അഡ്‌മിറാലിറ്റി ദ്വീപുകൾ![]() തെക്കുപടിഞ്ഞാറൻ ശാന്തസമുദ്രത്തിലുള്ള നാല്പതോളം ദ്വീപുകളുടെ പൊതുനാമധേയമാണ് അഡ്‌മിറാലിറ്റി ദ്വീപുകൾ. തെക്കേ അക്ഷാംശം 1o50'-നും 3o-യ്ക്കുമിടയ്ക്കും കിഴക്കേ രേഖാംശം 146o-യ്ക്കും 148o-യ്ക്കുമിടയ്ക്കും സ്ഥിതിചെയ്യുന്നു. പാപുവ ന്യൂഗിനിയയുടെ ഭാഗമായ അഡ്മിറാലിറ്റിദ്വീപുകൾക്ക് മൊത്തം സുമാർ 207 ച.കി.മീ. വിസ്തീർണമുണ്ട്. ഏറ്റവും വലിയ ദ്വീപായ മനൂസിനു മാത്രം 1550 ച.കി.മീ. വിസ്തീർണമുണ്ട്. ഇത് ഒരു അഗ്നിപർവതദ്വീപാണ്; മറ്റുള്ളവ മിക്കവാറും അടോലുകളും കോറൽദ്വീപുകളും. മനൂസ് ദ്വീപിന്റെ കിഴക്കരികിലെ വീതികുറഞ്ഞ കടൽതീരവും നദീതാഴ്വരകളുമൊഴികെ ബാക്കിയുള്ള പ്രദേശം നിമ്നോന്നതമായ നിബിഡവനങ്ങളാണ്. ഏറ്റവും കൂടിയ ഉയരം 720 മീ. ഇവിടത്തെ ജനങ്ങൾ മെലേനേഷ്യൻ വർഗക്കാരാണ്. വെള്ളക്കാർ നന്നേ കുറവാണ്. തെങ്ങുകൃഷിയാണു മുഖ്യം; മത്സ്യബന്ധനവും മുത്തുച്ചിപ്പി ശേഖരണവുമാണ് ദ്വീപുവാസികളുടെ മറ്റു പ്രധാന ഉപജീവനമാർഗങ്ങൾ. കൊപ്രയും ചിപ്പിയും പ്രധാന ഉത്പന്നങ്ങളാണ്. പട്ടണങ്ങൾ മനൂസ് ദ്വീപിൽമാത്രമാണുള്ളത്. ദ്വീപിന്റെ വടക്കുകിഴക്കു കോണിലെ നൈസർഗിക തുറമുഖമായ സീഡ്ലെൻ ആധുനികരീതിയിൽ വികസിപ്പിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ ആസ്ഥാനമായ ലോറെൻഗാ ഇതിനടുത്ത് സ്ഥിതിചെയ്യുന്നു. ഡച്ച് നാവികനായ വില്യം കോർണീലിയസ് ഷുറ്റനാണ് ഈ ദ്വീപുകൾ കണ്ടെത്തിയത് (1616). ഏതാണ്ട് 65 വർഷങ്ങൾക്കുശേഷം യൂറോപ്യർ ഇവിടെ കുടിയേറ്റം തുടങ്ങി. 1884-ൽ ജർമൻകാരും 1914-ൽ ആസ്ടേലിയക്കാരും 1942-ൽ ജപ്പാൻകാരും ഈ ദ്വീപുകൾ കൈവശപ്പെടുത്തി. 1944-ൽ സഖ്യകക്ഷികളുടെ അധീനതയിലായതോടെ അഡ്മിറാലിറ്റി ദ്വീപുകൾ അമേരിക്കൻ നാവികപ്പടയുടെ ഒരു സങ്കേതം ആയിത്തീർന്നു. ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശം അനുസരിച്ച് ആസ്ട്രേലിയ ഈ ദ്വീപുകളുടെ ഭരണം നിർവഹിച്ചിരുന്നു. 1975-ൽ പപ്പുവ ന്യൂഗിനിയയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ ദ്വീപുകൾ അതിന്റെ ഭാഗമായി. അവലംബം
|