അക്ഷതലം
ഒരു വലനത്തെ (fold) പ്രതിസമമായി വിഭജിക്കുന്ന തലത്തിനു ഭൂവിജ്ഞാനീയത്തിൽ നൽകപ്പെട്ടിരിക്കുന്ന പേരാണ് അക്ഷതലം. (transverse plane , horizontal plane, axial plane, transaxial plane) മിക്കവാറും വലനങ്ങളിൽ അക്ഷതലം ഊർധ്വതന(vertical) മായിരിക്കും; ചിലപ്പോൾ ചരിഞ്ഞും തിരശ്ചീന (horizontal) മായും കാണപ്പെടാറുണ്ട്. സാധാരണയായി അക്ഷതലം നിരപ്പുള്ളതായിരിക്കും; വക്രിച്ചും ആകാം. അക്ഷതലത്തിന്റെ സ്വഭാവം നിർണയിക്കുന്നത് വലിതസ്തരങ്ങളുടെ (folder beds) നതിയും (dip) നതിലംബ(strike)വും ആണ്. സ്തരങ്ങളുടെ നതിയോ നതിലംബമോ രണ്ടുംചേർന്നോ അവിടവിടെ വ്യത്യാസപ്പെടുമ്പോൾ അക്ഷതലം വക്രിച്ചു കാണുന്നു.
ഏറിയകൂറും അക്ഷം വലനത്തിലെ ഏറ്റവും ഉയർന്ന ഭാഗത്തെ - ശീർഷം (crest), ഖണ്ഡിക്കുന്നു. ഓരോ സ്തരത്തിനും അതതിന്റെ ശീർഷമുണ്ടാകും. ആ ശീർഷങ്ങളിലൂടെ കടന്നുപോകുന്ന തലമാണ് ശീർഷതലം (crestal plane) സാധാരണഗതിയിൽ ശീർഷവും അക്ഷവും തമ്മിലുള്ളവ്യത്യാസം പരിഗണനയിലെത്തുന്നില്ല. എന്നാൽ പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ നിക്ഷേപങ്ങളിൽ ഈ വ്യത്യാസം പ്രകടമാണ്. ഇവിടെ അക്ഷത്തെയും അക്ഷതലത്തെയുംകാൾ ശീർഷത്തിനും ശീർഷതലത്തിനുമാണു പ്രാ മുഖ്യം. സമവലന(symmetric fold)ങ്ങളിൽ അക്ഷതലം ഊർധ്വതനമായിരിക്കും; അസമവലന(asymmetric fold)ങ്ങളിൽ ചരിഞ്ഞുകാണുന്നു. ശയനവലന(recumbent fold)ങ്ങളിലാവട്ടെ അക്ഷതലം തിരശ്ചീനമാണ്. നോ: അപനതി; അഭിനതി; വലനം
|