അക്വാലങ്![]() ![]()
മുങ്ങൽ വിദഗ്ദ്ധർക്ക് മണിക്കൂറുകളോളം വെളളത്തിനടിയിൽ നീന്താൻ സഹായിക്കുന്ന ശ്വസനോപകരണമാണ് അക്വാലങ് അഥവാ സ്കൂബ (self-contained underwater breathing apparatus ("SCUBA")). വെള്ളത്തിനടിയിൽ ശ്വസിക്കുന്നതിന് ആവശ്യമായ ഉപകരണത്തോടു കൂടിയ മുങ്ങലാണ് സ്കൂബ ഡൈവിംഗ്.[1][2] വെള്ളത്തിനു മുകളിൽ നീന്താനും ഊളിയിട്ട് വെള്ളത്തിനടിയിലേയ്ക്ക് കുതിക്കാനും പണ്ടുമുതൽക്കേ മനുഷ്യനു കഴിഞ്ഞിരുന്നു. എന്നാൽ പ്രത്യേക വൈദഗ്ദ്ധ്യം നേടിയ ചിലരൊഴിച്ചാൽ മറ്റുള്ളവർക്കൊന്നും തന്നെ വെള്ളത്തിനടിയിൽ അധികനേരം ചെലവഴിക്കാൻ സാധിച്ചിരുന്നില്ല. നീന്തൽക്കാരന് വെള്ളത്തിനടിയിൽ വച്ച് ആവശ്യത്തിന് ഓക്സിജൻ എത്തിച്ചു കൊടുക്കാൻ കഴിയുന്ന ഉപകരണത്തിനു വേണ്ടിയുള്ള അന്വേഷണം പത്തൊമ്പതാം നൂറ്റാണ്ടിലാണ് തുടങ്ങുന്നത്. ചെമ്പു കൊണ്ടുണ്ടാക്കിയ ഒരു തരം ഹെൽമെറ്റായിരുന്നു ഇവയിൽ ആദ്യത്തെ കണ്ടുപിടിത്തം. എന്നാൽ താരതമ്യേന ഭാരക്കൂടുതലുണ്ടായിരുന്ന ഈ ഉപകരണം പലപ്പോഴും നീന്തലിന് ഭംഗം സൃഷ്ടിച്ചു. ഇതിനെതുടർന്ന് ഭാരം കുറഞ്ഞ ഒരു ശ്വസനോപകരണം നിർമ്മിക്കാൻ ശാസ്ത്രജ്ഞരും നാവികരും ശ്രമം തുടങ്ങി. 1879-ൽ ബ്രിട്ടീഷ് ഡിസൈനറായിരുന്ന എച്ച്. എ. ഫ്ളിയസ് [3] വായു നിറച്ച് നീന്തൽക്കാരന്റെ പുറത്തു കെട്ടിവയ്ക്കാവുന്ന സഞ്ചി പോലുള്ള ഒരു ഉപകരണം നിർമ്മിച്ചു. നീന്തൽക്കാരന് ആവശ്യമായ ഓക്സിജൻ ഈ സഞ്ചിയിൽ നിന്ന് ലഭിക്കുകയും അയാൾ പുറത്തുവിടുന്ന കാർബൺഡൈഓക്സയിഡ് ഇതേ സഞ്ചിയിൽത്തന്നെ ശേഖരിക്കുകയും ചെയ്യുന്ന സംവിധാനമായിരുന്നു ഇത്. പൊട്ടാസ്യം ഹൈഡ്രോക്സൈഡ് (കോസ്റ്റിക് പൊട്ടാഷ്) കൊണ്ട് ഈ കാർബൺ ഡയോക്സയിഡിനെ പുറന്തള്ളാനും ഈ ഉപകരണത്തിന് കഴിഞ്ഞു. എന്നാൽ ഇവയ്ക്ക് ഡിമാൻഡ് വാൽവ് ഇല്ലാതിരുന്നതിനാൽ സമുദ്രത്തിന്റെ അടിത്തട്ടിലേയ്ക്കൊന്നും ഊളിയിട്ടു പോകാൻ ഈ ഉപകരണം ഘടിപ്പിച്ചയാൾക്ക് കഴിയില്ലായിരുന്നു. ഒന്നും രണ്ടും മഹായുദ്ധക്കാലത്ത് ജർമ്മനിയും ഇംഗ്ലണ്ടും വിവിധയിനം അക്വാലങ്ങുകൾ ഉപയോഗിച്ചു. എന്നാൽ ഇവയൊന്നും അത്രയേറെ കുറ്റമറ്റതല്ലാതിരുന്നതിനാൽ ഇവയെ വിശ്വസിക്കുക പ്രയാസമായിരുന്നു. ആയിടെയാണ് ഫ്രഞ്ച് നാവികൻ ജാക്വിസ് വെസ്റ്റ് കോസ്റ്റിയോയും എഞ്ചിനീയറായ എമിൽ ഗാഗ്നനും അക്വാലങ്ങിന്റെ പരീക്ഷണത്തിലേർപ്പെട്ടത്. ആദ്യകാല അക്വാലങ്ങുകൾ പരീക്ഷണ വിധേയമാക്കിയശേഷം 1943-ൽ ഇവർ പ്രയോഗക്ഷമമായ ആദ്യത്തെ അക്വാലങ്ങിന് രൂപംനല്കി. റബ്ബർ കൊണ്ടുള്ള ഒരു പ്രത്യേകതരം ഉടുപ്പ് ധരിക്കുന്ന നീന്തൽക്കാരന്റെ പുറത്ത് ഘടിപ്പിക്കാൻ കഴിയുന്ന വളരെ ഭാരം കുറഞ്ഞ ഒരു ഉപകരണമായിരുന്നു ഇത്. ശ്വസിക്കാനും ഉച്ഛ്വാസവായു പുറത്തുവിടാനുമുള്ള സംവിധാനം ഇവയിൽ ഒരേ പോലെ സമ്മേളിച്ചു. കൂടുതൽ ആഴത്തിലേയ്ക്ക് പോകുന്തോറും വെള്ളത്തിനുണ്ടാകുന്ന മർദ്ദവ്യത്യാസമനുസരിച്ച് ഒരു റെഗുലേറ്റർ വാൽവ് ഉപയോഗിച്ച് ഈ ഉപകരണത്തെ ക്രമീകരിക്കാൻ സാധിയ്ക്കും[4][5]. ചിത്രശാല
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾ
|