അബൂ ഹനീഫ
ഇസ്ലാമിക നിയമസംഹിതകളുടെ വിധാതാക്കളിൽ പ്രമുഖനായിരുന്നു അബൂ ഹനീഫാ ഇമാം എന്ന നുഅ്മാനുബ്‌നു സാബിത് (ക്രി.വ. 699 - 765). (മറ്റു മൂന്നുപേർ ഷാഫി, മാലിക്ക്, ഹംബൽ എന്നിവരാണ്.) ഇവർ ക്രോഡീകരിച്ച ആചാരമര്യാദക്രമങ്ങളാണ് മുസ്ലിങ്ങൾ പൊതുവേ പിന്തുടരുന്നത്. ഇസ്ലാമിലെ ആദ്യത്തെ മദ്‌ഹബായ ഹനഫി മദ്‌ഹബിന്റെ സ്ഥാപകനാണിദ്ദേഹം. ഇറാഖിലെ കൂഫയിലാണ് അദ്ദേഹം ജനിച്ചത്. മാലികി മദ്‌ഹബിന്റെ സ്ഥാപകനായ മാലികിബ്നു അനസ് അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. ഷിയാപണ്ഡിതനായ ജഅ്ഫർ അസ്സ്വാദിഖായിരുന്നു (ജാഫറുസ്സാദിഖ്) അദ്ദേഹത്തിന്റെ ആദ്യകാല ഗുരു. പിന്നീട് ഷിയാ വിഭാഗക്കാരുടേതിൽനിന്ന് വ്യത്യസ്തമായ ഒരു നിയമക്രമം ഇദ്ദേഹം രൂപപ്പെടുത്തി. തന്റെ കാലത്തു നടന്ന രാഷ്ട്രീയമായ ചേരിതിരിവുകളിൽ ഇദ്ദേഹം പ്രവാചകന്റെ കുടുംബത്തോടാണ് കൂറ് പുലർത്തിയത്. പ്രവാചകന്റെ ജീവിതസമ്പ്രദായങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനം നടത്തിയ അബൂ ഹനീഫ പ്രവാചക വചനങ്ങളെന്ന് പൊതുവെ കരുതപ്പെട്ടവയിൽ പലതും അടിസ്ഥാനരഹിതമെന്നു മനസ്സിലാക്കി തള്ളിക്കളഞ്ഞു. തന്റെ നിയമക്രമം രൂപപ്പെടുത്തുന്നതിൽ ഖുർആൻ പാഠങ്ങളെയാണ് ഇദ്ദേഹം മുഖ്യമായി ആശ്രയിച്ചത്. അനുമാനങ്ങളുടെയും സങ്കല്പങ്ങളുടെയും സ്ഥാനത്ത് വ്യക്തവും ക്രോഡീകൃതവുമായ ഒരു നിയമസംഹിത ഇദ്ദേഹം തയ്യാറാക്കി. അബൂഹനീഫയുടെ നിർദ്ദേശങ്ങളാണ് ഇന്നും ലോകത്തിലെ വലിയൊരു വിഭാഗം മുസ്ലിങ്ങൾ മതകാര്യങ്ങളിൽ സ്വീകരിക്കുന്നത്. അഫ്ഗാനിസ്താൻ, വടക്കേ ഇന്ത്യ, തുർക്കി, മധ്യേഷ്യ, ഈജിപ്റ്റ് എന്നിവിടങ്ങളിലെ മുസ്ലിങ്ങൾ അധികവും ഹനഫി മദ്ഹബ് പിൻതുടരുന്നവരാണ്. അബ്ബാസി ഖലീഫയായിരുന്ന മൻസ്വൂർ അബൂഹനീഫയെ മുഖ്യന്യായാധിപനാകാൻ ക്ഷണിച്ചുവെങ്കിലും അദ്ദേഹം അത് നിരസിച്ചു. പ്രകോപിതനായ മൻസ്വൂർ അദ്ദേഹത്തെ തുറുങ്കിലടച്ചു. അബൂഹനീഫയുടെ ശിഷ്യനായ അബൂ യൂസുഫാണ് ഒടുവിൽ മുഖ്യന്യായാധിപനായത്. കാരാഗൃഹത്തിൽ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു. ഇമാം മാലികിനു പുറമെ അബ്‌ദുല്ലാഹിബുനു മുബാറക്ക്, ഇമാം ലൈസ് തുടങ്ങിയവരും അബൂഹനീഫയുടെ ശിഷ്യന്മാരായിരുന്നു. അവലമ്പം
[[വർഗ്ഗം:വിഷബാധയേറ്റ് |