഈജിപ്തിലെ ബ്രിട്ടിഷ് പ്രതിനിധിയായിരുന്ന ക്രോമർ പ്രഭുവിന്റെയും അദ്ദേഹത്തിന്റെ പിൻഗാമിയായിരുന്ന കിച്ച്നർ പ്രഭുവിന്റെയും ശക്തമായ എതിർപ്പുകൾക്ക് ഇദ്ദേഹം പാത്രമായി. പക്ഷേ, ഹിൽമിയുടെ ഇംഗ്ലണ്ടു സന്ദർശനത്തിനുശേഷം (1900) ഈ നയത്തിൽ ചെറിയൊരു വ്യതിയാനമുണ്ടായി. സ്വാഭാവികമായ നീതിക്രമം പടുത്തുയർത്തുന്നതിലും നികുതി ഇളവു ചെയ്യുന്നതിലും തത്പരനായിരുന്ന അബ്ബാസ് ഹിൽമി അസ്വാനിലെ ജലസേചനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിലും വിദ്യാഭ്യാസ പുരോഗതി കൈവരുത്തുന്നതിലും ഉത്സുകനായിരുന്നു.
ഒന്നാംലോകയുദ്ധം ആരംഭിച്ചപ്പോൾ അബ്ബാസ് ഹിൽമി ഇസ്താംബൂളിൽ ആയിരുന്നു. ഈജിപ്ത് കൈയടക്കി വച്ചിരുന്ന ബ്രിട്ടനെതിരായി യുദ്ധം ചെയ്യാൻ ഇദ്ദേഹം ഈജിപ്തുകാരെ ആഹ്വാനം ചെയ്തു. ഈജിപ്തിലും സുഡാനിലും ഇദ്ദേഹം ചില സാമ്പത്തിക സാമൂഹിക പരിഷ്കാരങ്ങൾ നടപ്പിൽ വരുത്തി. ഇദ്ദേഹം ബെർബറും ഖാർത്തൂമും സന്ദർശിച്ചു (1901-02). 1909-ൽ സുഡാനിൽ പുതിയൊരു തുറമുഖം തുറന്നു. 1914 ജൂലൈയിൽ ഒരു ഈജിപ്ഷ്യൻ വിദ്യാർഥി ഇദ്ദേഹത്തെ വെടിവച്ച് പരിക്കേല്പിച്ചു.
ബ്രിട്ടൻ ഈജിപ്തിന്റെ സംരക്ഷണാധികാരം ഏറ്റെടുക്കുകയും അബ്ബാസ് ഹിൽമിയെ 1914 ഡിസംബർ 19-ന് സ്ഥാനഭ്രഷ്ടൻ ആക്കുകയും ചെയ്തു. 1922-ൽ ഈജിപ്ത് പരമാധികാരമുള്ള ഒരു സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടതോടെ അബ്ബാസിന്റെ ഈജിപ്തിലേക്കുള്ള പ്രവേശനം നിരോധിക്കപ്പെട്ടു. തുടർന്ന് സ്വിറ്റ്സർലൻഡിൽ താമസമാക്കി. 1944 ഡിസംബർ 20-ന് ജനീവയിൽവച്ച് അബ്ബാസ് ഹിൽമി II അന്തരിച്ചു. ഇദ്ദേഹം രചിച്ച കൃതിയാണ്, എ ഫ്യു വേഡ്സ് ഒൺ ദ് ആംഗ്ലോ-ഈജിപ്ഷ്യൻ സെറ്റിൽമെന്റ് (A Few Words on the Anglo-Egyptian Settlement).