അണിയറനാടകം, നൃത്തം, തുള്ളൽ, കഥകളി തുടങ്ങിയ നാട്യകലാപ്രദർശനങ്ങളിൽ പങ്കെടുക്കുന്ന നടീനടൻമാർക്ക് അണിഞ്ഞൊരുങ്ങാൻ രംഗവേദിക്കു സമീപം തയ്യാറാക്കുന്ന ചമയമുറിയാണ് അണിയറ. 'അണിയുന്നതിനുള്ള അറ' എന്നാണ് ഇതിന്റെ ശബ്ദാർഥം. സ്ഥലലഭ്യതയനുസരിച്ച് സാധാരണയായി രംഗവേദിക്ക് തൊട്ടു പിന്നിലോ വശങ്ങളിലോ ആയാണ് അണിയറകൾ സജ്ജമാക്കുക. ഒരു നടനോ നടിയോ അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രങ്ങളെ യഥാതഥമാക്കുവാൻ ആവശ്യമായ വേഷഭൂഷാദികളും എത്രയും വേഗം രംഗത്ത് ഒരുക്കേണ്ട ഉപകരണങ്ങളും അണിയറകളിൽ തയ്യാറായിരിക്കും. വേഷാലങ്കാരങ്ങൾക്കു പുറമേ നടീനടൻമാർക്കണിയേണ്ട ചായങ്ങൾ, ചൂർണങ്ങൾ തുടങ്ങിയവയും ചിലപ്പോൾ രംഗത്തിലെ പ്രകാശസംവിധാനം ആസൂത്രണം ചെയ്യാനുള്ള ഉപകരണങ്ങളും അണിയറകളിൽ യഥാസ്ഥാനങ്ങളിൽ വയ്ക്കുന്നു. ആധുനിക ദൃശ്യകലാപ്രകടനങ്ങളിൽ സങ്കീർണമായ പല സംവിധാനക്രമങ്ങളുടെയും സജ്ജീകരണങ്ങളുടെയും ഇരിപ്പിടമാണ് അണിയറ. പ്രാചീനകാലങ്ങളിലും ഇതിന് സർവതോമുഖമായ പ്രാധാന്യം കല്പിച്ചിരുന്നു എന്നതിന് -
എന്നു തുടങ്ങിയ കാവ്യപരാമർശങ്ങൾ തെളിവാണ്. രംഗസംവിധാനത്തെപ്പറ്റി പ്രതിപാദിക്കുന്ന കൂട്ടത്തിൽ ഭരതമുനിയുടെ നാട്യശാസ്ത്രം അണിയറയുടെ കാര്യവും വിവരിക്കുന്നുണ്ട്. പ്രാചീനഗ്രീക് നാടകവേദിയുടെ സംവിധാനത്തെപ്പറ്റി സമഗ്രമായ പ്രതിപാദനം അരിസ്റ്റോട്ടിലിന്റെ കാവ്യമീമാംസയിൽ കാണാം. യൂറോപ്പിലെ നവോത്ഥാനഘട്ടം, ഇംഗ്ലണ്ടിലെ എലിസബത്തൻ കാലം തുടങ്ങിയ വിവിധ ദശകളിലൂടെ വികസിച്ച പാശ്ചാത്യനാടകവേദി വിദ്യുച്ഛക്തിയുടെ കണ്ടുപിടിത്തത്തോടു കൂടി 20-ാം ശതകത്തിന്റെ ഉത്തരാർധത്തിലായപ്പോഴേക്കും അവിശ്വസനീയമായ പല പരിവർത്തനങ്ങൾക്കും രംഗമൊരുക്കിക്കഴിഞ്ഞു. പരമാവധി യാഥാതഥ്യബോധം ഉണ്ടാക്കുക എന്ന പുതിയ പ്രവണതയുടെ ഫലമായി അണിയറയുടെ സജ്ജീകരണങ്ങൾ കുറഞ്ഞുവരുന്ന ഒരു പ്രതിഭാസമാണ് ആധുനികകാലത്ത് കണ്ടുവരുന്നത്.
|