നാഗ്പൂരിലെ മുൻഭരണാധികാരിയായിരുന്നു അപ്പാസാഹിബ്. നാഗ്പൂർ രാജാവായ രഘുജിഭോൺസ്ളെയുടെ നിര്യാണാനന്തരം ബുദ്ധിമാന്ദ്യം സംഭവിച്ച പർസാജി രാജാവായപ്പോൾ അപ്പാസാഹിബ് റീജന്റായി. 1816 മേയിൽ നാഗ്പൂർ സബ്സിഡിയറി സഖ്യത്തിൽ ഒപ്പുവച്ചു. പർസാജിയെ വധിച്ചശേഷം നാഗ്പൂരിൽ സ്വയം അധികാരം ഏറ്റെടുത്ത അപ്പാസാഹിബ് മൂന്നാം മറാഠായുദ്ധത്തെ (1817-18) ത്തുടർന്ന് നാഗ്പൂരിലെ ബ്രിട്ടിഷ് റസിഡന്റിന്റെ ആസ്ഥാനം ആക്രമിച്ചു. 1817 ഡിസംബർ 16-ന് സീതാബർദിയിൽ നിലയുറപ്പിച്ചിരുന്ന ഇംഗ്ലീഷുസൈന്യം അപ്പാസാഹിബിനെ തോല്പിച്ചതിനെത്തുടർന്ന് അപ്പാസാഹിബ് പഞ്ചാബിൽ അഭയം തേടി. 1818 സന്ധിയനുസരിച്ച് നർമദാനദിക്ക് വടക്കുള്ള പ്രദേശം ഇംഗ്ലീഷുകാർക്ക് വിട്ടുകൊടുക്കേണ്ടിവന്നു. നാട്ടിലേക്കു മടങ്ങിവന്ന അപ്പാസാഹിബ് ശേഷിച്ച പ്രദേശത്തെ നാമമാത്രഭരണാധികാരിയായി. പേഷ്വാബാജിറാവു II-ആമനുമായി ബ്രിട്ടീഷുകാർക്കെതിരായി ഗൂഢാലോചന നടത്തിയെന്നാരോപിച്ചുകൊണ്ട് ബ്രിട്ടീഷുകാർ ഇദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി. 1848 ഏപ്രിൽ 5-ന് അപ്പാസാഹിബ് നിര്യാതനായി.
പുറംകണ്ണികൾ
- [1] House of Commons papers, Volume 8
- [2] The modern traveller: a popular description, geographical ..., Volume 3